ചാറ്റൽമഴയുളളൊരു കുളിർസന്ധ്യയിൽ
ശാന്തിനിറഞ്ഞൊരു പള്ളിപ്പറമ്പിലെ
തപ്തഹൃദയരാം മീസാൻകല്ലുകൾ
പ്രാർത്ഥനയാൽ കൈകൾനീട്ടീടുന്നു
കുറ്റിച്ചെടികൾ വകഞ്ഞുമാറ്റിക്കൊണ്ടൊ-
രുകൊച്ചു മണ്‍കൂനക്കരികെ ഞാൻ ചെന്നെത്തി
വിപ്രവാസം വിട്ടെൻ ജന്മഗേഹംത്തേടി
അണയുമ്പോളൊക്കെയും തേടുമിക്കല്ലറ
പള്ളിക്കൂടംവിട്ടിട്ടന്നു തിരിക്കുമ്പോൾ
തോട്ടിൻകരയിലെ ഞാവൽമരംക്കേറി
ഞാൻശേഖരിച്ചോരാ ഞാവൽപ്പഴങ്ങളെ
വാങ്ങാതെ വന്നു കിടക്കുന്നിക്കബറിൽ നീ
വെള്ളത്തുണിയിൽ പൊതിഞ്ഞനിൻദേഹത്തിന-
ര്‍ത്ഥമറിഞ്ഞീല ബാലാനാം ഞാനന്ന്
ഇന്നറിയുന്നു, നീ വിട്ടേച്ചുപോയതു
അന്തമില്ലാത്തൊരു ശൂന്യതമാത്രമാം !
തൊട്ടടുത്തുളളൊരു കള്ളിച്ചെടിയുടെ
കൊമ്പിലൊരു കുഞ്ഞുകാറ്റിൻചെറുചിരി
അറിയാമതു നിന്റെയോമൽചിരിയെന്നു
സംവദിക്കാൻ മറ്റുമാർഗ്ഗമില്ലല്ലോ,ഹാ !
വർഷങ്ങൾതന്നുടെ മലവെള്ളപ്പാച്ചിലിൽ
കുഞ്ഞനുയത്തീ നീയെന്നെ മറന്നുവോ?
ഇല്ല,കഴിയില്ലൊരിക്കലുമീസ്നേഹ -
പാശം മുറിക്കുവാനാർക്കുമൊരുനാളും
അല്ലലാണെങ്കിലുമുള്ളതിൽമോദത്താൽ
ജീവിതംപൂത്തൊരാ ബാല്യംമറക്കുമോ?
പൊടുവണ്ണിക്കൊമ്പിൽ ഞാൻകെട്ടിയ ഊഞ്ഞാലിൽ
ആടിക്കൊതിയൊട്ടും തീരാതെപോയി നീ
ഓർമ്മയിൽവാടാതെ നിൽക്കുന്ന പൂവു നീ
കാലത്തിന്നാകില്ലൊരിക്കലും മായ്ക്കുവാൻ
ഓർമ്മയിൽനിന്നും നീയെന്നുമായുന്നുവോ
നിശ്ചയം,അന്നുനീയെന്നിൽ മരിച്ചീടും
ഇത്തിരിക്കണ്ണീരിന്നുപ്പുനിറക്കട്ടേ
ഇപ്പുണ്യഗ്ഗേഹത്തിൻ മേല്‍ക്കൂരയില്‍
കത്തുന്ന ശിരസ്സിലലയുന്ന ചിന്തയിൽ
മൗനമായ്ത്തേങ്ങുമെന്‍ പ്രാര്‍ത്ഥനകള്‍
ഹൃദയസ്പര്‍ശിയായിരിക്കുന്നു കവിത
മറുപടിഇല്ലാതാക്കൂആശംസകള്
orupaadu nandi sir
മറുപടിഇല്ലാതാക്കൂ