കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013 മേയ് 29, ബുധനാഴ്‌ച

അശ്രുപൂജ

പൂനിലാ പുഞ്ചിരി മാഞ്ഞൊരു രാത്രിയിൽ
താമരപ്പൊയ്ക മയങ്ങുന്ന രാത്രിയിൽ
ശീതക്കാറ്റെങ്ങുമലയുന്ന രാത്രിയിൽ

എന്നുടെ നിദ്രയെ ഭംഗിച്ചു കൊണ്ടൊരു
കുഞ്ഞിളം പൈതലിൻ കുഞ്ഞിളം തൊണ്ടയിൽ
നിന്നു,മുതിരുന്ന രോദനം വന്നെത്തി !


മന്മനമാകെയശാന്തി വിതറിയോ-
രാരോദനം വന്ന വഴി തേടിയെത്തവേ
അമ്മ തൻ നിശ്വാസ ചൂടിൽ മയങ്ങേണ്ട

പിഞ്ചിളം കുഞ്ഞൊന്നഴുക്കുചാലിൽ കാണ്മൂ !
ചോരയും ചെളിയും പുരണ്ടൊരാ മേനിയിൽ
നൃത്തമാടീടുന്നുറുംമ്പുകളെമ്പാടും ...

 
എന്തെന്തു പാപം, നീ,ചെയ്തു പൂമ്പൈതലേ ?
ഏതു ശിലകളാൽ നിർമ്മിത ഹൃദയനും
അലിവു ചുരത്തിടുമീക്കാഴ്ച നിശ്ചയം !

ജീവന്റെ വിത്തേകി മാഞ്ഞൊരാ അച്ഛനും
അത് നൊന്തു താങ്ങി നടന്നൊരാ അമ്മയും
മേവുന്നു മാന്യരായാമോദത്താൽ ...!


പ്രഹർഷം തേടിയ ശുഭയാത്രയിൽ
അശുഭമായ്‌ വന്നൊരു പഞ്ചാത്മകം !
ഒരു നറും സ്വപ്നവുമായ് വന്ന കുഞ്ഞിനെ

കാലമെതിരേറ്റഴുക്കുചാലിൽ ...
പണിയട്ടെ സമ്പന്ന സംസ്കാര മുദ്രകൾ
തെളിയട്ടെയിങ്ങിനെ സംസ്ക്രിതികൾ !


നിശ്ചേഷ്‌ടൻ,ഈ എന്നെ ദൃഷ്ടനാക്കി
പൈതലിൻ ജീവൻ പറന്നു പോയി !
സംവത്സരങ്ങൾ കൊഴിഞ്ഞു പോയെങ്കിലും

മനസ്സിലൊരു കുഞ്ഞിൻ തേങ്ങൽ കേൾപ്പൂ..!
തപിക്കും മനസ്സാലൊരശ്രുപൂജ
ബാഷ്പാംബു മഷിയാക്കി ഈ വരികൾ ...

2013 മേയ് 24, വെള്ളിയാഴ്‌ച

തനിയേ നമ്മൾ

തനിയേ നമ്മൾ  - തത്ത്വചിന്തകവിതകള്‍


വലിയൊരീ ലോകത്ത് തനിയേ മേവും
ഏകാന്ത പഥികരാണല്ലോ നമ്മൾ ...
തമസ്സിൻ അനന്തമാം ഭൂവിൽ നിന്നും
മന്നിതിൽ വന്നതു തനിയേ നമ്മൾ ...

ജീവിത വീഥിയിലങ്ങോളമിങ്ങോളം
എകരായ് യാത്ര തുടർന്നിടുന്നു...
മൃത്യുവിൻ ഗുഹ തേടി പോകുമ്പോളും
എകരായ് തന്നെ നാം നീങ്ങിടുന്നു ...

എങ്കിലുമൊരുവേള ഏകരല്ലന്നൊരു
മിഥ്യാഭ്രമം നമ്മെ ബാധിക്കുന്നു !
തീവ്രമാം സ്നേഹത്തിൻ മായിക പ്രഭയാലെ
ഏകരല്ലന്നൊരു തോണൽ മാത്രം !

മധുര മനോഹര രാഗമീ ജീവിതം
പാടാനറിയുന്നവർക്കു മാത്രം !
പാട്ടറിയാത്തവർക്കൊക്കെയും ജീവിതം
വാനരൻ കയ്യിലെ പൂമാലകൾ ..!

സമയം പുറകോട്ടു ചരിച്ചെങ്കിൽ..

ചങ്കിൽ കുരുങ്ങിയ
വാക്കിന്റെ ഭ്രൂണങ്ങൾ
ഒരു വേളയായ്
വരാം ചാപിള്ളകൾ !

