കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013 നവംബർ 24, ഞായറാഴ്‌ച

ഭരണകൂടം- അഥവാ, നിറഞ്ഞ ശൂന്യത

മദ്യഷാപ്പിലേക്കുള്ള നീണ്ട വരികൾ,
പെയ്തു തീർന്ന യൗവനങ്ങളുടെ
കഥ പറയുമ്പോൾ
നിറഞ്ഞ ഖജനാവു നോക്കി
ഒരു ജനകീയസർക്കാർ
ആത്മനിർവൃതി കൊള്ളുന്നുണ്ട്

സ്ത്രീക്ക്
'രതിയന്ത്രം' എന്നൊരു പുതിയ പര്യായപദം
കറുത്ത വേഷധാരികളായ വേട്ടക്കാർ
നിഘണ്ടുവിൽ  എഴുതി ചേർത്തപ്പോൾ
ചില സ്ത്രീസംരക്ഷണവാദികൾ
നിഘൂഢസ്മിതം പൊഴിക്കുന്നുണ്ട്‌

ജഠരാഗ്നിയിൽ വെന്തെരിഞ്ഞു
ജരാനരകളേറ്റു വാങ്ങി
പ്രാന്തവൽകൃതർ എരിഞ്ഞടങ്ങുമ്പോൾ
'കാക്കത്തൊള്ളായിരം'
വിമാനത്താവളങ്ങളേകി
സർക്കാർ മാതൃക കാട്ടുന്നുണ്ട്

ആർക്കൊക്കെയോ വേണ്ടി കൊല്ലുന്നവർ...
എന്തിനാണെന്നറിയാതെ കൊല്ലപ്പെടുവർ...
നിരപരാധികളുടെ ചുടുനിണം വീണ
മണ്ണിൽ നിന്നുമുതിരുന്ന രോദനങ്ങളോടൊപ്പം
ചില ചോദ്യങ്ങളുമുയരുന്നുണ്ട് !
ജീവൻ-അത് സംരക്ഷിക്കാൻ
കഴിയാത്ത ഭരണകൂടം
പ്രഹേളികയുടെ പുറന്തോടിനുള്ളിലെ
നിറഞ്ഞ ശൂന്യതയാണ്  ...

2013 നവംബർ 20, ബുധനാഴ്‌ച

എന്തിനോ വേണ്ടി തുള്ളുന്ന കോമരങ്ങൾ














സഹസ്രാബ്ദങ്ങളുടെ
ഹരിതചരിത്രമുറങ്ങുന്ന
മഴക്കാടുകളെ
ഭോഗതൃഷ്ണ തലയ്ക്കു പിടിച്ചവൻ
മലയിറക്കിക്കൊണ്ടു പോയി
ബലാൽക്കാരം ചെയ്യുന്നു ...
ജൈവവൈവിധ്യങ്ങൾ
കാടും മേടും കടലും കടന്നു
വിസ്മൃതിയിലേക്ക് ...
'അരുതെന്ന് 'പറഞ്ഞ
ഗാഡ്ഗിലിന്റെ
നാക്ക് മുറിച്ചെടുത്തു
ഇരുട്ടിൽ കലി തുള്ളുന്നു
ചില  കോമരങ്ങൾ !
ഇപ്പോൾ
'മിതഭാഷിയായ '
കസ്തൂരിരംഗന്റെ തലയ്ക്കു വില പറയുന്നു
കഴുകക്കണ്ണുകൾ...
ഒരു കൂട്ടം   കുരുവികളുടെ
നേർത്ത ചിറകടിയൊച്ചകൾ കേൾക്കുന്നത്
നാളെത്തെ  മരുഭൂമിയിൽ നിന്നാണ് ...
സത്യത്തെ കുഴിച്ചു മൂടാനുള്ള
അധിനിവേശ വ്യഗ്രതകളിൽ
ഒലിച്ചു പോകുന്നത്
നമ്മൾ തന്നെയാണ്
ചില കോമരങ്ങൾ അങ്ങനെയാണ് !
ജീവൻ  തുടിക്കുന്ന
സ്വശരീരത്തോടു പോലും
കടപ്പാടുകളില്ലാതെ
എന്തിനോ വേണ്ടി തുള്ളുന്നവർ...
ആർക്കോ വേണ്ടി തുള്ളുന്നവർ...

