മാധ്യമം ചെപ്പ്
കരുതല്‍
------------
വല്ലാതെ വെന്തുപതയുമ്പോൾ
കൂട്ടിക്കൊണ്ടു പോകാൻ
അയാളെത്തും
ഇത്ര കൃത്യമായി
ഇതിനു മുമ്പ്
ആരും വന്നിട്ടില്ലാത്തതു പോലെ
മണ്ണറയിൽ കിടത്തി
കൊഴിഞ്ഞ കണ്ണുകൾ പെറുക്കിയെടുത്ത്
അതിലപ്പോഴും പുതഞ്ഞു കിടക്കുന്ന
വാടിയ നിറക്കാഴ്ചകൾ ചൂണ്ടി
ഇതായിരുന്നു നിന്റെ പിടലിഭാരമെന്ന്
ആശ്വസിപ്പിക്കും
ആഴത്തിൽ തറച്ച മുള്ളുകൾ
ഊരിയെടുക്കും പോലെ
മാംസമൊന്നാകെ ഊരിയെടുത്ത്
ഇതായിരുന്നു നിന്റെ ദുഃഖമെന്ന്
വിസ്മയിപ്പിക്കും
നീറ്റലെന്ന് പൊടിയുമ്പോൾ
മുകളിലെ കുറ്റിച്ചെടി വിശറിയാക്കി
ഒരു കാറ്റിനെക്കൊണ്ട് വീശിത്തരും
മരിച്ചവർക്കൊക്കെ
ഒരേ മുഖമായതുകൊണ്ട്
ആരും പരസ്പരം തിരിച്ചറിയുന്നില്ല
പനിനീർജലത്തിൽ കുളിപ്പിച്ചെടുത്ത
ആത്മാവുകളെ
മേയാൻ വിട്ട ഇടങ്ങളിൽ
കാറ്റിന്റെ പ്രലോഭനങ്ങൾക്കും
തൃഷ്ണകൾ ചിറകിലേറ്റി വരുന്ന
ഋതുഭേദങ്ങൾക്കും വിലക്കുകളുണ്ടാകും
ഭാരമില്ലാഴ്മയുടെ മഹാമൗനമായിരിക്കും
കനൽപ്പഥങ്ങൾ താണ്ടിയവർക്കുള്ള പ്രതിഫലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...