കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മാലാഖയും ചെകുത്താനും


'മൂല്യമുള്ള ഒരു കൂട്ടം സാധനങ്ങൾ ഭൂമിയിൽ നിന്നും കൊണ്ടു വരിക'
എന്നതായിരുന്നു ദൈവത്തിന്റെ കല്പന .

മാലാഖ ഭൂമിയിൽ വന്നപ്പോൾ, ആദ്യം കണ്ടത് ചെകുത്താനെ.
മാലാഖയുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയപ്പോൾ
ചെകുത്താൻ സഹായിക്കാമെന്നേറ്റു .
അവൻ ദൈവത്തിന്റെ ശത്രുവായിരുന്നെങ്കിലും
മാലാഖയുടെ ശത്രുവായിരുന്നില്ല.
മാത്രമല്ല,ഭൂമിയുടെ പൊക്കിൾക്കൊടി  വരെ കണ്ടവനാണ് .

ചെകുത്താൻ മാലാഖയുടെ മുന്നിൽ കാഴ്ച വെച്ചത് ഇതൊക്കെയാണ് :

ഒരു രാത്രിയ്ക്ക് ലക്ഷങ്ങൾ വിലയുള്ള നക്ഷത്രവേശ്യയുടെ നക്ഷത്രക്കണ്ണുകൾ.
മനുഷ്യന്റെ സ്വച്ഛന്ദവികാരങ്ങളുടെ കൂമ്പുകളരിഞ്ഞ
എകാധിപതിയുടെ കുലീന ചിരി .
ജഠരാഗ്നിയുടെ വിഷാദശ്രുതികളെ പരിഹസിച്ചു   കടന്നു വരുന്ന  ഒരു അജീർണ്ണ ഏമ്പക്കം.
ജീവന്റെ തളിർക്കൂമ്പുകൾ കരിച്ചു കളഞ്ഞ ദുഷ്ടബുദ്ധിയുടെ കറുത്ത തലച്ചോറ് .
പിന്നെ,മതം മനുഷ്യനെ കശാപ്പു ചെയ്യാനുള്ള മരുന്നാക്കിയവരുടെ ചുവന്ന ചിഹ്നങ്ങൾ.

ചെകുത്താന്റെ സഹായങ്ങൾ നിരസിച്ച മാലാഖ തേടിപ്പിടിച്ചത്:

കാമറക്കണ്ണുകൾ കാണാതെ,വിശക്കുന്ന കുഞ്ഞിന്റെ വായിലേയ്ക്ക്
അപ്പം നീട്ടിയ വെളുത്ത കൈകൾ .
അപ്പോൾ,ആ കുഞ്ഞിന്റെ കണ്‍ക്കോണിൽ വിരിഞ്ഞ ആർദ്രതയുടെ മുത്തുമണികൾ.
പകൽ മുഴുവൻ ഓടി നടന്നു തളർന്നു,രാത്രി ഒന്നു നടു നിവർത്തുമ്പോഴും
മക്കളെക്കുറിച്ചോർത്ത് ഉരുകുന്ന അമ്മയുടെ കുഴിഞ്ഞ കണ്ണിലെ ആധി.
പലായനത്തിന്റെ തത്വശാസ്ത്രമറിയാതെ,വഴിയിൽ കണ്ട പൂവിനോടും പുൽച്ചാടിയോടും
കിന്നാരം പറയുന്ന കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത.
പിന്നെ,നിരാലംബന്റെ മൗനപ്രാർത്ഥനകൾ അടക്കം ചെയ്ത ഒരു മണ്‍കുടവും.

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

നിങ്ങളെന്തു ബാക്കിയാക്കി...

കല്ലാലുള്ള ഹൃത്തുള്ളോരേ,
ഹൃദയ കണ്‍പാർക്കൂ നിങ്ങൾ !

