മലയാളം കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാളം കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2019 ജൂൺ 29, ശനിയാഴ്‌ച
2019 ജനുവരി 31, വ്യാഴാഴ്‌ച
2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച
2018 ജൂൺ 7, വ്യാഴാഴ്‌ച
ഒരു വാക്ക്...
നന്മ മാസിക,മേയ് ലക്കം
ഒരു വാക്ക്...
--------------
ഒരു വാക്കു മതി-
ഇന്ദ്രിയങ്ങൾക്കു കുളിരുപകരുന്നത് !
മന്ത്രികദണ്ഡ് കൊണ്ടുതൊടുമ്പോൾ
ചലിക്കാൻ തുടങ്ങുന്ന പ്രതിമപോലെ
ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പില്ലാത്തവനെ
എന്റെ ജീവനേയെന്ന് പ്രകാശിപ്പിക്കുന്നത്.
ശൂന്യാകാശത്തിലെന്ന പോലെ
മുതുകുഭാരക്കെട്ടുകൾ
പഞ്ഞിക്കെട്ടുകളാക്കുന്നത്.
നിർഭയത്വത്തിന്റെ മേൽക്കുപ്പായമണിഞ്ഞു
നിത്യതയുടെ കവാടം തുറക്കാനുള്ള താക്കോലാണ്
മരണത്തിന്റെ മാന്ത്രികസുരത വേളയെന്ന്
ഉണ്മയുടെ കാട്ടുപൂവാകുന്നത്.
ചതി,കെണിവെച്ചു പതിയിരിക്കുന്ന
ഇരുളിടങ്ങളിൽ നിന്ന്
വെളിച്ചത്തെ അരിച്ചെടുക്കാൻ
വിവേകത്തിന്റെ അരിപ്പയാകുന്നത്.
കനൽ മൂടിയ മനഃസ്ഥലിയിലേയ്ക്ക്
ഇടയ്ക്കെപ്പോഴോ ഇറ്റിറ്റു വീണ
ഹിമകണങ്ങൾ മാത്രമേ
ഓർമ്മയിലുള്ളൂ എന്നിരിക്കേ
പറയൂ...
ലിപിഭാരമില്ലാത്ത
വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
ആ വാക്ക് പറയാൻ
ആരാണുള്ളത്..?
2018 ഏപ്രിൽ 3, ചൊവ്വാഴ്ച
ചില ദേശീയതകള്‍
അർത്ഥം മാസിക-മാർച്ച് 2018
ചില ദേശീയതകള്‍
ആര്‍ക്കുമാര്‍ക്കും തീറെഴുതിയിട്ടില്ല.
ആരുടേയും ചിഹ്നനങ്ങളില്‍ ബന്ധിച്ചിട്ടില്ല.
കൊടുക്കല്‍വാങ്ങലുകളുടെ
കണക്കുസൂക്ഷിപ്പുകളില്ല.
സംസ്കൃതികള്‍ പടുത്തുയര്‍ത്തിയവര്‍
നിശ്ശബ്ദമായി പിന്‍വാങ്ങിയ
ഇടങ്ങളിലേയ്ക്കാണ്
ഞങ്ങളുടെ ഭൂതകാലമേയെന്ന
അവരുടെ അധിനിവേശം.
ഞങ്ങളുടെ സ്വന്തമേയെന്ന്‍
തടവറയ്ക്കുള്ളിലടക്കല്‍.
എന്റെതെന്നും നിന്റെതെന്നുമുള്ള
പാഴ്വരകളെ നിഷേധിച്ചു കൊണ്ട്
സ്ഥലകാലങ്ങളില്‍ തളച്ചിടാനാകാത്ത
അനാദിയായ പ്രവാഹം
ഒഴുകിയ ഇടങ്ങളിലൊക്കെ
അടയാളപ്പെട്ടു കിടക്കും.
