നന്മ മാസിക
അമ്മയെ പടിയിറക്കി വിടുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-----------------------------------------
അമ്മയെ പടിയിറക്കി വിടുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ
ചെന്നിനായകം പുരട്ടുക
അപശ്രുതി മീട്ടുന്ന
ഹൃദയത്തിനുള്ളിൽ നിന്ന്
പേറ്റുനോവോർമ്മകളുടെ
താളംതെറ്റിയ താരാട്ടുകൾ
തേങ്ങുന്നുവെങ്കിൽ
നന്ദികേടിന്റെ മുഖരത കൊണ്ട്
ചെവി മൂടുക
ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട്
കണ്ണീരുപ്പും ചേർത്ത്
ഇല്ലായ്മകൾ വേവിച്ച
വല്ലായ്മകളുടെ വറുതിനാളുകളിൽ
ശൂന്യതയിലേയ്ക്കു നോക്കി
തേയ്മാനംവന്ന കൺകോണുകളിൽ
സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം...
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം
ആരുമാരും സാന്ത്വനമാകാത്ത നേരങ്ങളിൽ
ഓർമ്മകളിലേയ്ക്ക് മുങ്ങാങ്കുഴിയിടണം.
അമ്മയുടെ മടിയിൽ
കുഞ്ഞായി ചിണുങ്ങണം.
അപ്പോൾ,മെലിഞ്ഞ കൈവിരലുകൾ
മുടിയിഴകൾക്കിടയിൽ
മറ്റെങ്ങും അനുഭവിച്ചിട്ടില്ലാത്ത
സ്നേഹകാവ്യം പകർന്നു തരും.
അത് മതിയാകും
അമ്മയുടെ ഓർമ്മക്കായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...