വിജനമാം തെരുവിന്റെ
ഇരുണ്ടൊരാ കോണില്‍നിന്നും
കിനാക്കളിൽ നിണംവീണ
പച്ചയായ മനുഷ്യന്റെ
വിലാപങ്ങൾ ഉയരുന്നു...

നിങ്ങളെന്തു ബാക്കിയാക്കി:

മൂളിമൂളി പറക്കുന്ന
യന്ത്രപ്പക്ഷി കൂട്ടങ്ങളെ

വട്ടമിട്ടു പറക്കുന്ന
ശവംത്തീനി   പക്ഷികളെ

പടപട ശബ്ദത്തോടെ
നടക്കുന്ന  ബൂട്ട്സുകളെ

കുടുകുടു ശബ്ദത്തോടെ
ശവംന്നീക്കും വണ്ടികളെ

കനവിന്റെ ഓർമ്മഭാണ്ഡം
പേറിയോടും ക്കൂട്ടങ്ങളെ

വിങ്ങിവിങ്ങി കരയുന്ന
നിസ്സഹായർ  കുരുന്നുകൾ

മാറത്തടിച്ചലറുന്ന
വിധവകള്‍ ഹതാശയര്‍
.
നീറി നീറി ഒടുങ്ങിടും
അര്‍ദ്ധപ്രാണജീവനുകൾ

തുച്ചമായ നേട്ടങ്ങൾക്കായ്
കാലത്തിന്റെ ചുമർകളിൽ
പലതും വരയ്ക്കും നിങ്ങൾ
ചിലതു തുടയ്ക്കും നിങ്ങൾ

നിങ്ങൾ വെട്ടി മാറ്റീടുന്നു
നിങ്ങളെ താൻ,ഓർത്തീടുക...

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കാലമാപിനികൾ മുതുകിൽ പേറി...

കാലം
സർവ്വചരാചരങ്ങൾക്കുമായി
പലതുള്ളികളായി ഭാഗിക്കപ്പെട്ടിരിക്കുന്നു.
കാലമാപിനികൾ മുതുകിൽ പേറി
സ്ഥലരാശികളിൽ അലയുന്നു
സ്ഥാവരജംഗമങ്ങൾ.
ഒരു മാപിനി നിലയ്ക്കുമ്പോൾ
ഒരു പകൽ ഭ്രമണം തെറ്റി ചിതറി വീഴുന്നു.
ചുറ്റും പരന്നു കിടക്കുന്ന
കാലത്തിന്റെ ജഡത്തുള്ളികൾ
നക്കിയെടുത്തു ഭീതിദമാകുന്നു  രാത്രി .
നക്ഷത്രങ്ങൾ തിളങ്ങാത്ത
ചന്ദ്രപ്രഭ തെളിയാത്ത
ചീവിടുകൾ കരയാത്ത
രാത്രി ആഗതമായാൽ
അറിയുക
നിങ്ങളെ പിന്നിലുപേക്ഷിച്ചു
കാലം കടന്നു കളഞ്ഞിരിക്കുന്നു.

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

പരിപാലകൻ (നുറുങ്ങു കവിതകൾ)


എല്ലാം സ്വന്തമെന്നായിരുന്നു വിചാരം
പരിപാലകനായിരുന്നു എന്ന് കാലം 
ഇനി,ജീവൻ വിലയായി കൊടുത്ത്
ഇത്തിരി മണ്ണ് വാങ്ങണം
ശവപ്പറമ്പിലെ ഒഴിഞ്ഞ കോണിൽ

ജീവിതം

രാത്രിയിൽ നിന്നും
രാത്രിയിലേയ്ക്കൊരു യാത്ര
ഇടയ്ക്കൊരു അവ്യക്ത പകൽ


കർമ്മഫലം

വന്നതു  കണ്ടു ചിരിച്ചതല്ലേ
പോകുന്നതു കണ്ടു കരഞ്ഞോളൂ
കർമ്മഫലം


പേപ്പട്ടികൾ

അവൾ തെരുവിൽ
നാക്കും നീട്ടി പേപ്പട്ടികൾ
കൊല്ലാതെ ഇങ്ങനെ വിട്ടാൽ....

