കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, മാർച്ച് 30, ഞായറാഴ്‌ച

വേട്ടക്കാരെ സ്നേഹിക്കുന്ന ഇരകൾ

          1
വേട്ടക്കാരൻ
ശിശിരനിദ്രയിലാണ് !
ശൗര്യം മാഞ്ഞിട്ടില്ല
വായിലെ ചോരമണം പോയിട്ടില്ല
ദംഷ്ട്രങ്ങൾ ഒരു ചിരിയിൽ
പൊതിഞ്ഞുവെച്ചിരിക്കുകയാണ് ...
ഓരോ ശിശിരനിദ്രയിലും
വേട്ടക്കാരൻ ഇരയെ സ്നേഹിക്കുന്നു !
ഓരോ ശിശിര നിദ്രയിലും
പതിന്മടങ്ങു ശക്തിയോടെ
അവൻ പുനർജ്ജനിക്കുന്നു !
അവന്റെ ആശ്ലേഷത്തിലമരുന്ന
ഇരക്കു ചാരിതാർത്ഥ്യം..
              2
ഇരകളാണെന്നറിയാത്ത
ഇരകളെന്നും
ഇരകളായിരിക്കും !
നൈവേദ്യം സമർപ്പിച്ചത്
ദേവനല്ലെന്ന തിരിച്ചറിവിന്റെ
ഒരു കാലം വരുമായിരിക്കും-
ഇരകളുടെ വജയത്തിന്റെ കാലം ...
ഇരകളങ്ങനെയാണ്
അവർ വേട്ടക്കാരെ
സ്നേഹിച്ചുകൊണ്ടേയിരിക്കും !

2014, മാർച്ച് 27, വ്യാഴാഴ്‌ച

മഹാ നിദ്രയ്ക്കായ്

കളഞ്ഞുപോയ യൗവനം തിരഞ്ഞൊരു വാര്‍ദ്ധക്യം
കുനിഞ്ഞു ,വടിയുംകുത്തിപ്പിടിച്ചു നടക്കുന്നു ...
*******************************
നടന്നു നടന്നു തളർന്നൊരു ദേഹം
മഹാ നിദ്രയ്ക്കായ് ഇരുളിൻ മടിയിൽ
******************************
ഉണർവിലേകാനാകാത്തൊരീയുപഹാര-
മിനിയേകേണ്ട നീയുറക്കത്തിൽ
******************************
ശൂന്യതയുടെ കൊക്കൂണ്‍തുറന്നൊരു എത്തിനോട്ടം!
പിന്മാറ്റത്തിന്നുമുമ്പ്,

അർത്ഥഗർഭമൗനമൊളിപ്പിച്ച വാചാലത
*****************************
വാടാതെ കാത്തൊരീ പൊൻപ്പൂക്കൾ ചൂടുവാ-
നാകാതെ പോയി നീ തീരാത്തൊരോർമ്മയായ്
****************************
കൊടുക്കൽവാങ്ങലുകൾക്കിടയിലൂർന്നുവീണ ജീവൻ
തിരികെവരുന്നതും കാത്തൊരനാഥ ജഡം !

2014, മാർച്ച് 23, ഞായറാഴ്‌ച

തോന്നലുകൾ

തനിച്ചൊരു വരവും തനിച്ചൊരു പോക്കും,
ഇടവേളയേകാന്തമായിരിക്കുമെന്നറിയുമ്പോഴും
പരസ്പരം കൂട്ടാകുമെന്നു നാം ആണയിടുന്നു.
പ്രത്യക്ഷകാഴ്ചകൾക്കു നേരെ കണ്ണടച്ചു
ഒരു മിഥ്യാലോകം മെനെഞ്ഞെടുക്കുന്നു.
കുറെ തോന്നലുകളുടെ ഭാണ്ഡവുംപേറി
മായികക്കാഴ്ചയിലൂടെ ഒരു സഞ്ചാരം .
ഉള്ളതിനെ മറച്ചു ,ഇല്ലാത്തതിനെ കാണിക്കുന്ന
ജാലവിദ്യക്കാരന്റെ മുന്നിൽ ചമ്രംപടിഞ്ഞിരിക്കുന്നു .
വെളിച്ചത്തോടൊപ്പം മാഞ്ഞു പോകുന്ന
ഒരു നിഴലാണ് നീയെന്നറിയുമ്പോഴും,
എന്റേതു മാത്രമെന്നു അഹങ്കരിക്കുന്നു .
നമ്മിലൊരാൾ ബാക്കിയാകുന്നതു വരെ,
മുന്നിൽ പതിയിരിക്കുന്ന സത്യത്തിന്റെ
കൂർത്ത മുള്ളുകളേറ്റു പിടയാതിരിക്കാനെങ്കിലും,
തോന്നലുകളെ നമ്മുക്കു സ്നേഹിക്കാം !

2014, മാർച്ച് 12, ബുധനാഴ്‌ച

പ്രണയമിഥ്യകൾ


വാടാതെ കാത്തു ഞാനിക്കാലമത്രയും
ചൂടാതെ പോകയോ ഈ സ്നേഹപ്പൂവു നീ
നിൻകരൾ തന്ത്രിയിൽ മീട്ടാതെ പോയൊരു
ഗാനമാണോമലേയെന്റെയീജീവിതം

തപ്തമെൻചിന്തയിൽ ശക്തിയാൽവീശുന്ന
കാറ്റിന്റെ കാണാത്ത  നോവാണു പ്രണയം   
ഹ്രസ്വമീജീവിതം വാടിടും മുമ്പു നാ-
മേവരുമാടേണ്ട  നാടകം ; പ്രണയം

ദൂരേ തിളങ്ങുന്ന താരകം,കൗതുകം!
ചാരേയണഞ്ഞാലോ നാശവും ,നിശ്ചയം !
തങ്കക്കിനാക്കൾ തൻ  മായികസൗരഭം 
മിഥ്യകൾ  മാത്രമാം,മാഞ്ഞിടാം  തൽക്ഷണം!