2013 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഒരു വൃക്ഷത്തിന്റെ ഗദ്ഗദങ്ങൾ













വാസന്തകോകിലം വന്നു വിളിച്ചപ്പോൾ
ചാരുലതകളിളകിയാടി

നീയാകുംവല്ലിയെൻ തനുവിൽ പടർന്നപ്പോൾ
ചില്ലകളാനന്ദ നൃത്തമാടി

നിൻകരലാളനമേറ്റപ്പോളെൻ കരൾ
കുളിർകോരി മെല്ലെക്കുണുങ്ങി നിന്നു

ആനന്ദവർഷങ്ങൾ ,സന്തോഷഹർഷങ്ങൾ 
പൂക്കാലം തലയിൽ ഞാനേറ്റിനിന്നു

കുഞ്ഞുണ്ണികൾ പൂവിൽ നിന്നുമുയിർക്കൊണ്ടു
അതുപിന്നെ മധുരഫലങ്ങളായി

ആയിരമായിരം കിളികളെൻ ശിഖരത്തിൽ
കൂടുകൂട്ടിക്കൊണ്ടു  പാട്ടു പാടി

ഞാനാംമരത്തിനെ വാരിപ്പുണർന്നൊരു 
വല്ലീ, നീ ഊറ്റിയെൻ മജ്ജയെല്ലാം

അന്നെൻകനവുകൾ  മൊത്തിക്കുടിച്ചുക്കൊ-
ണ്ടെങ്ങു പോയെങ്ങു പോയ്‌ നീ മറഞ്ഞു 

ചോണനുറുമ്പുകൾ നെഞ്ചിലെരിത്തീയായ്,
കരളിൻ കിനാക്കളടർത്തി മാറ്റി

ശീതക്കാറ്റെനുടെ താരുണ്യമൊക്കെയും
ശീതീകരിച്ചെങ്ങൊ പാഞ്ഞു പോയി 

ഉഷ്ണക്കാറ്റെനുടെ ഹൃദയകവാടങ്ങൾ
ഊഷരമാക്കി കടന്നു പോയി

അന്നെൻശിഖരത്തിൽ കൂടുകൂട്ടാൻ വന്ന
കിളികളിന്നില്ല ;യുറുമ്പുമില്ല

അന്നെന്നിൽ താരുണ്യം വാരി വിതറിയ 
വാസന്തവുമെന്നെയറിയാതായി

ഉണങ്ങിയിക്കൊമ്പുകൾ,ജീർണ്ണിച്ചു വേരുകൾ 
ഇലകളെല്ലാം വാടി വീണു പോയി

ആരുടെയൊക്കെയോ ചിതയിലെരിയുവാ-
നായി വിധിച്ചൊരു പാഴ്ത്തടി ഞാൻ !

                     

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇല്ലാത്ത വാനിലെ ഇല്ലാത്ത ദീപങ്ങൾ




തൂലികത്തുമ്പിലൂടൂർന്നിറങ്ങീടുന്നു
ആദി മുതൽ തിങ്കൾ പൊൻവസന്തം
ഇന്ദുമുഖിയുടെ സൗമുഖ്യം വർണ്ണിച്ചി-
ടാത്തൊരു നാക്കുമീമണ്ണിലില്ലാ സത്യം

സൂര്യതേജസ്സും നെറുകയിലേറ്റിക്കൊ-
ണ്ടേറ്റമഹന്തയാലിന്ദുവിൻ പൊയ്മുഖം
കാഴ്ചകൾക്കുള്ളിലെ പൊരുളുകൾ തേടുമ്പോൾ
വായു നിറച്ച കുമിളകൾ സത്യങ്ങൾ

കാഴ്ചവൃത്തങ്ങളിൽ തെളിയുമീ ദൃശ്യങ്ങൾ
ചതിക്കപ്പെടും വെറും മോഹവലയങ്ങൾ
സുന്ദരമാമൊരീ കാഴ്ചകളൊക്കെയും
ദേഹദീപത്തിൻ വിനോദ വികൃതികൾ

ഇല്ലാത്ത നക്ഷത്രരാശികൾ പണിയുന്ന
ഭ്രമാത്മക വിശ്വമൊരുകിനാവോ ?
ഇല്ലാത്ത നീലിമ കാണിക്കുമാകാശ-
കണ്‍ക്കെട്ടുവിദ്യയിൽ ശൂന്യരായ് നാം !

 


2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

കാറ്റിന്റെ താലോലം

കനലുകളിൽ പൊള്ളിയ പാദങ്ങളും
ചിന്തകളിൽ വെന്ത ഹൃദയവുമായി
ഒരു തപ്തജന്മം നിത്യനിദ്ര പൂകിയപ്പോൾ
ശവക്കൂനക്കരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കിക്കൊണ്ടൊരു കാറ്റ്
സാന്ത്വനിപ്പിച്ചു വീശിക്കൊണ്ടിരുന്നു

കാലമൊരു പൂവിൽ വരകൾ കോറിയിട്ടപ്പോൾ
തേൻ നുകർന്നു മദിച്ചുല്ലസിച്ച  വണ്ടുകളും
നെഞ്ചിലെ  കനിവിൽ  വിരിഞ്ഞുണർന്ന ശലഭങ്ങളും
നന്ദികേടിലേക്ക് പടിയിറങ്ങിയപ്പോൾ
മണ്ണിലടർന്നു വീണ ദലങ്ങളെ നെഞ്ചോട്‌ ചേർത്തൊരു
കാറ്റ് താലോലിച്ചു കൊണ്ടിരുന്നു