മറ്റാരൊക്കെയോ വിട്ടേച്ചുപോയ
ഒരതിര്‍ത്തിക്കുള്ളിലും
ഒതുങ്ങാന്‍ കൂട്ടാക്കാത്തവയില്‍
ചിലതുമാത്രം പെറുക്കിയെടുത്തു
ചിലരുടെ അകത്തളങ്ങളില്‍
കുടിയിരുത്താനുള്ള പാഴ്ശ്രമത്തില്‍
പിറവി കൊള്ളുന്നൊരു
പുതിയ വര്‍ഗ്ഗമുണ്ട്-അപരര്‍ !
ഞങ്ങളും നിങ്ങളുമെന്ന
തട്ടുകളില്‍ അംഗംവെട്ടി
കൊന്നു ചോരചിന്തി ചുരുങ്ങി
വല്ലാതെ അസംസ്കൃതമായി പോകുന്നുണ്ട്
ചില ദേശീയതകള്‍..
പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എഴുത്തുകാരുടെ കവിതകള്‍ കൂട്ടിച്ചേര്‍ത്തു, ബഹ്‌റൈന്‍ മലയാളി സമാജം പുറത്തിറക്കിയ 'പവിഴമുത്തുകള്‍' എന്ന കവിതാസമാഹാരത്തില്‍ വന്നത്
പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ
*******************************************************************
കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്
ഉയരത്തിലേക്ക് കുതിക്കവേ
നിശ്ചലമായ പക്ഷികൾപോലെ
മങ്ങിയ കിനാചിതറുകളുടെ
വിളറിയ മേഘത്തുണ്ടുകൾ
സ്വപ്നങ്ങളുടെ ഉണക്കിലകളോടൊപ്പം
തീമഴയായ് പെയ്യാൻ കാത്തുനിന്നതാകണം
കൺകോണുകളിൽ നിന്ന്
പടർന്നുയരാൻ വെമ്പിനിൽക്കവേ
നിശ്ചലമായ കരിമേഘങ്ങൾ
കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
പ്രചണ്ഡവാതങ്ങളോട് പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ
കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത നൃത്തമുദ്രകൾ
ഏതോ അസാധാരണരാഗത്തിൻ
തുടക്കത്തിലായിരിക്കണം
ചുണ്ടുകൾ വിറങ്ങലിച്ചു പോയത്
പൂക്കൾ വിതറിയ മെത്തയ്ക്ക് മേൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ
അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകൾ ജലാർദ്രങ്ങളാകുന്നു
നിലവിളികളുടെ മേഘനാദങ്ങൾ
നിസ്സഹായതയുടെ വരണ്ടകാറ്റുകൾ
ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
അപ്പോൾ
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ
നിന്നുള്ള വെളിച്ചപ്പെയ്ത്താരവങ്ങൾ
കവിയുടെ കാതുകൾ പിടിച്ചെടുക്കുന്നു
അയാളുടെ കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു
രണ്ടു കവിതകള്‍
കിളിപ്പാട്ട് മാസിക-മാര്‍ച്ച് ലക്കം
ചില തണൽമരങ്ങളുണ്ട്
കാട്ടുതീ പടർന്നടുക്കുമ്പോഴും
വേർപ്പിന്റെയുപ്പൂറ്റികുടിച്ചു
ഉയരങ്ങൾ കിനാകാണുന്നവ.
ഓർമ്മകളുടെ കിണറാഴങ്ങളിൽ നിന്ന്
ഇന്ധനം നിറച്ച്
കണ്ണീർനനവിൽ പച്ചിച്ച്
ഉഷ്ണശൈത്യങ്ങളെ നെഞ്ചോടടുക്കി
ഊഷരഭൂവിൽ വേരോടുന്നവ.
ദേശങ്ങൾക്കപ്പുറത്തേയ്ക്കു ചില്ലകൾ പടർത്തി
തണൽ പെയ്യുന്നവ
മരത്തിന്റെ മരതകസ്വപ്‌നങ്ങൾ
ആരും അറിയാറില്ല
വിഷാദമർമ്മരങ്ങൾ കേൾക്കാറില്ല
ദ്രവിച്ച വേരുകളുടെ
മരവിച്ച ഞരമ്പുകളിലെ
പുഴുക്കുനീറ്റലിനെ കുറിച്ചോർക്കാറില്ല
ഒടുവിലൊരു നാൾ
ഒരു നിലവിളിയോടെ
മരം മണ്ണിലേയ്ക്ക് പതിക്കുന്നു.
