കവിത
നക്ഷത്രത്താരാട്ട്
------------------------------ --
തൊട്ടടുത്ത് കിടപ്പുണ്ട് ഉപ്പയും ഉമ്മയും
ഇത്തിരിക്കാലം മാത്രമല്ലേ
ജീവിച്ചതുള്ളൂവെന്നും
അതുപോലും
സ്വന്തം ഇഷ്ടത്തിനൊത്താക്കാൻ
അനുവദിച്ചില്ലല്ലോയെന്നും
വന്ന അന്നുമുതൽ
അവരോടുള്ള കയർക്കലുകൾ
ഇന്ന് അവസാനിക്കുന്നു...
ഇന്ന് അവൾ വരുന്നുണ്ട് !
തൂവെള്ളയിൽ പുതുമണവാട്ടിയായി
പരിവാരസമേതം പല്ലക്കിൽ വന്നിറങ്ങിയപ്പോൾ
പള്ളിക്കാട്ടിലെ കുറ്റിച്ചെടികൾ
ചെഞ്ചോരവെട്ടത്തിൽ നൃത്തം ചെയ്തു
ഇല്ലിക്കാട്ടിൽ ബഹളംവെച്ചികൊണ്ടിരുന്ന
ചെമ്പോത്തിൻകൂട്ടം നിശ്ശബ്ദകാഴ്ചക്കാരായി
കണ്ടോ നോക്കിയേയെന്ന്
ചിനക്കിപ്പെറുക്കി നടന്നിരുന്ന
പൂത്താങ്കിരികൾ ഒപ്പനത്താളത്തിൽ
എതിരേറ്റു
തൊട്ടടുത്തു കിടക്കുന്ന അവളുടെ
അറയടച്ചു അനുചരന്മാർ മടങ്ങി
അവളുടെ ഐഹികമുറിവുകൾ ഊതിക്കെടുത്തി
കാറ്റ് പിൻവാങ്ങുമ്പോൾ
പതിയെ കേറി വന്ന ഇരുട്ടിനെ
വകഞ്ഞു മാറ്റി ചന്ദ്രൻ പെയ്തിറങ്ങി ...
ചേരേണ്ടത് ചേരുമെന്ന വിതുമ്പൽ
മൗനത്തിലുറഞ്ഞു കട്ടിയായി
ഉപ്പയുടെയും ഉമ്മയുടേയും കബറുകളിൽ
അവളിലേക്കെത്താൻ എനിക്കെന്നും
ഒരു രഹസ്യവാതിലുണ്ടായിരുന്നു
നെറ്റിത്തടം ഇരുണ്ടു
ചുണ്ടുകൾ വരണ്ടു
അടിവയറ്റിൽ വെള്ളവരകൾ
കാൽമടമ്പിൽ വിള്ളലുകൾ
എന്ന് പരിഭവപ്പെട്ടപ്പോൾ
ഇനിയെന്തിനു ഈ ശരീരമെന്നവൾ ചിരിച്ചു.
അന്നാദ്യമായി ഞങ്ങൾ
ഭയമില്ലാതെ
ദൈവഹൃദയത്തിലിരുന്ന്
നക്ഷത്രങ്ങളെ താരാട്ടി ...
------------------------------ ----
കെ ടി എ ഷുക്കൂർ മമ്പാട്