കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, മേയ് 30, തിങ്കളാഴ്‌ച

കൈസുത്തയുടെ പൂച്ച

സസ്നേഹം ആഴ്ചപ്പതിപ്പ്


നേരം വെളുത്തു വരുന്നതേയുള്ളൂ .വൈക്കോൽകൊണ്ടു മേഞ്ഞ മേൽക്കൂരയിൽ എലികളും അണ്ണാറക്കണ്ണന്മാരും ഉണ്ടാക്കിയ പഴുതുകളിലൂടെ ചില നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കുന്നുണ്ട് .ഒപ്പം,കുളിർക്കാറ്റ് അരിച്ചിറങ്ങുന്നുണ്ട് .
ജന്മനാ സ്വാധീനമില്ലാത്ത ഇടതുകാൽ മടക്കി വെച്ച്,വളരെ പ്രയാസപ്പെട്ടു എണീറ്റിരുന്നു കൈസുത്ത .അവർക്കെന്നും വലതുകാൽ കൊണ്ടുള്ള സർക്കസ്സായിരുന്നല്ലോ ജീവിതം ! വാപൊളിച്ചു വിഴുങ്ങാൻ വന്ന ജീവിതത്തെ ഒറ്റക്കാലിൽ നിന്ന് നേരിട്ട ഒരു സ്ത്രീയുടെ ചരിത്രം കൂടിയാണ് അവരുടെ ജീവിതം .കൈസുത്തയുടെ തീറ്റയും കുടിയും ,കിടത്തവും, ഉറക്കവും ഒക്കെ ഒറ്റമുറിയിൽ ആയിരുന്നു .ചെവിടി മണ്ണ് കൊണ്ടു തേച്ച ചുമരും ചാണകം മെഴുകിയ അകവും .
അവർ തീപ്പെട്ടി തപ്പിയെടുത്തു വിളക്കു കത്തിച്ചു .രാത്രി എന്നും കൂട്ടു കിടക്കാറുള്ള പൂച്ചയെ വിളിച്ചുണർത്തുകയാണ് അടുത്ത പതിവ് .അതിന്നും ബന്ധങ്ങളൊന്നും ഇല്ലായിരുന്നു .പകൽ എവിടെയെങ്കിലുമൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കും .വിശപ്പിന്റെ ഉൾവിളികൾ ജീവാത്മാക്കളുടെമേൽ ശാപമായി പെയ്തിറങ്ങിയതു തൊട്ടാകണം അലച്ചിലുകളുടെ പലായനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടാവുക .!
കൈസുത്തയുടെ ദുഃഖം മുഴുവൻ ആവാഹിച്ചെടുത്തതു കൊണ്ടാകണം മരണംപോലെ കറുപ്പായിരുന്നു പൂച്ചയ്ക്ക് ..!
കൈസുത്തയുടെ കൂടെ കിടന്നില്ലെങ്കിൽ പൂച്ചയ്ക്ക് ഉറക്കം വരുമായിരുന്നില്ല .എവിടെപ്പോയാലും വൈകുന്നേരം തിരിച്ചെത്തിയിരിക്കും .ഒരിക്കൽ മാത്രം അതു വന്നില്ല .അന്നാരോ കാൽ തല്ലിയൊടിച്ചു ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നു .പൂച്ചയ്ക്കു കൈസുത്തയെ ജീവനായിരുന്നു .തിരിച്ചും അങ്ങനെയായിരുന്നു .തങ്ങൾ അനാഥരല്ലെന്ന് അവർക്കു തോന്നിയിരുന്നത് ഒരുമിച്ചുണ്ടായ നിമിഷങ്ങളായിരുന്നു
.ആരെങ്കിലുമൊരാളുമായി വിട്ടു പിരിയാൻ കഴിയാത്ത ആത്മബന്ധം ഉണ്ടാകുന്നത് നമ്മൾ ജീവിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം.അല്ലെങ്കിൽ നിയതിയുടെ നൂൽപാലത്തിലൂടെയുള്ള ജീവിതം എത്ര ദുഷ്കരമായേനെ...
കൈസുത്ത തിരിച്ചും മറിച്ചും നോക്കിയിട്ടും പൂച്ചയെ കാണുന്നില്ല .
വൈകിയാണെങ്കിലും എത്താറുള്ളതാണല്ലോ .മുമ്പത്തെപ്പോലെ,കണ്ണിൽച്ചോരയില്ലാതെ ആരെങ്കിലും വല്ല കടുങ്കൈയ്യും ചെയ്തോ .
' ഇന്റല്ലാഹ് ...ന്റെ കുട്ടിനെ കാണാന് ല്ലല്ലോ'
കൈസുത്തയ്ക്ക് ആധി പെരുത്തു ..കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ.അവർ വിതുമ്പി-സ്നേഹിക്കാനും ലാളിക്കാനും ആകെയൊന്നിനെയാണ് പടച്ചോൻ തന്നത് .അതും തിരിച്ചെടുത്തോ ?
മുമ്പ് പൂച്ചയെ കാണാതായ അന്ന് രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല .പിറ്റേന്നു വൈകുന്നേരം പൂച്ച ചതുക്കിച്ചതുക്കി വന്നപ്പോൾ കോരിയെടുത്തു തുരുതുരെ ഉമ്മ വെക്കുകയായിരുന്നു .
'റബ്ബിൽ ആലമിനായ തമ്പുരാനെ ... ആരേന്റ കുട്ടിനെ ങ്ങനെ ചെയ്തെ .ഓന് വെള്ളം കിട്ടാതെ ചാകും '
അന്ന് ലോകത്തെ മൊത്തം പ്രതിക്കൂട്ടിലാക്കി അവർ പ്രാകി ....
കൈസുത്തയ്ക്ക് ജീവിതം പോരാട്ടമായിരുന്നു .ഒറ്റക്കാലിൽ നിന്നു ഉശിരോടെയുള്ള പോരാട്ടം .
നിറങ്ങൾ തിരിച്ചറിയും മുമ്പ്, അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .അതും ഒറ്റക്കാലുള്ള ഒരു പെൺകുട്ടിയെ തനിച്ചാക്കിയിട്ട് ..
തുറിച്ചുനോക്കി പേടിപ്പിക്കുന്ന ജീവിതസമുദ്രം അതിന്റെ വലിയ വായ്‌ തുറന്നു മുന്നിൽ .ആരുടെയൊക്കെയോ കനിവിൽ വർണ്ണങ്ങളില്ലാതെ കൗമാരം കടന്നു പോയി .കണ്ടവന്റെയൊക്കെ അടുക്കള നിരങ്ങിയും,പാത്രം കഴുകിയും,പുരുഷഗന്ധം അറിയാതെയും യൗവനം പെയ്തു തീർന്നു .
ഇപ്പോൾ ജരാനരകളോടൊപ്പം ആധികളും വ്യാധികളും ശരീരത്തിൽ കൂടുകൂടിയിരിക്കുന്നു .എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു അവർക്ക് .ഇത്രയുംകാലം പിടിച്ചുനിന്നതല്ലേ .ഭിക്ഷാടനം അവർക്കു അന്യമായിരുന്നു .നിരങ്ങി നിരങ്ങിയെങ്കിലും ആരുടെയെങ്കിലും അടുക്കളപ്പുറത്തെത്തും .വല്ലതും ചെയ്തുകൊടുക്കും . ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കടിച്ചുകൂട്ടാൻ രണ്ടു ചീരാപ്പറങ്കി മുളകും പ്രതിഫലമായി കിട്ടും.കരുണകൊണ്ട് വർഷത്തിൽ എപ്പോഴെങ്കിലും പ്രമാണിമാർ എറിഞ്ഞുകൊടുക്കുന്ന സക്കാത്തരി കൊണ്ട് എന്താവാനാണ് ...
വൈകുന്നേരം,പാതി ചിതലരിച്ചു കഴിഞ്ഞ ഉമ്മറപ്പടിയിൽ കുത്തിയിരിക്കും .മുറുക്കാൻചുവയുള്ള നെടുവീർപ്പുകൾ അന്തരീക്ഷത്തിലേയ്ക്ക് അലയടിച്ചുയരും .അപ്പോൾ അവരുടെ മുറ്റം ഒരു കോടതി മുറിയാകും .കുറ്റവാളിയായ ലോകത്തെ പ്രതിക്കൂട്ടിൽ കേറ്റിനിർത്തി വിചാരണ തുടങ്ങും .
ആ വിചാരണകളിൽ-ജന്മം കൊടുത്തവരും, സാന്ത്വനമരുളിയവരും, കണ്ണീർതുടച്ചവരും, കല്ലെറിഞ്ഞവരും ,പുച്ഛിച്ചു തള്ളിയവരും,പച്ചമാംസത്തിന്റെ രുചിയറിയാൻ വന്നു തള്ളയ്ക്കുവിളി കിട്ടി തലയിൽമുണ്ടിട്ടോടിയവരും ഒക്കെ കടന്നുവരും .
'തള്ളക്ക് പ്രാന്താണ്' എന്ന പരിഹാസമൊഴികൾ ഊടുവഴിയിലൂടെ ചൂട്ടും കത്തിച്ചു പോകും .
എന്നാൽ,ആ വിചാരണകളുടെ ന്യായാന്യായങ്ങൾ അറിയുന്ന ഒരേ ഒരു ജീവി പൂച്ചയായിരുന്നു .അത് അവരുടെ കണ്ണിൽ തന്നെ നോക്കിയിരിക്കും .ഇടയ്ക്ക്,എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കും .കൈസുത്തയുടെ കൺചലനങ്ങൾ വരെ പൂച്ചയ്ക്കു ഗ്രാഹ്യമെന്നാണ് നാട്ടുകാർ പറയുന്നത് .
കൈസുത്ത ഇടതുകയ്യിൽ വിളക്കു പിടിച്ചു ,കയർ കൊണ്ടുകെട്ടിയിട്ട മുളവാതിൽ പതുക്കെ തുറന്നു മുറ്റത്തേയ്ക്കു നോക്കി .
'ന്റ പടച്ചോനേ..പൂച്ച്യാണല്ലോ ആ കെടക്കണത്'
അവർ അടുത്തു ചെന്നു നോക്കി .പൂച്ചയ്ക്കു അനക്കമുണ്ടായിരുന്നില്ല .
'ആരാമ്മളോട് ഇച്ചതി ചെയ്തേ'
അവർ ഏങ്ങലടിച്ചു കരഞ്ഞു .'കള്ളത്തിപ്പൂച്ച' യെന്നു മുദ്രകുത്തി ആരോ തല്ലിക്കൊന്നു മുറ്റത്തു കൊണ്ടിട്ടതാകണം .
അതിനുശേഷം കൈസുത്തയുടെ ശബ്ദം ആരും കേട്ടില്ല .
പൂച്ച ചത്ത അന്നു രാത്രിയിൽ ആകാശത്ത് ഒറ്റനക്ഷത്രമേ ഉണ്ടായിരുന്നുള്ളൂ .ഇരുട്ടിന്നു കൂടുതൽ തിടം വെച്ചിരുന്നു .ദുർബലമായ ഒരു കാറ്റ് കൈസുത്തയുടെ പുര ചുറ്റിയതിന്നു ശേഷം മുളവാതിലിൽ വന്നു മുട്ടി .
കനൽവർഷങ്ങളിൽ വെന്തു പോയ തന്റെ ശരീരത്തെ ഉറക്കിക്കിടത്തി കൈസുത്ത ഇറങ്ങി നടന്നു .പൂച്ചയെത്തേടി ....
************************************************************
കെ ടി എ ഷുക്കൂർ മമ്പാട്

4 അഭിപ്രായങ്ങൾ:

  1. സസ്നേഹത്തില്‍ പ്രസിദ്ധീകരിച്ചതില്‍ സന്തോഷം!
    കഥ മുമ്പ് വായിച്ചിട്ടുള്ളതാണ്‌.
    ഹൃദയസ്പര്‍ശിയായ കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. fb-യില്‍ വായിച്ചതാണ്.അവിടെ എഴുതിയ അഭിപ്രായം കിട്ടാന്‍ പരത്തി നടന്നു ..അതിവിടെ പകര്‍ത്തട്ടെ ...
    justice for jisha-യുടെ പശ്ചാത്തലം.കവിതപോലെ ഒരു ജീവനുള്ള കഥ......വരം കിട്ടിയ വരികള്‍....രണ്ടു കഥാപാത്രങ്ങളില്‍ വിരിയിച്ചെടുത്ത സുരഭിലമൊരു അക്ഷരത്തോപ്പ്...ചിന്താ ബന്ധുരം....ഭാവനാ സുഭഗം....അക്ഷരങ്ങള്‍ അച്ചുനിരത്തുന്ന നല്ല ആനുകാലികങ്ങളിലേക്ക് അയച്ചു കൊടുക്കുക.....പ്രകാശിതമാവട്ടെ ഈ തൂ വെട്ടം....അഭിനന്ദനങ്ങള്‍ക്കുമപ്പുറമെന്നു ചൊല്ലി ചുരുക്കട്ടെ.......ഇന്നലെ ഇവിടെ വരാന്‍ പറ്റാത്തതില്‍ ഖേദമുണ്ട്......ഇതു ബ്ളോഗിലും പോസ്റ്റു ചെയ്യുക.സസ്നേഹം...nmk

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...