അതവശേഷിപ്പിക്കുന്ന ശൂന്യതയിൽ
വെയിൽ പെറ്റുപെരുകുന്നു
പൊള്ളിപ്പിടയുന്നവർ
തണലോർമ്മയിൽ വേവുന്നു
ഒരു തണൽ നഷ്ടപ്പെടുമ്പോൾ
ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്
ചിലരുടെ നഷ്ടം ഒരുലോകം തന്നെയായിരിക്കും
മരജന്മം
----------------------
ഓരോ മരവും വളരുന്നത്
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്
മരത്തിന്നു ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു തലവെച്ചു കൊടുത്ത്
യാതനാനുഭവത്തിന്റെ
വാർഷികവലയമുറിവുകൾ തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ
തായ് വൃക്ഷങ്ങളെക്കുറിച്ച്
അപ്പോൾ
ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്ന്
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്
തലോടാൻ വന്ന
വസന്ത ഋതുവിനെ കുറിച്ച്
വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന ജീവൻ
മഴുമൂർച്ചകൾക്കുള്ള നൈവേദ്യം മാത്രം
----------------------------------------------
2018 ഫെബ്രുവരി 26, തിങ്കളാഴ്‌ച
കരുതല്‍
മാധ്യമം ചെപ്പ്
കരുതല്‍
------------
വല്ലാതെ വെന്തുപതയുമ്പോൾ
കൂട്ടിക്കൊണ്ടു പോകാൻ
അയാളെത്തും
ഇത്ര കൃത്യമായി
ഇതിനു മുമ്പ്
ആരും വന്നിട്ടില്ലാത്തതു പോലെ
മണ്ണറയിൽ കിടത്തി
കൊഴിഞ്ഞ കണ്ണുകൾ പെറുക്കിയെടുത്ത്
അതിലപ്പോഴും പുതഞ്ഞു കിടക്കുന്ന
വാടിയ നിറക്കാഴ്ചകൾ ചൂണ്ടി
ഇതായിരുന്നു നിന്റെ പിടലിഭാരമെന്ന്
ആശ്വസിപ്പിക്കും
ആഴത്തിൽ തറച്ച മുള്ളുകൾ
ഊരിയെടുക്കും പോലെ
മാംസമൊന്നാകെ ഊരിയെടുത്ത്
ഇതായിരുന്നു നിന്റെ ദുഃഖമെന്ന്
വിസ്മയിപ്പിക്കും
നീറ്റലെന്ന് പൊടിയുമ്പോൾ
മുകളിലെ കുറ്റിച്ചെടി വിശറിയാക്കി
ഒരു കാറ്റിനെക്കൊണ്ട് വീശിത്തരും
മരിച്ചവർക്കൊക്കെ
ഒരേ മുഖമായതുകൊണ്ട്
ആരും പരസ്പരം തിരിച്ചറിയുന്നില്ല
പനിനീർജലത്തിൽ കുളിപ്പിച്ചെടുത്ത
ആത്മാവുകളെ
മേയാൻ വിട്ട ഇടങ്ങളിൽ
കാറ്റിന്റെ പ്രലോഭനങ്ങൾക്കും
തൃഷ്ണകൾ ചിറകിലേറ്റി വരുന്ന
ഋതുഭേദങ്ങൾക്കും വിലക്കുകളുണ്ടാകും
ഭാരമില്ലാഴ്മയുടെ മഹാമൗനമായിരിക്കും
കനൽപ്പഥങ്ങൾ താണ്ടിയവർക്കുള്ള പ്രതിഫലം
അമ്മയെ പടിയിറക്കി വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നന്മ മാസിക
അമ്മയെ പടിയിറക്കി വിടുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-----------------------------------------
അമ്മയെ പടിയിറക്കി വിടുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ
ചെന്നിനായകം പുരട്ടുക
അപശ്രുതി മീട്ടുന്ന
ഹൃദയത്തിനുള്ളിൽ നിന്ന്
പേറ്റുനോവോർമ്മകളുടെ
താളംതെറ്റിയ താരാട്ടുകൾ
തേങ്ങുന്നുവെങ്കിൽ
നന്ദികേടിന്റെ മുഖരത കൊണ്ട്
ചെവി മൂടുക
ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട്
കണ്ണീരുപ്പും ചേർത്ത്
ഇല്ലായ്മകൾ വേവിച്ച
വല്ലായ്മകളുടെ വറുതിനാളുകളിൽ
ശൂന്യതയിലേയ്ക്കു നോക്കി
തേയ്മാനംവന്ന കൺകോണുകളിൽ
സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം...
