കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ബാപ്പുജിയോടു മാത്രം ചില വാക്കുകൾ


 ബാപ്പുജീ ,
ഓർക്കണമായിരുന്നു ...  
ബോധിവൃക്ഷത്തണലിൽ
വിരിഞ്ഞ തലച്ചോറുകളോ
ഉദ്ഭാവനത്തിന്റെ നറും നിലാവോ 
സഹിഷ്ണുതയുടെ തെളിർ നീരരുവികളോ 
സഹനത്തിന്റെ അമ്മ മനസ്സോ 
ഉരുവം കൊള്ളാതെ,
ഭീതിത ശൂന്യതയുടെ വേതാളനൃത്തം 
അരങ്ങു തകർക്കുന്ന 
ശുഷ്കിച്ച തലച്ചോറുകളെ
കുടുംബഭാരം എൽപ്പിച്ചു
അങ്ങു മടങ്ങരുതായിരുന്നു ..!

മാവേലിയെപ്പോലെ,
വർഷത്തിലൊരിക്കൽ 
അങ്ങു  വരണമായിരുന്നു ...

സംഭ്രമവിഭ്രാന്തികളുടെ നിലയ്ക്കാത്ത 
ചോരപ്പുഴയിൽ നീന്തിത്തുടിച്ചു 
ഉന്മൂലനസിദ്ധാന്തം 
രചിക്കുന്ന  ഞങ്ങളെ കാണാൻ ...

അങ്ങു  വിഭാവനം ചെയ്ത 
ഭാരതത്തിന്റെ അത്മായ ഗ്രാമങ്ങൾ
പ്രഹേളികയുടെ തമോഗർത്തങ്ങളിൽ 
പ്രാണനു വേണ്ടി പിടയുന്നത് കാണാൻ ...


അറ്റ്ലാന്റിക് തീരത്തിലൂടെ 
നഗ്നനായ് ചൂണ്ടയിട്ടു നടക്കുന്നവന്റെ 
അടുത്തു പണയം വെച്ച 
പിൻഗാമികളുടെ തലച്ചോറ് വീണ്ടെടുക്കാൻ ...


ജഠരാഗ്നിയാളി കത്തി 
ചത്തൊടുങ്ങിയവന്റെ
ചീഞ്ഞളിഞ്ഞ മാംസം കൊത്തി തിന്നുന്ന 
ശവംത്തീനികളെ കാണാൻ ...


ബാക്കിയായ 
അമ്മയുടെ താളഭംഗം വന്ന ഹൃദയം കൂടി 
പിഴുതെടുക്കാൻ ഒരുമ്പെടുന്ന 
അന്ധരായ മക്കളെ കാണാൻ 

അങ്ങു  വന്നാലും 
ഇവരെ ഒരിക്കലും കാണാതെ പോകട്ടെ ...
പെങ്ങളുടെ മടിക്കുത്തഴിച്ചവനെ 
മകളിൽ ജീവന്റെ വിത്ത് പാകിയവനെ 
സഹജന്റെ ജീവൻ 
അവനറിയാതെ അറുത്തു മാറ്റിയവനെ...

ബാപ്പുജീ, 
അങ്ങു വരാതിരിക്കുന്നതാണ് നല്ലത് ...
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ചെറിഞ്ഞു
സ്വാതന്ത്ര്യ പീയൂഷം 
വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ 
അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
വേണ്ട ബാപ്പുജീ, അങ്ങു  വരേണ്ടാ..!
ഒരിക്കലും ...

16 അഭിപ്രായങ്ങൾ:

  1. വരാതിരിക്കയാണ് ഭേദം

    കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  2. എല്ലാവരും ബോധി വൃക്ഷചുവട്ടില്‍ ഇരിക്കണം. വല്ല മാറ്റവും ഉണ്ടായാലോ...അതുകഴിഞ്ഞാവട്ടെ ആ വരവ്.കവിതയെ സമീപിച്ച രീതിയും അവതരണവും നന്നായി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സ്വയം ഒരു ഗോട്സെ ആവും ബാപ്പുജി വീണ്ടും വന്നാല്‍ നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. അങ്ങ് വരാതിരിക്കുന്നതാണ് നല്ലത് ...
    പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ
    പൊട്ടിച്ചെറിഞ്ഞു, സ്വാതന്ത്ര്യ പീയൂഷം
    വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ
    അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
    വേണ്ട ബാപ്പുജീ, അങ്ങ് വരേണ്ട !
    ഒരിക്കലും ...

    മറുപടിഇല്ലാതാക്കൂ
  5. അതേ, ബാപ്പുജി അങ്ങ് വരാതിരിക്കുന്നതാണ് നല്ലത് ...!

    കവിത നന്നായി ട്ടോ ...

    മറുപടിഇല്ലാതാക്കൂ
  6. ബാപ്പുജീ ..അങ്ങ് വരരുതേ എന്ന് തന്നെയാണ് എന്റെയും പ്രാർത്ഥന ... നല്ല കവിത ..

    മറുപടിഇല്ലാതാക്കൂ
  7. ഇന്നത്തെ കാലത്ത് ബാപ്പുജി വന്നാല്‍ ഒരു വെടിയും വെയ്ക്കാതെ തന്നെ അദ്ദേഹം ഹൃദയം സ്തംഭനം മൂലം മരിച്ചു പോകും. അത്ര നല്ല രീതിയില്‍ ആണല്ലോ നമ്മുടെ നാട് പുരോഗമിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  8. ബാപ്പുജീ,
    അങ്ങ് വരാതിരിക്കുന്നതാണ് നല്ലത് ...
    പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ
    പൊട്ടിച്ചെറിഞ്ഞു, സ്വാതന്ത്ര്യ പീയൂഷം
    വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ
    അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
    വേണ്ട ബാപ്പുജീ, അങ്ങ് വരേണ്ട !
    ഒരിക്കലും ...

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...