കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ജനുവരി 3, വെള്ളിയാഴ്‌ച

കൂറ്റൻ കാളകൾ




അന്യന്റെ തൊടിയിലെ പച്ചകൾ തിന്നുക്കൊ-
ണ്ടോടി നടക്കുന്നൊരുകൂട്ടം കാളകൾ
തളിരിടും  ചെറുപുതുനാമ്പുകളൊക്കെയും
ചവച്ചുതുപ്പിക്കൊണ്ടലറുന്നു കാളകൾ

വിടരുവാൻ വെമ്പുന്ന പൂക്കളിലിന്നില്ല
അരുമക്കിനാക്കൾ തന്നോമൽപ്രതീക്ഷകൾ
നിദ്രയിലെങ്ങും നിറയുന്നു ഭീതിതൻ
ഖഡ്ഗങ്ങൾ നീണ്ടു വരുന്നതാം സ്വപ്‌നങ്ങൾ

കാത്തിരിപ്പാണു വിടർന്ന മലരുകൾ 
ഒരുകാറ്റിന്നാശ്ലേഷമേറ്റു  പൊഴിയുവാൻ
ഭീതികൾ മേയുമീ  കൂരിരുൾവീഥിയിൽ
ചേതനയറ്റ തനു തന്നെ കാമിതം

കടലിന്റെ രാത്രിയിൽ കരയേതുമറിയാതെ
അലയിന്നിതാ വീണ്ടും പാഴ്വഞ്ചികൾ
ഒരുകൊച്ചു മിന്നാമിനുങ്ങിൻച്ചെറുവെട്ടം
പോലുമിന്നില്ലല്ലോ വഴികാട്ടുവാൻ

മുക്രയുമിട്ടു നടക്കുന്നൊരിക്കൂറ്റൻ-
കാളകളെക്കെട്ടാൻ ആർജവമാർക്കുണ്ട്
പുത്തൻപ്രതീക്ഷതൻ പാഴ്സ്വപ്നംപോലുമി-
ന്നന്യമായ്ത്തീർന്നയിരുളിൻക്കയത്തിൽ നാം

തീവണ്ടിയുടെ ചൂളംവിളികൾ




 പരശ്ശതം ലക്ഷ്യങ്ങളിലേക്ക്
കുതിച്ചുകൊണ്ടിരിക്കുന്ന
തീവണ്ടിയുടെ
ഹർഷോന്മാദമായ ചൂളംവിളികൾ,
അകലെ,
ഊഷരമായൊരു ഹൃദയത്തിലേക്ക്
നിലയ്ക്കാത്ത നിലവിളിയായി 
പെയ്തിറങ്ങുകയാണ്...
കമ്പാർട്ടുമെന്റിലേക്കു കേറും മുമ്പു
കാലിടറി  വീണ
ജീവിക്കുന്നൊരു ശരീരത്തിന്റെ
മരിച്ച  ആത്മാവും
ചക്രങ്ങൾക്കും പാളത്തിന്നുമിടയിൽപ്പെട്ടു
ചതഞ്ഞരഞ്ഞ ശരീരത്തിന്റെ
സ്വതന്ത്രമായ ആത്മാവും
ഒരു ബിന്ദുവിൽ അലിഞ്ഞു ചേരുന്നു
അകലെ,
നേർത്തു നേർത്തു വരുന്ന
തീവണ്ടിയുടെ ചൂളംവിളികൾ
നേർത്തു നേർത്തു വരുന്ന
കാലത്തിന്റെ
ചിറകടിയൊച്ചകൾ തന്നെയാണ്...

2013 ഡിസംബർ 26, വ്യാഴാഴ്‌ച

വിള തിന്നുന്ന വേലികളുടെ കാലം



'വിരിയും മുമ്പു വാടല്ലേ '-
എന്നൊരു പ്രാർത്ഥനയിലാണ് 
ഉദ്യാനത്തിലെ പൂമൊട്ടുകൾ

കാവൽവേലിയുടെ
കൂർത്ത മുള്ളുകളേറ്റു
ചോര വാർന്നു
കിടപ്പുണ്ടൊരു കുഞ്ഞുപൂവ് 

വേലിയുടെ അട്ടഹാസങ്ങളിൽ 
പതഞ്ഞു തീരുന്ന 
ഉദ്യാനനിലവിളികൾ 
അശാന്തിയുടെ മാനത്തു
കരിമുഖിലുകളായി ഉരുണ്ടു കൂടുന്നുണ്ട് ....


പൂമ്പാറ്റകളും പൂത്തുമ്പികളും
നൃത്തമാടുന്ന ഉദ്യാനം
മരിച്ചു പോയ 
ഏതോ കവിയുടെ സ്വത്താണ് 

മുകളിൽ
വട്ടമിട്ടാർക്കുന്ന ശവംതീനിപ്പക്ഷികൾ
താഴെ 
അതിജീവനത്തിനായുള്ള ചിറകടികൾ 

ഇനിയും മരിക്കാത്ത പൂക്കളുടെ 
നെഞ്ചിനുള്ളിലെ തിളയ്ക്കുന്ന ദ്രവം 
ഭീതി നിറഞ്ഞൊരു ഓർമപ്പെടുത്തലാണ് ...

നഗ്ന കവിത




'ഗീബൽസിന്റെ'
സർവകലാശാലയിൽ നിന്നൊരു ബിരുദം

'ഞഞ്ഞാ പിഞ്ഞാ'പറയാനുള്ള
പ്രായോഗികജ്ഞാനം

'കഴുതക്കാലുകൾ' നക്കാനും
നക്കിയ കാലുകൾ വെട്ടാനുമുള്ള
ഒടുക്കത്തെ ചങ്കൂറ്റം

വളർന്നതൊരു'ഗുണ്ടാ
 തെരുവിലാണെങ്കിൽ'
ബഹു കേമം

ഇതയും മതി
'സ്റ്റേറ്റ് കാറിൽ'
നൂറെ നൂറിൽ പറപറക്കാൻ...

ജനറേഷൻ ഗ്യാപ്പ്



മുള്ളിനെ
മുള്ളുക്കൊണ്ടെടുക്കണമെന്നു
'ഓൾഡ്‌ ജനറേഷൻ '

മുള്ളിനെ
മുള്ളു കൊണ്ട ഭാഗം മുറിച്ചെടുത്തു
'മുള്ളു കൊള്ളുക എന്ന ഭീഷണി'
ഒഴിവാക്കണമെന്ന്
'ന്യൂ ജനറേഷൻ '

ജനറേഷൻ ഗ്യാപ്പിനുള്ളിൽപ്പെട്ടു
വാലു മുറിഞ്ഞൊരു സത്യം
വേദനയോടെ ചിലച്ചുകൊണ്ടിരുന്നു

2013 ഡിസംബർ 9, തിങ്കളാഴ്‌ച

പരിശുദ്ധ പ്രേമപീയൂഷം തേടി ...

ഏതൊരു ശക്തിയാണെന്നെയും നിന്നെയുമി-
ക്കാണുംരൂപത്തിൽ കോർത്തിണക്കി ?
എന്തിന്നുവേണ്ടിയാണീവിതം നമ്മളെ
കരളും കരളുമായ്‌   ചേർത്തിണക്കി ?
സുരതത്തിനൊടുവിൽ വിരിയും  മഴവില്ലിൻ
ക്ഷണവിജൃംഭണത്തിനായ് മാത്രമോ ?
യൗവനം തന്നൊരു വരദാനമല്ലയോ
മാംസനിബദ്ധാനുരാഗം മണ്ണിൽ !
യൗവനം വിട്ടേച്ചുപോവുകിൽ തൽക്ഷണമി-
ക്കാണുംരാഗവും   മായുമെന്നൊ  ?
എങ്കിലനവദ്യസുന്ദര പ്രേമമൊ-
രൂതിവീർപ്പിച്ച ബലൂണ്‍ മാത്രമോ ?
പാവന  പ്രേമമൊന്നില്ലേയീഭൂവിതിൽ
എല്ലാം വെറും മാംസദാഹമെന്നൊ ?
മാംസനിബദ്ധമല്ലാത്തൊരു   രാഗത്തെ
കാണാൻ  കഴിഞ്ഞതില്ലെങ്ങുമെങ്ങും ...
തുടരട്ടെ ഞാനെന്റെയീത്രയേകനായ്
പരിശുദ്ധ  പ്രേമപീയൂഷം തേടി  ...

2013 ഡിസംബർ 4, ബുധനാഴ്‌ച

ശവക്കുഴിയൊരുക്കി കാത്തിരിക്കുന്നവർ ...

ദുര മൂത്ത മർത്യനീ
ധരണിയിൽ കാട്ടുന്ന 
പേക്കൂത്തുകൾക്കൊരറുതിയില്ലേ ?

കലി മൂത്ത ഭൂമിയൊ-
രുനാളിൽ സർവ്വതും
തകിടംമറിക്കുകില്ലാരറിഞ്ഞു !

ഇത്തിരിപ്പോന്ന
വയറിനായൊത്തിരി
വെട്ടിപ്പിടിച്ചോരശുഭയാത്ര

എങ്കിലുമൊട്ടും 
കുറയുകില്ലാർത്തിക-
ളാറടിമണ്ണിലൊതുങ്ങുവോളം

കടലിൻ നടുവില-
കപ്പെട്ട തോണിയിൽ
ദ്വാരങ്ങൾ തീർക്കുവോനാണ്‌,മർത്യൻ

ഇന്നിന്റെയാർത്തികൾ
തീരുമ്പോൾ  നാളെയീ
ഭൂമിയിൽ  ജീവൻ തുടിച്ചീടുമോ ?

സ്വന്തം  ശവക്കുഴി
വെട്ടിക്കൊണ്ടുള്ളൊരീ
കാത്തിരിപ്പിന്നെന്റെ ജീവിതവും !