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം
ആരുമാരും സാന്ത്വനമാകാത്ത നേരങ്ങളിൽ
ഓർമ്മകളിലേയ്ക്ക് മുങ്ങാങ്കുഴിയിടണം.
അമ്മയുടെ മടിയിൽ
കുഞ്ഞായി ചിണുങ്ങണം.
അപ്പോൾ,മെലിഞ്ഞ കൈവിരലുകൾ
മുടിയിഴകൾക്കിടയിൽ
മറ്റെങ്ങും അനുഭവിച്ചിട്ടില്ലാത്ത
സ്നേഹകാവ്യം പകർന്നു തരും.
അത് മതിയാകും
അമ്മയുടെ ഓർമ്മക്കായ്
2018 ജനുവരി 21, ഞായറാഴ്‌ച
ചില ഭ്രാന്തുകള്‍
കവിതായനം മാസിക 2018 ജനുവരി
ചില ഭ്രാന്തുകള്‍
ചില ഭ്രാന്തുകൾ ഗതികേടുകളാണ്.
മാനവും കൊത്തി അവൻ പറന്നപ്പോൾ
മാവിൽ കെട്ടിത്തൂങ്ങിയവൾക്ക് ഭ്രാന്തെന്ന്
മാനാഭിമാനികളുടെ നാട്ടുചർച്ചകൾ.
വിശപ്പ് തീണ്ടി ചത്തവർക്ക് ഭ്രാന്തെന്ന്
'വിശപ്പി'ല്ലാ നിഘണ്ടു ചുമക്കുന്നവർ
ചില ഭ്രാന്തുകൾ കരുതലുകളാണ്.
കൂടെയുരുകിയ
വെറ്റിലച്ചുവയുള്ള നെടുവീർപ്പുകൾക്ക്
പുരയിടോം പറമ്പും തീറെഴുതിവെച്ച്,
മുറ്റത്തെ മാവും മുറിച്ചോണ്ട്,
ഉമ്മറക്കസേരയിലിരുന്ന ചുമ പോയപ്പോൾ
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞവർ പ്രാകി-ഭ്രാന്തൻ
ഇറുത്തു മാറ്റിയ പച്ചത്തുടിപ്പുകൾ
നാക്കുനീട്ടി തിരിച്ചുവരുമെന്ന് പറഞ്ഞ ഭ്രാന്തൻ,
വറ്റിയ തൊണ്ടക്കുഴികളും ഒഴിഞ്ഞ കുടങ്ങളുമായി
തെക്കുവടക്ക് പായുന്നവരെക്കണ്ടു മുഴുഭ്രാന്തനായി
ചില ഭ്രാന്തുകൾ വിപ്ലവങ്ങളാണ്.
ഇരുട്ടുവിഴുങ്ങിയ പ്രാക്തനവഴികളെ വെടിഞ്ഞ്
നവ രജതസഞ്ചാരപഥങ്ങൾ വെട്ടിത്തുറന്ന്
പ്രചണ്ഡവാതങ്ങളെ തടഞ്ഞു നിർത്തി
കാലഗഹ്വരങ്ങളിൽ പതിയിരിക്കുന്ന
ഘനാന്ധകാരത്തെക്കുറിച്ച് താക്കീതേകി
ദിഗ്വിജയം മുഴക്കി...തേർതെളിച്ചങ്ങനെ...