നെഞ്ചിൽ കനത്തുള്ള
മഞ്ഞിന്റെ കട്ടികൾ
കണ്‍കളിൽ വറ്റാ-
ത്തൊരുറവയാകാം..

പാതയിൽ കാണുന്ന
മുള്ളൂകളൊക്കെയും
കാൽകളിൽ കൊണ്ടു
മുറിഞ്ഞു പോകാം ..

നോവിന്റെ വേവുകൾ
കനലാകും കനവുകൾ
എരിയുന്ന ചിന്തയിൽ
നീറി പിടഞ്ഞിടാം ..

നീതിത്തുലാസുകൾ
ദീനം പിടിപ്പെട്ടു
ദൈന്യതയാൽ മെല്ലെ
കണ്‍കളടച്ചിടാം ..

ചിന്ത തൻ ഭാരങ്ങൾ
ഒന്നിറക്കാനൊരു
പാഴ്മര തണൽ
പോലും കാണുന്നില്ല !

വീണ്ടും പിറകോട്ട്
സമയം ചരിക്കുകിൽ
ആശ്വാസമോടെ ഞാൻ
ശൂന്യനാകും ..!

2013 മേയ് 23, വ്യാഴാഴ്‌ച

കാപട്യം

മന്മനോ,വീണയി,ലള്ളി,പ്പിടിച്ചു,ക്കൊ-
ണ്ട,ഗ്നിയായ് പടരുന്ന കാപട്യത്തെ
മായ്ച്ചു കളഞ്ഞെന്നെ മോക്ഷ പഥം പൂകാൻ
അഖിലാണ്ട നായകാ തുണയേകണേ...

കാപട്യമെങ്ങും നിറഞ്ഞൊരീ ഭൂതലം
കനിവിൻ വരത്തിനായ് കേണിടുന്നു...
ഹിംസയിൽ ജീവിത,മൂട്ടി,യുറപ്പി,ച്ച-
ഹിംസ തൻ മന്ത്രങ്ങളോതിടുന്നു !
കത്തും പകയുടെയഗ്നി ഹൃദയത്തിൽ
ആളിച്ചു,മേവുന്നു, സൗഹൃദത്തിൽ !

തസ്കര,വീരന്മാരെ,മ്പാടു,മെമ്പാടും
ജനസേവകന്റെ,യുടുപ്പ,ണിഞ്ഞീടുന്നു !
ക്രൂരത ജീവിത താളമായ് തീർത്തവർ
അണിഞ്ഞു നടക്കുന്നു കാരുണ്യമേലങ്കി !
നിന്ദ്യനും നീചനും മാന്യനായ് മാറുന്നു ...
മാന്യന്മാരൊക്കെയും നിന്ദിതരാകുന്നു ...

ലുബ്ധൻമാരൊക്കെ നടത്തുന്നു ഭാഷണം
ഔദാര്യം വാക്കാൽ ചൊരിഞ്ഞീടുന്നു ...
സംഹാര മൂർത്തികൾ ശാന്തി തൻ ജാഥയിൽ
ശാന്തരായ് മുൻനിര നിന്നീടുന്നു ...!
ആരാണ് കപടന്മാ,രാരാ,ണെതിരാളി
ഒന്നുമീയിരുളിൽ തെളിയുന്നില്ല

മന്മനോ,വീണയി,ലള്ളി,പ്പിടിച്ചു,ക്കൊ-
ണ്ട,ഗ്നിയായ് പടരുന്ന കാപട്യത്തെ
മായ്ച്ചു കളഞ്ഞെന്നെ മോക്ഷ പഥം പൂകാൻ
അഖിലാണ്ട നായകാ തുണയേകണേ...

2013 മേയ് 21, ചൊവ്വാഴ്ച

ആസന്നമരണരായ രണ്ടു രോഗികള്‍

    ആസന്നമരണയായ് പുഴ തേങ്ങിടും നേരം
    ആശ്വാസിപ്പിക്കാനണഞ്ഞു കാട്
    ആശ്ലേഷമോടവരങ്ങിനെ നിന്നപ്പോള്‍
    ആ രംഗം കണ്ടൊരു കാറ്റും തേങ്ങി ...
    മാനുജര്‍ തന്നുടെ പീഡനമേറ്റൊരു
    കാടിനും നില്‍ക്കുവാന്‍ ആവതില്ല
    എങ്കിലും പുഴ തന്റെ കഥകള്‍ പറഞ്ഞപ്പോള്‍
    സാകൂതമങ്ങിനെ കേട്ടു നിന്നു :
   