കാറ്റ്
വരണ്ടുണങ്ങിയ മരുഭൂമനസ്സിലേക്ക്
മഴമേഘങ്ങളെ  ഓടിച്ചിട്ട്‌ പോകുന്നു
കാറ്റ്
വസന്തം വർണ്ണം വിരിയിച്ച
ചില്ലകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തുന്നു

2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ആർദ്ര മൗനങ്ങൾ






കടലിൻ ആർദ്രമൗനങ്ങൾ
മേഘവർഷങ്ങളായ് പെയ്തൊഴിയുന്നു
മരുഹൃദയത്തിലെ വന്യമാം മൗനത്തിൽ...
നാമ്പ് കിളിർക്കാത്ത മരുഭൂമനസൊരു
അഴലിന്റെ തേങ്ങലായ് കൊടുങ്കാറ്റായ്
കുതിച്ചും കിതച്ചും തളർന്നുറങ്ങുന്നു...
ദ്രവങ്ങൾ തിളക്കുന്ന നെഞ്ചുമായൊരു മല
നിത്യമൗനത്താൽ തളർന്നുറങ്ങുമ്പോൾ
ശപിച്ചു നടന്നൊരു കാറ്റിനെ ശാസിച്ചു
ഒരു കടൽ വീണ്ടും സമാധിയായി ...
ജീർണ്ണത ജീർണ്ണതതൻ കുറ്റമല്ലെങ്കിൽ
കാലത്തിൻ പങ്കതിലെത്രെയെന്നറിയുവാൻ
മൗനത്തിൻ കല്ലറ പൊട്ടിപ്പിളർത്തിക്കൊ-
ണ്ടൊരു മൂങ്ങ സൂക്ഷ്മം നിരീക്ഷിക്കുന്നു ...
മൗനമൊരു കടൽ ചിലപ്പോൾ മരുഭൂമി
ഇനിയും ചിലപ്പോൾ മലയുമാകാം
ഉണർത്തീടൊല്ലാരും ഉറങ്ങട്ടേ ശാന്തമായ്


2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ധ്രുവ നക്ഷത്രത്തേയും കാത്ത്...






തീരത്തിലേക്ക് നയിക്കാൻ
ഒരു ധ്രുവ നക്ഷത്രം പോലുമില്ലാതെ
ഇരുട്ടിന്റെ മഹാസമുദ്രത്തിലൊരു
നൗക ഗതിയില്ലാതെ അലയുന്നുണ്ട്

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കൂർത്ത മൌനങ്ങൾ
പ്രഹേളികയുടെ പുറന്തോടിൽ
ചിലതൊക്കെ ആലേഖനം ചെയ്യുന്നുണ്ട്

അഭിനവ ഖദർധാരികളാൽ
മാനഭംഗം ചെയ്യപ്പെട്ട ഒരു വൃദ്ധൻ
തെരുവിൽ കുനിഞ്ഞു നിന്ന്
കണ്ണീർ വാർക്കുന്നുണ്ട്

അവകാശ സമരങ്ങളുടെ
ഇങ്കുലാബ് വിളികൾക്കിടയിൽ
യൂണിയൻ നേതാവിനൊരു
കൊട്ടാരമുയരുന്നുണ്ട്

ഗംഗയുടെ ആത്മാവിനുള്ളിൽ
വിഷ സർപ്പങ്ങൾ കൂട് കൂട്ടിയപ്പോൾ
പോഷകനദികൾ ഭാരമാണെന്ന്
അവൾ മുറുമുറുക്കുന്നുണ്ട്

പല ശുഭയാത്രകളും
യൂദാസിന്റെ മനസ്സിൽ നിന്നാരംഭിച്ചു
സാത്താന്റെ കൊട്ടാരത്തിൽ
ചെന്നവസാനിക്കുന്നുണ്ട്

ജന്നത്തിലേക്ക് നീണ്ടു പോകുന്ന
മാദീനാ പാതയുടെ ഗതി
നരകത്തിലേക്ക് തിരിച്ചു വിടാൻ
ചിലർ ശ്രമിക്കുന്നുണ്ട്

നക്ഷത്രങ്ങൾ ഉരുകിയൊലിക്കുമ്പോൾ
ഗ്രഹങ്ങൾ ഛിന്നഭിന്നമാകുമ്പോൾ
ചന്ദ്രൻ പൊട്ടിപ്പിളരുമ്പോൾ
ഒരു കുരുവി ഇങ്ങനെ തേങ്ങാതിരിക്കില്ല
'എന്തിനായിരുന്നു ഇതെല്ലാം '