ചില ഭ്രാന്തുകള്‍ വരമാണ്...
ചില ഭ്രാന്തന്മാര്‍ പ്രവാചകരും...
2017 ഡിസംബർ 17, ഞായറാഴ്‌ച
2017 ഒക്‌ടോബർ 29, ഞായറാഴ്‌ച
മൊണാലിസയിൽ നിന്ന് സർബത് ഗുലയിലേയ്ക്കുള്ള ദൂരം
ശാന്തം മാസിക /സപ്തംബർ 2017
santham masika
മൊണാലിസയിൽ നിന്ന്
സർബത് ഗുലയിലേയ്ക്കുള്ള ദൂരം
ഹൃദയാന്തരാളത്തിലെ
ദുഃഖനീലിമയിൽ നിന്ന്
ആധികളുടെ വെള്ളിടികൾ.
കൺകളിലെ നരച്ച ആകാശത്തിൽ
അലയുന്ന വന്ധ്യമേഘങ്ങൾ,
കനൽപ്പറവകൾ.
ബോധത്തിന്റെ ഊഷരനിലങ്ങളിൽ
ഉറക്കുകുത്തിയ
ജഡസ്വപ്നങ്ങൾ
എന്നിട്ടുമവൾ
സഹനത്തിന്റെ മാറാപ്പില്‍ നിന്ന്
ഒരു നിഗൂഢഹാസമെടുത്തണിയുന്നു.
പുഴുക്കുകാറ്റിന്റെ ഗാഢാശ്ലേഷത്തിൽ
വിളറിയ ചുണ്ടുകൾ
വായിലെ ചുടുദ്രവത്തിൽ നനച്ച്
അയാൾക്ക് മുന്നിലൊരു ശിലയാകുന്നു
കാഴ്ചകള്‍ പുറത്തല്ല
അവനവനുള്ളിൽ തന്നെ
എന്നതറിയാത്ത അയാൾ
തേച്ചു മിനുക്കിയ
അവളുടെ ഒരു മുഹൂർത്തം
തന്റെ ഉള്ളിൽ നിന്ന് വാരിയെടുത്ത്
ക്യാൻവാസിൽ തേച്ചുപിടിപ്പിക്കുന്നു
നിഗൂഢനിശ്ചലതയെ
അനശ്വരമാക്കുന്നു വർണ്ണക്കൂട്ടുകൾ.
വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഭാവത്തെ
സൗന്ദര്യത്തിന്റെ അവസാന വാക്കെന്ന്
ലോകം വിസ്മയിക്കുമ്പോൾ
മനസ്സുകളുടെ ചിത്രശാലയില്‍ പടം പൊഴിച്ചിട്ട്
ആരുമറിയാതെ യാതനയുടെ മുൾക്കാടുകളിലേയ്ക്ക്
ഇഴയുന്നു അവൾ
മറ്റു കാലങ്ങളിൽ
മറ്റു ദേശങ്ങളിൽ
അദൃശ്യമായി
പിറവിയുടെ ഭാരം ചുമന്നു
വെറുതെ പൂത്തു കൊഴിയാൻ
മൊണാലിസയിൽ നിന്ന്
പച്ചക്കടൽ കണ്ണുകളിൽ പേറുന്ന
സർബത് ഗുലയിലേയ്ക്കുള്ള പലായനദൂരം
ഒരിക്കലും അളക്കാനാകാതെ
അവളുടെ ഉള്ളിലെ കരിങ്കടൽ നിലവിളികള്‍
കേകേൾക്കാനാകാതെ
ഇപ്പോഴും അവളല്ലാത്ത അവളെ
പകർത്തിക്കൊണ്ടേയിരിക്കുന്നു ചിത്രകാരൻ
2017 സെപ്റ്റംബർ 16, ശനിയാഴ്‌ച
മാപ്പുസാക്ഷി
ഒന്നെന്ന് നെഞ്ചോടുറപ്പിച്ച്
രണ്ടെന്ന് പിളർന്നു പോയ
ചില സങ്കടങ്ങളുണ്ട് !