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ശവപ്പറമ്പിലെ കോണ്‍ക്രീറ്റ് കൂടുകള്‍

ഓർമ്മകളുടെ രാത്രിയിൽ
തവളകളും ചീവിടുകളും കരയുന്നു
വഴി തെറ്റിപ്പോയ കാറ്റിന്റെ സ്മരണയ്ക്കായി
മേനിയിൽ വിരിയുന്നു വിയർപ്പുമണികൾ
നട്ടപ്പാതിരയ്ക്ക് പടിയിറങ്ങി പോയ
ഉറക്കത്തിന്റെ തിരിച്ചുവരവും കാത്ത്
കോണ്‍ക്രീറ്റ് കൂട്ടിൽ വേവുമ്പോൾ
അടിയിലെ  വലിയ ശവക്കുഴികൾ 
തുറന്നു വരുന്നു....

കാറ്റിനോടു  ഒന്നും രണ്ടും പറഞ്ഞു
പൊട്ടിച്ചിരിക്കുന്ന കതിർക്കുലകളെ
സ്വപ്നം  കണ്ടു തേങ്ങിയുണരുന്നു
പാടത്തിന്റെ ആത്മാവ്

ആട്ടിൻപറ്റത്തെ കാവലേൽപ്പിച്ച്
ഒന്ന് മയങ്ങുമ്പോൾ
നെറുകയിൽ മണ്ടിക്കളിച്ചു ഉണർത്തുന്ന
കുസൃതിക്കാറ്റിനോട്‌ പിണങ്ങുന്നതായി
സ്വപ്നം കണ്ടുണരുന്നു
കുന്നിന്റെ ആത്മാവ്

വിഷച്ചോറ് തിന്നു
വിഷം തുപ്പി മരിച്ചവർക്ക്
അഞ്ജലികൾ അർപ്പിച്ച് കൊണ്ട്
ഏതോ നെല്ലറയുടെ അസ്ഥിത്തറയിൽ നിന്ന്
വിലാപത്തിന്റെ നാടൻ ശ്രുതികളുയരുന്നു

ഭൂമിയുടെ കണ്ണീരിൽ മുങ്ങി
അവസാന ജീവനും മായുന്നത് വരെ
വീണ്ടുവിചാരത്തിന്റെ വാതായനങ്ങൾ
അടഞ്ഞു തന്നെ കിടക്കുമെന്ന്
ഉണ്മയുടെ വെളിപാട്പുസ്തകം പറയുമ്പോൾ
ബോധത്തിന്റെ പച്ചഞരമ്പുകളിൽ
അണകെട്ടി നൃത്തമാടുന്നു
കോണ്‍ക്രീറ്റ് രൂപങ്ങൾ !







2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഹിമബിന്ദു പിരിയുമ്പോള്‍


അവളുടേത്‌ ആത്മഹത്യയായിരുന്നോ..?

തൂവെള്ള സാരിയണിഞ്ഞു
സത്യ,സമത്വ സ്വാതന്ത്ര്യങ്ങളുടെ
സുഗന്ധവാഹികൾ തലയിൽ ചൂടി
കൊലുസ്സുകളിൽ,ഭാഷകളുടെ
വെള്ളിമണിക്കിലുക്കങ്ങളുമായി
നിഷ്കളങ്കതയുടെ
നേർത്ത ചിരിയൊഴുക്കുമായി
അവൾ ചെന്നു കേറിയത്‌
ചെകുത്താന്റെ കൊട്ടാരത്തിൽ
രാപാർക്കാനായിരുന്നു !
അതിൽ പിന്നെയാണ്
അധികാര,അഴിമതി അരാജകത്വത്തിന്റെ
കറുത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു
മടുത്ത മനസ്സുമായി
അവൾക്കു ആത്മഹത്യ ചെയ്യേണ്ടി വന്നത്
അത് കൊലപാതകമായിരുന്നോ ?
മുറുമുറുപ്പുണ്ട് .
ഉത്തരവാദി ഞാൻ..?  നീ..?

