കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015 ജനുവരി 29, വ്യാഴാഴ്‌ച

പലരിൽ ചിലർ

ചിലരുണ്ട്..
ഒരുമിച്ചു ഉണ്ടുറങ്ങുമ്പോഴും
മെയ്യും മെയ്യും ഒന്നാണെന്നു ആണയിടുമ്പോഴും
മനസ്സിൽ നിന്നും മനസ്സിലേയ്ക്കുള്ള
രാത്രിദൂരമളക്കാനുള്ള
അളവുകോലു പോലുമില്ലാത്ത
ഒറ്റപ്പെട്ട തുരുത്തുകൾ

ചിലരുണ്ട്..
വ്യർത്ഥമായ ശാരീരികചേഷ്ടകൾക്കു ചുറ്റും
ഭ്രമണം ചെയ്യാത്ത ശുഭഗ്രഹങ്ങൾ
മനസ്സിൽ നിന്നും മനസ്സിലേയ്ക്കു
ദൂരമില്ലെന്നു വിശ്വസിക്കുന്നവർ
അപരന്റെ,മറ്റൊരാൾക്കും കേൾക്കാത്ത
മൗനരാഗങ്ങൾ
സദാ പിടിച്ചെടുക്കുന്ന സ്വീകരണികൾ

ചിലരുണ്ട്..
ജീവിച്ചിരുന്നപ്പോൾ
മറ്റുള്ളവരുടെ പച്ചമാംസം തിന്നു
ഏമ്പക്കം വിട്ടിരുന്നവർ
മരിച്ചിട്ടും  ഓർമ്മസൂചി കൊണ്ട്
പുണ്ണിൽ കുത്തി വേദനിപ്പിക്കുന്നവർ

2015 ജനുവരി 26, തിങ്കളാഴ്‌ച

ഓന്തുകൾക്കു വംശനാശം സംഭവിച്ചിട്ടില്ല

കുഞ്ഞുന്നാളിൽ
ഓന്തുകളെ പേടിയായിരുന്നു
ചോര കുടിച്ചാണത്രേ അവ ചുവക്കുന്നത്
ചോര കുടിക്കാതിരിക്കാൻ
പൊക്കിളും പൊത്തി നടന്നിട്ടുണ്ട്..
കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്..

ഇന്നു
മരങ്ങളിലൊന്നും കാണാറില്ല
നിറം മാറുന്ന ഓന്തുകളെ..
അധികാര ഗർവിന്റെ  നാക്കിലും വാക്കിലും
മാധ്യമഭീമന്റെ തൂലികത്തുമ്പിലും
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കിടയിലും
അവ സുസുഖം വാഴുന്നു

സുഹൃത്തേ..
ചോരയൂറ്റിക്കുടിച്ചു
ഓന്തുകൾ കൊഴുക്കുന്നതല്ല ദുരന്തം
നമ്മുടെ കണ്ഠനാഡിയ്ക്കടുത്തു
അവ പെറ്റുപെരുകിയിട്ടും
അറിയാതെ പോകുന്നതാണ് ദുരന്തം

2015 ജനുവരി 22, വ്യാഴാഴ്‌ച

ആയിരം ചോദ്യങ്ങൾക്കു ഒരുത്തരം

അനുഭവത്തീപ്പൊള്ളി വെന്തൊരിപ്പാദങ്ങൾ
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ
അഴലിന്റെയാഴമളന്നൊരെൻ ഹൃദയമേ
ശോകശൈത്യങ്ങളിൽ വിറകൊൾവതെന്തു നീ

സ്വപ്‌നങ്ങൾ വ്യർത്ഥമാം ദർപ്പണക്കാഴ്ചകൾ
എത്രയോ കാതമകലെയാഥാർത്ഥ്യങ്ങൾ
എങ്കിലും,സ്വപ്നങ്ങളെല്ലാം നിലയ്ക്കുന്ന
നിമിഷമേ...നിൻപേരു മരണമെന്നാകുന്നു

ഓർമ്മ തൻ  ജീർണ്ണിച്ച ചുവരുകൾക്കപ്പുറം
മാറാലകൾ  മൂടിയനുഭവച്ചിന്തുകൾ
ഒന്നും വരില്ലയീ കൂരിരുൾ വീഥിയിൽ
കൈപിടിച്ചെന്നെ നയിക്കുവാൻ സുസ്മിതം

എല്ലാം  ഗ്രഹിച്ചു ഞാനൊന്നും ഗ്രഹിച്ചീല
എന്നറിവിൻ മുറിവിൽചോര പൊടിയുന്നു
അരങ്ങിലന്നാടിയ ആട്ടങ്ങളൊക്കെയും
നാട്ട്യങ്ങളെന്നു ചിലയ്ക്കുന്നൊരു സത്യം

ജീവിത,തത്വത്തിന്നർത്ഥ,തലങ്ങളെ
തേടിയീ ജന്മം മുഴുവനലഞ്ഞു ഞാൻ
മരണമേ..നിൻ കരമാത്മാവിലിഴയുന്ന
വേളയൊരായിരം ചോദ്യങ്ങൾക്കുത്തരം!

2015 ജനുവരി 20, ചൊവ്വാഴ്ച

മനസ്സ്

വേഗതയുടെ കാര്യത്തിൽ
കണ്ണിനെ പലപ്പോഴും തോൽപ്പിച്ചു
അതിന്റെ പരിധിയും പരിമിതിയും
ബോദ്ധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്‌ മനസ്സ്
എത്ര പെട്ടെന്നാണ്
പ്രകാശ വർഷങ്ങൾക്കപ്പുറത്തേയ്ക്കു
മനസ്സ് എത്തിച്ചേരുന്നത്
എന്നിട്ടും നീ പറയുന്നു
കാഴ്ചവട്ടങ്ങൾക്കപ്പുറത്താകുമ്പോൾ
പരസ്പരബന്ധം വിച്ഛേദിക്കപ്പെട്ട
ദ്വീപുകളാണു നമ്മെളെന്ന്
നിനക്കെന്നും
കണ്ണുകളിലും അതിന്റെ  മായക്കാഴ്ചകളിലും
മാത്രമായിരുന്നു വിശ്വാസം

2015 ജനുവരി 19, തിങ്കളാഴ്‌ച

ചില സൗഹൃദങ്ങൾ

ഹൃദയത്തിലിടം നൽകിയിട്ടും
കരൾ  പാതി നൽകിയിട്ടും
കൂടൊഴിഞ്ഞ സൗഹൃദങ്ങൾ

ഹൃദയം കൊട്ടിയടച്ചിട്ടും
കരൾ മറയ്ച്ചു വെച്ചിട്ടും
വിട്ടകലാത്ത ഉപകാരസ്മരണകൾ

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോൾ
വാലാട്ടി കൊണ്ടു വരാറുണ്ട്
തിരിച്ചറിയാത്ത ചില നന്ദികൾ

പൂവു തന്നു
പൂന്തോട്ടം തിരിച്ചു വാങ്ങുന്നവരുടെ ലോകത്ത്
'ഉപാധികളില്ലാത്ത' സ്നേഹവും
'കണക്കുകൾ' ഇല്ലാത്ത ജീവിതവ്യവഹാരങ്ങളും
അർത്ഥശൂന്യം

2015 ജനുവരി 17, ശനിയാഴ്‌ച

ജീവന്റെ തിരിനാളം

ഒരു കാറ്റിലണയാതെ
കുതിർമഞ്ഞിലലിയാതെ
മഴയിൽ കുതിരാതെ
വെയിലിൽ വിയർക്കാതെ
കാത്തു പോരുന്നു നീ
ഈ കുഞ്ഞു തിരിനാളം!
ജീവന്റെയീത്തിരി
കത്തിച്ചതും നീയേ..
ഒടുവിലൊരു നാൾ
കെടുത്തുന്നതും നീയേ..



2015 ജനുവരി 14, ബുധനാഴ്‌ച

പെരുകിയ ബുദ്ധിയും പെരുകാത്ത വിവേകവും


 മുക്കാൽ ഭാഗം
മലിനജലമുള്ള ഗ്രഹത്തിൽ
പെറ്റു പെരുകിയ ബുദ്ധി
വിദൂരഗ്രഹങ്ങളിൽ തിരയുന്നു
ജല സാന്നിധ്യം
***********************************
അർഹതയുള്ളവയുടെ അതിജീവനം
മാംസഭോജികളുടെ ആഗമനം
ചെന്നിണത്തിന്റെ ബീഭത്സത
***********************************
കുടുംബത്തിന്റെ അത്താണിയായതു കൊണ്ട്
എല്ലാവർക്കും ഇഷ്ടം 'ബുദ്ധിയെ'
സ്ഥാനത്തും അസ്ഥാനത്തും
തത്വം പറഞ്ഞതു കൊണ്ട്
എന്നും കുടുംബത്തിനു  പുറത്തായിരുന്നു
വിവേകം 

2015 ജനുവരി 13, ചൊവ്വാഴ്ച

തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത്


ആത്മജ്ഞാനത്തിന്റെ ഓസോണ്‍ പാളികളിൽ
ആത്മരതികളുടെ തുളകൾ വീണിരിക്കുന്നു
പ്രദർശനപരതയുടെ മാരകരശ്മികൾ
ഭൂതലത്തെ നക്കി തുടയ്ക്കുന്നു
മകനേ...
ഉള്ളിലെ സങ്കടങ്ങളുടെ മറാ പുണ്ണുകൾ
നിന്റേതു മാത്രമായിരിക്കട്ടേ
പ്രദർശിപ്പിക്കരുത്
ശത്രുവിനെ സന്തോഷിപ്പിക്കരുത് !
അന്യന്റെ തകർച്ചകൾ
ആഘോഷിക്കപ്പെടുന്ന ലോകത്തു
മൂല്യങ്ങൾ തിരയേണ്ടതു
ആക്രിക്കൂനകളിലാണ് !
അലങ്കാര കപ്പലുകൾക്കു മാത്രം
വഴി കാണിക്കുന്ന ദീപ്തസ്തംഭങ്ങൾ
അരാജകത്വത്തിന്റെ പ്രചണ്ഡവാതങ്ങൾക്കു
പച്ചക്കൊടി കാണിക്കുകയാണ്
മകനേ...
നിന്റെ മൗനനിലവിളികൾ
നിരീക്ഷണത്തിന്റെ ഇമവെട്ടങ്ങളിലൂടെ
അദൃശ്യമായ
അന്യ ചിത്ത ജ്ഞാനമാപിനിയിലൂടെ
തന്നിലേയ്ക്കു പരാവർത്തനം ചെയ്തു
വേദനകൾക്കെല്ലാം
ഒരേ മണവും രുചിയുമെന്നു തിരിച്ചറിഞ്ഞു
ഓർക്കാപ്പുറത്തു വന്നു തലോടുന്നവനാണ്
ഉറ്റമിത്രം
മകനേ...
ശത്രുവാരെന്നും
മിത്രമാരെന്നും
കണ്ടു പിടിക്കാനുള്ള ഉപകരണം
ഇല്ലാതെ പോകുന്നതല്ല ദുരന്തം
നിന്റെ രക്തം ഊറ്റിയാണ്
ശത്രു കൊഴുക്കുന്നതെന്ന തിരിച്ചറിവ്
ഇല്ലാതെ പോകുന്നതാണ് ...

2015 ജനുവരി 12, തിങ്കളാഴ്‌ച

വഴിമുടക്കികളെ സന്തോഷിപ്പിച്ചവൻ


ഇരുൾ മൂടിയ പാതകളിൽ
വഴിയറിയാതുഴറിയപ്പോൾ
കരൾനൊന്തു നീറിയപ്പോൾ
സ്നേഹം തെളിച്ചു വഴി കാട്ടിയവരുണ്ട്
മുള്ളു പാകി ദ്രോഹിച്ചവരുണ്ട്‌
ഒന്നാമത്തെ കൂട്ടർ
നന്ദി പോലും വാങ്ങാതെ
വേദനയോടെ നടന്നു മറഞ്ഞു...
ഞാനെന്നും സന്തോഷിപ്പിച്ചതു
വഴിമുടക്കികളെയായിരുന്നല്ലോ..!

2015 ജനുവരി 7, ബുധനാഴ്‌ച

വാക്കുകളുടെ പുതു പിറവിയും കാത്ത്


പറഞ്ഞു പോയ
പതിരായ വാക്കുകളുടെ
തീരത്തു നിൽക്കുമ്പോഴും
ഉള്ളിൽ അലയടിക്കുന്നുണ്ട്
പറയാതെ പോയ
വാക്കുകളുടെ മഹാസമുദ്രം

അകാലത്തു പിടഞ്ഞു മരിച്ച
വാക്കുകളുടെ ചിതാഭസ്മവും പേറി
ഉള്‍ച്ചൂടിനെ  കൂട്ടുപിടിച്ചൊരു
യാത്രയല്ലിത്
മൗനത്തിന്റെ
മേഘപടലങ്ങൾക്കുള്ളിൽ നിന്നും
നാമ്പു നീട്ടാൻ വെമ്പുന്ന
പുതു മുകുളങ്ങളുടെ
ആത്മാവിന്റെ അടയാളം
തേടിയുള്ള യാത്രയാണിത്

പ്രായോഗിക ജീവിതത്തിന്റെ
പരുക്കൻ തലങ്ങളിൽ തട്ടി
മൃതിയടഞ്ഞ വാക്കുകളുടെ
ശവപ്പറമ്പിനെ ചുറ്റുന്ന
മൗനത്തിന്റെ മതിലിൽ കേറിയിരുന്നു
ഇനിയും പിറക്കാത്ത നക്ഷത്രങ്ങളെ
താരാട്ടുകയാണു ഞാൻ ...