    'മാരിവില്‍ പൊന്‍പ്രഭയാവാഹിച്ചങ്ങിനെ
    നാണം കുണുങ്ങി ഞാനൊഴുകിടുമ്പോള്‍
    പൂക്കള്‍ ചൊരിഞ്ഞെന്നെയെതിരേറ്റു നീ, അന്ന്
    എല്ലാമൊരോര്‍മയായ് തീര്‍ന്നുവല്ലോ ...
    ദാഹനീരേകിയും വിളകള്‍ നനച്ചിട്ടും
    സേവിച്ചു ഞാനേറെ മാനുജരെ
    പെട്ടന്നൊരു നാളില്‍ കാമാര്‍ത്തിയോടവന്‍
    എന്നുടെ താരുണ്യം കൈക്കലാക്കി !
    കുശലം പറഞ്ഞെന്നെയൂറിച്ചിരിപ്പിച്ച
    വിപിനങ്ങളൊക്കെ തുടച്ചു മാറ്റി
    വ്യവസായശാലകള്‍ കൊണ്ടെന്റെ പാര്‍ശ്വങ്ങള്‍
    ശബ്ദമുഖരിതമായി പിന്നെ ...
    കിളികള്‍ തന്‍ മധുരമാം കാകളി മാഞ്ഞപ്പോള്‍
    യന്ത്രഞരക്കങ്ങള്‍ കേട്ടു തേങ്ങി
    താരുണ്യം പൂവിട്ടോരെന്നുടെ ഗാത്രത്തെ
    മാലിന്യത്താലവര്‍ മ്ലേച്ചമാക്കി ...
    വ്യവസായശാലകള്‍ തള്ളുന്നു  മാലിന്യം;
    അറവുശാലകളും കൂടെ ചേര്‍ന്നു
    ആശുപത്രി മാലിന്യം,മത്സ്യാവശിഷ്ടങ്ങള്‍
    എല്ലാംക്കൂടെന്നില്‍ വിഷം നിറച്ചു !
    രാസമാലിന്യങ്ങള്‍ കുന്നു കൂടിയപ്പോള്‍
    വായുവിന്‍ അളവും കുറഞ്ഞു പോയി
    മണ്ണെല്ലാമൂറ്റിയവരെന്റെ മാറിടം
    ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു !
    'കോളിഫോം' പോലുള്ള മാരകാണുക്കളാല്‍
    സംഹാര മൂര്‍ത്തി ഞാനൊഴുകിടുമ്പോള്‍
    എമ്പാടുമെമ്പാടും ജീവന്‍ പൊലിയുന്നു
    മാനുജരൊന്നുമറിയുന്നില്ലേ   ?
    വ്യാധികള്‍ വ്യാധികള്‍ മാറാത്ത വ്യാധികള്‍
    എങ്ങും പടര്‍ന്നു പിടിച്ചിടുന്നു !
    ജീവിക്കാനാകുമോ കുടിനീരൊന്നില്ലെങ്കില്‍
    നാളുകള്‍ നാലിലുമേറെയായി !
    ഇരുന്നിടും കൊമ്പു മുറിക്കുന്ന മര്‍ത്യാ,നീ
    ഇത്തിരിയെങ്കിലും ചിന്തിച്ചിടൂ !
    തണ്ണീര്‍ത്തടങ്ങളെ കാത്തിടു മര്‍ത്യ,നീ
    ജീവന്‍  കുരുക്കണം നാളെയെങ്കില്‍ ...'
   
    പുഴ തന്റെ കദനങ്ങളോതി കഴിഞ്ഞപ്പോള്‍
    കാടും പറഞ്ഞു തുടങ്ങി മെല്ലെ :
   
    'എന്നുടെ വിരിമാറില്‍ ഏഴയകോടെ നീ
    കളകളമോടെയൊഴുകിടുമ്പോള്‍
    കണ്‍ക്കുളിര്‍ക്കോരുമാ കാഴ്ചകള്‍ കണ്ടു ഞാന്‍
    ആനന്ദാശ്രുക്കള്‍ പൊഴിച്ചിട്ടുണ്ട്  !
    മാലിന്യം കൊണ്ട് നിന്‍ ദേഹം കറുത്തപ്പോള്‍
    മാരികളെങ്ങും പരന്നു പാരില്‍
    പുഴവെള്ളം കൊണ്ടു നനക്കും കൃഷിയിടം
    മാരകാണുക്കള്‍ തന്‍ കേന്ദ്രമായി !
    അധികാരി വര്‍ഗ്ഗങ്ങള്‍ ഒത്താശ ചെയ്യുമ്പോള്‍
    കഴുകന്‍മാരെല്ലാം മുടിച്ചു തീര്‍ക്കും ...
    വേണം പൊതുജന മുന്നേറ്റമെമ്പാടും
    തടയുവാനീവക ചെയ്തികളെ ...
    അറിയേണമേവരും ജീവജലത്തിന്റെ
    സംരക്ഷണമെന്ന കര്‍ത്തവ്യത്തെ ...
    തടയേണമേവരും ഈ വക ചെയ്തികള്‍
    അല്ലെങ്കില്‍ ജീവിതം ശുന്യമാകും !
    ശേഖരിച്ചീടണം സംഭരണികളില്‍
    മഴവെള്ളമെത്രയും കൂട്ടുകാരെ ...
    മാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ചിടാത്തൊരു
    ശാലകളെല്ലാമടച്ചിടണം !
    അധികാരി വര്‍ഗ്ഗങ്ങള്‍ കണ്‍ത്തുറന്നീടണം
    ഉള്ള സംവിദാനം സജ്ജമാക്കൂ ...
    നിയമങ്ങലെത്രയും ഉണ്ടു നമ്മുക്കിന്നു
    പ്രാവര്‍ത്തികമാക്കാന്‍  ത്രാണിയുണ്ടോ ?

2013 മേയ് 18, ശനിയാഴ്‌ച

വേദപുസ്തകത്തിലെ ലിഖിതങ്ങൾ മാഞ്ഞപ്പോൾ

കാശത്തോട് പിണങ്ങിയ ഭൂമി
വിറക്കാൻ തുടങ്ങി ...
കടൽ അലറാൻ തുടങ്ങി ...
രാത്രിയുടെ ദംഷ്ട്രകളേറ്റു
മുറിവേറ്റു ജ്വലിക്കാൻ തുടങ്ങിയ പകലിനു
സൂര്യൻ അടുത്ത കൂട്ടുകാരനായി !
അപ്പോൾ വേദപുസ്തകത്തിലെ
ലിഖിതങ്ങൾ മാഞ്ഞത് കണ്ട
ഒരു കുരുവിയുടെ ഹൃദയം തേങ്ങി ...
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും
ചോരക്കൊണ്ട് ഉന്മൂലന സിദ്ധാന്തം രചിച്ചപ്പോൾ
തെരുവിന്റെ മൂലയിൽ വടി കുത്തി പിടിച്ചു നിന്ന
വൃദ്ധനായ പ്രതിമയുടെ ഹൃദയം രണ്ടായി പിളർന്നു !
കദറുകളും ചെങ്കൊടികളും ചോരമഷിയിൽ
പുതിയ തത്ത്വശാസ്ത്രങ്ങൾ മെനഞ്ഞു !
ധർമവും നീതിയും പുസ്തകത്താളുകളിൽ
മരിച്ചു വീണു:നീതിദേവത അവരോടൊത്തു മയങ്ങി !
അപ്പോൾ ഒരു കറുത്ത മേഘം
സൂര്യനെ മറച്ചു ...
അത് കണ്ട
ചെകുത്താൻ ചിരിച്ചു ...

അവൾ തിരിച്ചയച്ചത്

എന്റെ
ഹൃദയ താഴ്വാരങ്ങളിലൂടെ ഒഴുകുന്ന
ചുവന്ന പൂഞ്ചോല മഷിയാക്കി
ആത്മാവിന്റെ താളുകളിൽ
തരളിത സ്വപ്‌നങ്ങൾക്കൊണ്ടെഴുതിയ വരികൾ
അവൾ തിരിച്ചയച്ചു;ഒരു കുറിപ്പോടെ:
മനസ്സിലായില്ലെനിക്ക്,
നിങ്ങൾ ചുവന്ന മഷിക്കൊണ്ട്
കുത്തിക്കുറിച്ചതൊന്നും;
പകരം
സ്വർണ്ണമഷിയിൽ തിളങ്ങുന്ന
ഒരു ദൂത് ഞാൻ സ്വീകരിച്ചു ;
അയാളെന്നെ പട്ടണത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ
രാപ്പാർക്കാൻ ക്ഷണിച്ചിട്ടുണ്ട് !
അവൾ തിരിച്ചയച്ചത്
എന്റെ സ്പന്ദിക്കുന്ന ഹൃദയവും
പകരം സ്വീകരിക്കാൻ പോകുന്നത്
പുഴുക്കുത്തേറ്റ വെപ്പ് ഹൃദയവുമാണെന്നു
കാലം അവളുടെ കാതുകളിൽ മന്ത്രിക്കാതിരികില്ല !