അന്യന്റെ തൊടിയിലെ പച്ചകൾ തിന്നുക്കൊ-
ണ്ടോടി നടക്കുന്നൊരുകൂട്ടം കാളകൾ
തളിരിടും ചെറുപുതുനാമ്പുകളൊക്കെയും
ചവച്ചുതുപ്പിക്കൊണ്ടലറുന്നു
കാളകൾ
വിടരുവാൻ വെമ്പുന്ന പൂക്കളിലിന്നില്ല
അരുമക്കിനാക്കൾ
തന്നോമൽപ്രതീക്ഷകൾ
നിദ്രയിലെങ്ങും
നിറയുന്നു ഭീതിതൻ
ഖഡ്ഗങ്ങൾ നീണ്ടു വരുന്നതാം സ്വപ്നങ്ങൾ
കാത്തിരിപ്പാണു
വിടർന്ന മലരുകൾ
ഒരുകാറ്റിന്നാശ്ലേഷമേറ്റു പൊഴിയുവാൻ
ഭീതികൾ മേയുമീ കൂരിരുൾവീഥിയിൽ
ചേതനയറ്റ തനു തന്നെ
കാമിതം
കടലിന്റെ രാത്രിയിൽ കരയേതുമറിയാതെ
അലയിന്നിതാ
വീണ്ടും പാഴ്വഞ്ചികൾ
ഒരുകൊച്ചു
മിന്നാമിനുങ്ങിൻച്ചെറുവെട്ടം
പോലുമിന്നില്ലല്ലോ
വഴികാട്ടുവാൻ
മുക്രയുമിട്ടു
നടക്കുന്നൊരിക്കൂറ്റൻ-
കാളകളെക്കെട്ടാൻ
ആർജവമാർക്കുണ്ട്
പുത്തൻപ്രതീക്ഷതൻ
പാഴ്സ്വപ്നംപോലുമി-
ന്നന്യമായ്ത്തീർന്നയിരുളിൻക്കയത്തിൽ
നാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...