വെളിച്ചമെന്നു കണ്ട്
നരകം തേടിച്ചെന്ന
നിശാശലഭത്തിന്റെ ഉപമ
എന്റേതെങ്കിലും
കരിയിലക്കാട്ടിലൂടെ
നടക്കുമ്പോൾ
ഇടയ്ക്ക് തലയുയർത്തിനോക്കുന്ന
ഓന്തിനെപ്പോലെ
ഓർമ്മക്കാട്ടിൽ നിന്ന്
ഒന്നെത്തി നോക്കാറുണ്ട് നീയും
പ്രണയം തേടിവന്നു
പ്രാണനും കൊണ്ടു പറന്നകന്ന
വേഷപ്രച്ഛന്നയായ മാലാഖയുടേതല്ല
നിന്റെ ഉപമ;
മാപ്പുസാക്ഷിയുടേതാണ് ....
രണ്ടെന്ന് പിളർന്നു പോയ
ചില സങ്കടങ്ങളുണ്ട് !
വെളിച്ചമെന്നു കണ്ട്
നരകം തേടിച്ചെന്ന
നിശാശലഭത്തിന്റെ ഉപമ
എന്റേതെങ്കിലും
കരിയിലക്കാട്ടിലൂടെ
നടക്കുമ്പോൾ
ഇടയ്ക്ക് തലയുയർത്തിനോക്കുന്ന
ഓന്തിനെപ്പോലെ
ഓർമ്മക്കാട്ടിൽ നിന്ന്
ഒന്നെത്തി നോക്കാറുണ്ട് നീയും
പ്രണയം തേടിവന്നു
പ്രാണനും കൊണ്ടു പറന്നകന്ന
വേഷപ്രച്ഛന്നയായ മാലാഖയുടേതല്ല
നിന്റെ ഉപമ;
മാപ്പുസാക്ഷിയുടേതാണ് ....
2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച
കാടിന്റെ ആധികൾ
കാടോളം പോന്ന കരുത്തിന്റെ
കനൽക്കണ്ണിൽ പെടാതെ
കുഞ്ഞുമൃഗങ്ങൾ ഇപ്പോഴുമുണ്ട്
കാട്ടിലെ ഗർജ്ജനങ്ങൾ
അവരെ പേടിപ്പെടുത്താറുണ്ടെങ്കിലും
കണ്ണിൽ പെടാത്തത്രയും
ചെറുതായതുകൊണ്ട് മാത്രം
സുരക്ഷിതരാണവർ
കാട്ടിലെ കണക്കെടുപ്പിലൊന്നും
പെട്ടില്ലെങ്കിലും
കാടിന്റെ മനസ്സാണവർ
അവരെ മാത്രം ഓർത്തോർത്തു
തേങ്ങുന്നത് കൊണ്ടാകണം
കാടിന്റെ മൗനസംഗീതത്തിന്
ഇത്രമാത്രം മധുരം
വലിയ പോരുകൾക്കിടയിൽ
പെട്ടുപോയാൽ
ചതഞ്ഞരഞ്ഞു പോയേക്കാവുന്ന
ചെറുതുകളെ ഓർത്താകണം
അതിന്റെ ആധികൾ
2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച
വാലുമുറിയൻ പല്ലി
ജീവൻ ഇറുത്തെടുക്കാൻ
വന്നവർക്കു മുന്നിൽ
ആദ്യം മുറിഞ്ഞുവീണത്
വാലായിരുന്നു
ഉത്ഥാനപതനങ്ങളുടെ ചോരപ്പാടുകൾ
ദുരന്തങ്ങളിൽ പതറാത്ത കരുത്ത്
പൂക്കാലത്തിന്റെ ഓർമ്മകൾ
എല്ലാം വാലായ് ചുമക്കുകയായിരുന്നു
പിടയ്ക്കുന്ന സത്യത്തെ
അവർ അഗ്നിയിൽ എരിച്ചു
ചരിത്രമായിരുന്നു അത്
വാലിന്റെ വെള്ളിവെളിച്ചമില്ലെങ്കിൽ
ഇരുൾ മൂടിയ കാട്ടുവഴികൾ
നടന്നു തീർക്കാൻ ആവില്ലെന്ന്
ആദ്യം മനസ്സിലാക്കിയത്
അവരായിരുന്നു
വാലറ്റ പല്ലി
എത്ര സത്യം ചിലച്ചാലും
സത്യമാണെന്ന് തോന്നുകയേ ഇല്ല
ഭൂതകാലം മുറിഞ്ഞു പോയതിനെ
രൂപപ്പെടുത്തിയെടുക്കാൻ
എളുപ്പമാണ്
കുശവൻ മൺപാത്രം
നിർമ്മിച്ചെടുക്കുന്നത് പോലെ...
2017 ജൂലൈ 22, ശനിയാഴ്‌ച
പ്രസവവാർഡിൽ നിന്ന് മോർച്ചറിയിലേയ്ക്കുള്ള ദൂരം
ആശുപത്രിക്കിടക്കയിൽ
കുട്ടിയെ പ്രസവിച്ചിടുന്നു
അമ്മയെന്നു ധരിച്ച്
സ്വപ്നനിഴലിന്റെ കൈപിടിച്ച്
പ്രസവവാർഡിനും ജനറൽവാർഡിനും
ഇടയ്ക്കുള്ള ദൂരം
അവൻ വേച്ചുവേച്ചു കടക്കുന്നു
പിന്നെയും
ആരൊക്കെയോ കൂടെയുണ്ടെന്ന കരുത്തിൽ
ജനറൽവാർഡിനും
തീവ്രപരിചരണ വിഭാഗത്തിനും ഇടയിലെ
ദുരിതക്കടൽ നീന്തുന്നു
അത്യാഹിത വിഭാഗത്തിലെ
മങ്ങിയ വെട്ടത്തിൽ
ബോധാബോധങ്ങൾക്കിടയിലൂടെ
മുങ്ങിപ്പൊങ്ങുമ്പോൾ
വിനിമയമൂല്യം നഷ്ടമായ
ചന്തച്ചരക്കെന്ന ജ്ഞാനം മുളയ്ക്കുന്നു.
കറുത്തതും വെളുത്തതുമായ
ഇന്ദ്രിയോന്മാദങ്ങൾ സ്വന്തമായിരുന്നില്ലെന്ന
അറിവിന്റെ മുറിവേറ്റ നോവിൽ,
കൂട്ടുകൂടിയ നിഴലുകളിൽ
സർവ്വസ്വവും അർപ്പിച്ച മൂഢതയെ പഴിച്ച്
ശൂന്യക്കരിങ്കടൽ മീതെ പറക്കുമ്പോൾ
കാഴ്ചവട്ടങ്ങൾക്കപ്പുറം തെളിയുന്നു.
പ്രസവവാർഡിൽ നിന്ന്
മോർച്ചറിയിലേയ്ക്കുള്ള വളർച്ച
ഇവിടെ പൂർണ്ണമെന്നൊരു
വെൺമുദ്രയിൽ പൊതിഞ്ഞെടുത്ത്
ശൈത്യത്തിൽ ഉറയാൻ വിടുന്നു
സത്യത്തിൽ മേയാൻ വിടുന്നു...
വെളിപാടുപുസ്തകം
കലങ്ങി മറിഞ്ഞൊഴുകുന്നു
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
ഘോരവേദനാ പുളച്ചിലുകൾ
അപ്പോഴും പിടിവിടുന്നില്ല
അപാരതയുടെ നീലനാഭിച്ചുഴിയിൽ നിന്ന്
കടഞ്ഞെടുത്ത തേനും
നറുഭാവനത്തിന്റെ നിലാമിനുപ്പും
ഫണം വിടർത്തി
ദംശിക്കാൻ
പിന്തുടരുന്നു മരുദാഹം.
അലക്കൈകൾ നീട്ടി
ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടൽ.
തുറന്നു വരുന്നു...
പ്രജ്ഞയുടെ വെളിപാടുപുസ്തകം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

















