കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ജനുവരി 26, തിങ്കളാഴ്‌ച

ഓന്തുകൾക്കു വംശനാശം സംഭവിച്ചിട്ടില്ല

കുഞ്ഞുന്നാളിൽ
ഓന്തുകളെ പേടിയായിരുന്നു
ചോര കുടിച്ചാണത്രേ അവ ചുവക്കുന്നത്
ചോര കുടിക്കാതിരിക്കാൻ
പൊക്കിളും പൊത്തി നടന്നിട്ടുണ്ട്..
കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്..

ഇന്നു
മരങ്ങളിലൊന്നും കാണാറില്ല
നിറം മാറുന്ന ഓന്തുകളെ..
അധികാര ഗർവിന്റെ  നാക്കിലും വാക്കിലും
മാധ്യമഭീമന്റെ തൂലികത്തുമ്പിലും
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കിടയിലും
അവ സുസുഖം വാഴുന്നു

സുഹൃത്തേ..
ചോരയൂറ്റിക്കുടിച്ചു
ഓന്തുകൾ കൊഴുക്കുന്നതല്ല ദുരന്തം
നമ്മുടെ കണ്ഠനാഡിയ്ക്കടുത്തു
അവ പെറ്റുപെരുകിയിട്ടും
അറിയാതെ പോകുന്നതാണ് ദുരന്തം

5 അഭിപ്രായങ്ങൾ:

  1. മുമ്പ് പോസ്റ്റ്‌ ചെയ്തത്

    വർണ്ണം പൊടുന്നനെ മാറ്റുവാൻ കഴിയുന്ന
    ഓന്തൊരു വിസ്മയജീവി തന്നെ !

    ആണ്ടുകൾക്കപ്പുറം ബാല്യത്തിൻ വഴികളിൽ
    ചോര കുടിക്കുന്ന ഓന്തിനെ പേടിച്ചു
    പൊക്കിളും പൊത്തി നടന്നിട്ടുണ്ട് ...
    അന്നൊരു സൌഹൃദം ചൊന്നതാണിക്കാര്യം
    ഇന്നതിൽ പതിരില്ലെന്നറിയുന്നു ഞാൻ

    നോക്കുന്നിടങ്ങളിലെല്ലാം ഞാൻ കാണുന്നു
    ചോരയൂറ്റുന്നൊരു ഓന്തുകൂട്ടങ്ങളെ
    കാഴ്ച ചെന്നെത്തുന്ന മുക്കിലും ദിക്കിലും
    ഓന്തിന്റെ ചെഞ്ചോരക്കണ്ണുകൾ മാത്രമാം

    പച്ചയണിഞ്ഞു കൊണ്ടോന്തുകൾ നമ്മളെ
    വല്ലാതെയങ്ങനെ മോഹിപ്പിക്കും
    ചോരയൂറ്റിക്കൊണ്ടു ചെന്നിറമാകുന്ന-
    തറിയില്ലൊരിക്കലും വിഡ്ഢികൾ നാം

    ഓന്തുകൾ നമ്മളെ പിന്തുടർന്നീടുന്നു
    സ്നേഹ ബന്ധങ്ങളായെന്നുമെന്നും
    കനക പീഠങ്ങളിലള്ളിപ്പിടിച്ചവ
    ആഘോഷമാക്കുന്നു രുധിരപാനം

    കാണാം അവകളെ കാട്ടിലും മേട്ടിലും
    ചുടുനിണമൊഴുകിടും പച്ച ഞരമ്പിലും
    മാധ്യമഭീമന്റെ തൂലികത്തുമ്പിലും
    അധികാര ഗർവിന്റെ നാക്കിലും നോക്കിലും

    പെറ്റുപെരുകുന്നു ഓന്തുകൾ നമ്മൾ തൻ
    കണ്ഠനാഡിക്കും അടുത്തെന്നറിയുക

    മറുപടിഇല്ലാതാക്കൂ
  2. അര്‍ത്ഥവത്തായ കവിത.
    (രണ്ടാമത്തെ വരിയില്‍' ഒ' യ്ക്ക് ദീര്‍ഘമിടണം)
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. രണ്ടും അര്‍ത്ഥഗര്ഭം ...കാലികം ..ചിന്തനീയം !

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...