സന്തോഷമാകിലും സന്താപമാകിലും
ആടി നാം തീർക്കണം ജീവിതനാടകം
എങ്കിലും,കത്തുമീ ജീവിതദീപത്തി-
നിത്തിരിയെണ്ണയായ് പ്രണയമെന്നും .

2014, മാർച്ച് 10, തിങ്കളാഴ്‌ച

സമയം

സമയം


ആദ്യ പ്രതിഷേധത്തിന്റെ 
കൈകാലിട്ടടികൾക്കിടയിലായിരുന്നു 
ഞാനതു  കേട്ടത് ...
ടിക്.....ടിക്.....ടിക്.....ടിക്
ഭിത്തിയിൽ തൂങ്ങിനിന്നുകൊണ്ടതു
അതിന്റെ 
ആദ്യസാന്നിദ്ധ്യമറിയിക്കുകയായിരുന്നു .

അതിനു മുമ്പേ 
എന്റെ ഹൃദയഭിത്തികളിൽ 
അതു വേരിറക്കി കാണണം 
അവിടേയും 
സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു 
ടിക്.....ടിക്.....ടിക്.....ടിക്


കയ്യിൽനിന്നു 
എപ്പോഴും വഴുതിപ്പോകുന്ന 
ഒരു കിഴവൻമീൻ 

ഒരിക്കലുമിണങ്ങാത്തൊരു മൃഗംപോലെ
എപ്പോഴും
എനിക്കുമുമ്പേ ഓടിക്കൊണ്ടിരിക്കുന്നു 

സ്വന്തമെന്നു 
കരുതിയപ്പോഴെല്ലാം 
നിന്ദയോടെ ഒഴിഞ്ഞുമാറി 

കുതിപ്പുകൾക്കിടയിലെ 
കിതപ്പുകൾക്കു കാതോർക്കാതെ 
അതിനെ പിന്തുടർന്ന പരാജിതൻ ഞാൻ 

എനിക്കു മുമ്പേ തുടങ്ങിയ,
ഞാനവസാനിച്ചാലും
അവസാനിക്കാത്ത
അതിന്റെ  ഈ ഓട്ടം 
ഇനിയെന്നാണവസാനിക്കുന്നത്...?

2014, മാർച്ച് 4, ചൊവ്വാഴ്ച

കാക്കജന്മം

കാക്കജന്മം

ശരീരമൊത്തിരി കറുത്തിട്ടാണെങ്കിലും
മനസ്സിത്തിരി വെളുത്തിട്ടാണ്‌ 

ഹൃദയത്തിലടിഞ്ഞു കൂടിയ കറുപ്പ് 
വെള്ളച്ചിരി കൊണ്ടു മറയ്ക്കുന്നവരല്ല 

മാലിന്യങ്ങളെല്ലാം കൊത്തിപ്പെറുക്കി 
വൃത്തിയാക്കിയിട്ടുള്ളൂ ഇതു വരെ 

മനസ്സിലെ മാലിന്യങ്ങൾ പെറുക്കാനുള്ള
മാന്ത്രിക വിദ്യ വശമില്ലാത്തവരാണ്

ഉപദ്രവിക്കാൻ വരുന്നവരെക്കണ്ടാൽ
പറന്നൊളിക്കുകയാണു പതിവ്

ആജന്മം കൊത്തിപ്പെറുക്കി കൂടെ നിന്നിട്ടും
അപരിചിതരായ ജന്മങ്ങൾ

കുളിച്ചു ശുദ്ധിവരുത്തുന്ന ഞങ്ങളെ കാണുന്നത്
അപശകുനമാണ് നിങ്ങൾക്ക്

കൂടുതൽ ഉയരത്തിൽ പറന്നാൽ
ചിറകുകൾവെട്ടി താഴെയിടും

ചാടിച്ചാടി നടക്കുന്നതു കണ്ടാൽ
തീണ്ടാപാടകലെ മാറ്റി നിർത്തും

ഉയർത്തുകയില്ല ;സ്വയമുയരാൻ സമ്മതിക്കില്ല
നികൃഷ്ടജന്മമെന്നു ആണയിടും

ചില ജന്മങ്ങളങ്ങനെയാണ്
കണ്‍മുന്നിലുണ്ടായാലും കാണാതെപോകുന്നു

2014, മാർച്ച് 2, ഞായറാഴ്‌ച

തലവിധി

തലവിധി പലവിധ-
മതുപല വഴികളിൽ
കെണിയുംവെച്ചിരിക്കുന്നു
തലവെട്ടിക്കളഞ്ഞാലും
തലതല്ലിക്കരഞ്ഞാലും
തലവിധി നിലയ്ക്കുമോ ?
ഇരുളിന്റെ  മറപറ്റി
ചിലരൊക്കെയെറിയുന്ന
ഒലിയമ്പീതലവിധി
കോട്ടുംസൂട്ടുമണിഞ്ഞവർ
തരംപോലെ നിർമമിക്കുന്നീ
തരംതാണ ദുർവിധികൾ
'ജനവിധി' മറപറ്റി
തലകാക്കാൻ വന്നവരേ
തലമാത്രം വെട്ടീടല്ലേ