കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

മൊണാലിസയിൽ നിന്ന് സർബത് ഗുലയിലേയ്ക്കുള്ള ദൂരം


ശാന്തം മാസിക /സപ്തംബർ 2017
santham masika


മൊണാലിസയിൽ നിന്ന്
സർബത് ഗുലയിലേയ്ക്കുള്ള ദൂരം


ഹൃദയാന്തരാളത്തിലെ
ദുഃഖനീലിമയിൽ നിന്ന്
ആധികളുടെ വെള്ളിടികൾ.
കൺകളിലെ നരച്ച ആകാശത്തിൽ
അലയുന്ന വന്ധ്യമേഘങ്ങൾ,
കനൽപ്പറവകൾ.
ബോധത്തിന്റെ ഊഷരനിലങ്ങളിൽ
ഉറക്കുകുത്തിയ
ജഡസ്വപ്നങ്ങൾ


എന്നിട്ടുമവൾ
സഹനത്തിന്റെ മാറാപ്പില്‍ നിന്ന്
ഒരു നിഗൂഢഹാസമെടുത്തണിയുന്നു.
പുഴുക്കുകാറ്റിന്റെ ഗാഢാശ്ലേഷത്തിൽ
വിളറിയ ചുണ്ടുകൾ
വായിലെ ചുടുദ്രവത്തിൽ നനച്ച്‌
അയാൾക്ക് മുന്നിലൊരു ശിലയാകുന്നു


കാഴ്ചകള്‍ പുറത്തല്ല
അവനവനുള്ളിൽ തന്നെ
എന്നതറിയാത്ത അയാൾ
തേച്ചു മിനുക്കിയ
അവളുടെ ഒരു മുഹൂർത്തം
തന്റെ ഉള്ളിൽ നിന്ന് വാരിയെടുത്ത്
ക്യാൻവാസിൽ തേച്ചുപിടിപ്പിക്കുന്നു


നിഗൂഢനിശ്ചലതയെ
അനശ്വരമാക്കുന്നു വർണ്ണക്കൂട്ടുകൾ.
വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഭാവത്തെ
സൗന്ദര്യത്തിന്റെ അവസാന വാക്കെന്ന്
ലോകം വിസ്മയിക്കുമ്പോൾ
മനസ്സുകളുടെ ചിത്രശാലയില്‍ പടം പൊഴിച്ചിട്ട്
ആരുമറിയാതെ യാതനയുടെ മുൾക്കാടുകളിലേയ്ക്ക്
ഇഴയുന്നു അവൾ
മറ്റു കാലങ്ങളിൽ
മറ്റു ദേശങ്ങളിൽ
അദൃശ്യമായി
പിറവിയുടെ ഭാരം ചുമന്നു
വെറുതെ പൂത്തു കൊഴിയാൻ


മൊണാലിസയിൽ നിന്ന്
പച്ചക്കടൽ കണ്ണുകളിൽ പേറുന്ന
സർബത് ഗുലയിലേയ്ക്കുള്ള പലായനദൂരം
ഒരിക്കലും അളക്കാനാകാതെ
അവളുടെ ഉള്ളിലെ കരിങ്കടൽ നിലവിളികള്‍
കേകേൾക്കാനാകാതെ
ഇപ്പോഴും അവളല്ലാത്ത അവളെ
പകർത്തിക്കൊണ്ടേയിരിക്കുന്നു ചിത്രകാരൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...