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ഘടികാരം വിൽപനക്കാരന്‍

അവസാനത്തെ ഘടികാരവും
ചുമന്നു നടക്കുകയാണ് ഞാന്‍!

ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി
കുന്നുകളും മലകളും കേറി
ബാക്കിയെല്ലാം വിറ്റു തീര്‍ന്നപ്പോള്‍
കയ്യിലുണ്ടായിരുന്നത് 
അന്യം നിന്ന രാജവംശത്തിന്റെ
എടുക്കാനാണയങ്ങള്‍

മൂല്യം നശിക്കാത്ത കാശിന്
ഇതെങ്കിലുമൊന്നു വിറ്റിട്ടു വേണം
വിശ്രമിക്കാന്‍

ഒരു ചെറു പൈതലിന്റെ കണ്ണീരു വാങ്ങിയോ
പീടികത്തിണ്ണയില്‍ ചുരുണ്ടു കിടക്കുന്ന
ഭ്രാന്തന്റെ വിശപ്പ്‌ വാങ്ങിയോ
അശരണന്റെ  നെടുവീര്‍പ്പു വാങ്ങിയോ 
നിസ്സഹായന്റെ ഭയം വാങ്ങിയോ
ഞാനിതു വില്‍ക്കും

എന്താണ് ഈ  കാണുന്നത് !!
ഞാന്‍ ഘടികാരം ചുമക്കുകയായിരുന്നില്ല
അത് എന്നെ ചുമക്കുകയായിരുന്നു...

എന്നെ താഴെയിറക്കി
ഘടികാരം നടന്നു  പോകുന്നു.....

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

സൂര്യൻ ഉദിക്കാതിരിക്കില്ല...

പ്രജ്ഞയുടെ പടിവാതിൽ
തകർത്തു വരുന്നു
അന്ധകാരത്തിന്റെ പ്രചണ്ഡവാതങ്ങൾ

വെളിപാടിന്റെ അവസാന
അണുവും നക്കിത്തുടച്ചു
തലയോട്ടിക്കുള്ളിലെ ഘനാന്ധകാരത്തിൽ
മുട്ടയിട്ടു പെരുകുന്നു പിശാചുക്കൾ

ആവർത്തനങ്ങളുടെ
രസവാദവിദ്യകൾ
നുണകളുടെ ഗൂഢ ലോഹത്തുണ്ടുകളെ  
സത്യത്തിന്റെ മഞ്ഞ ലോഹങ്ങളാക്കി മാറ്റുന്നു

പച്ചച്ചോര ചൊരിഞ്ഞും ഉയിരു കൊടുത്തും
വെട്ടിത്തെളിച്ച ചരിത്രവീഥികൾ
വിഷലിപ്തമായ
കറുത്ത മഷിയിൽ മുങ്ങി മരിക്കുന്നു

മുനിഞ്ഞു കത്തുന്നൊരു
വഴിവിളക്കു പോലുമില്ലാത്ത
ഇരുൾ പെറ്റു കിടക്കുന്ന പാതകളിലൂടെ
പ്രാണനും ചുമന്നിഴയുന്നു ജീവിതങ്ങൾ

സമശീതോഷ്ണ മുറികളിലിരുന്നു
രചിക്കപ്പെടുന്ന തിരക്കഥകളുടെ
വിധിഭാണ്ഡം പേറുന്നവരേ
കാത്തിരിക്കുക....
ഈ രാത്രി പുലരാതിരിക്കില്ല....
ഒരു സൂര്യൻ ഉദിക്കാതിരിക്കില്ല....

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച