കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2021, ഓഗസ്റ്റ് 1, ഞായറാഴ്‌ച

നക്ഷത്രത്താരാട്ട്

 കവിത 


നക്ഷത്രത്താരാട്ട് 
--------------------------------


തൊട്ടടുത്ത് കിടപ്പുണ്ട് ഉപ്പയും ഉമ്മയും
ഇത്തിരിക്കാലം മാത്രമല്ലേ 
ജീവിച്ചതുള്ളൂവെന്നും 
അതുപോലും 
സ്വന്തം  ഇഷ്ടത്തിനൊത്താക്കാൻ 
അനുവദിച്ചില്ലല്ലോയെന്നും
വന്ന അന്നുമുതൽ  
അവരോടുള്ള കയർക്കലുകൾ 
ഇന്ന് അവസാനിക്കുന്നു...
ഇന്ന് അവൾ വരുന്നുണ്ട് !

തൂവെള്ളയിൽ പുതുമണവാട്ടിയായി 
പരിവാരസമേതം പല്ലക്കിൽ വന്നിറങ്ങിയപ്പോൾ  
പള്ളിക്കാട്ടിലെ കുറ്റിച്ചെടികൾ 
ചെഞ്ചോരവെട്ടത്തിൽ നൃത്തം ചെയ്തു
ഇല്ലിക്കാട്ടിൽ ബഹളംവെച്ചികൊണ്ടിരുന്ന   
ചെമ്പോത്തിൻകൂട്ടം നിശ്ശബ്ദകാഴ്ചക്കാരായി
കണ്ടോ നോക്കിയേയെന്ന് 
ചിനക്കിപ്പെറുക്കി നടന്നിരുന്ന 
പൂത്താങ്കിരികൾ ഒപ്പനത്താളത്തിൽ
എതിരേറ്റു    
തൊട്ടടുത്തു കിടക്കുന്ന അവളുടെ 
അറയടച്ചു അനുചരന്മാർ മടങ്ങി 

അവളുടെ ഐഹികമുറിവുകൾ  ഊതിക്കെടുത്തി 
കാറ്റ് പിൻവാങ്ങുമ്പോൾ 
പതിയെ കേറി വന്ന ഇരുട്ടിനെ 
വകഞ്ഞു മാറ്റി ചന്ദ്രൻ പെയ്തിറങ്ങി ...

ചേരേണ്ടത് ചേരുമെന്ന വിതുമ്പൽ 
മൗനത്തിലുറഞ്ഞു കട്ടിയായി 
ഉപ്പയുടെയും ഉമ്മയുടേയും കബറുകളിൽ 

അവളിലേക്കെത്താൻ എനിക്കെന്നും
ഒരു രഹസ്യവാതിലുണ്ടായിരുന്നു 

നെറ്റിത്തടം ഇരുണ്ടു 
ചുണ്ടുകൾ വരണ്ടു 
അടിവയറ്റിൽ വെള്ളവരകൾ 
കാൽമടമ്പിൽ വിള്ളലുകൾ  
എന്ന് പരിഭവപ്പെട്ടപ്പോൾ 
ഇനിയെന്തിനു ഈ ശരീരമെന്നവൾ ചിരിച്ചു.

അന്നാദ്യമായി ഞങ്ങൾ 
ഭയമില്ലാതെ
ദൈവഹൃദയത്തിലിരുന്ന് 
നക്ഷത്രങ്ങളെ താരാട്ടി ...
----------------------------------
കെ ടി എ ഷുക്കൂർ മമ്പാട്

2021, ജൂൺ 16, ബുധനാഴ്‌ച

പൂവ്വത്തിക്കാട്





പുഴ ഓൺലൈൻ മാഗസിൻ 




പൂവ്വത്തിക്കാട് 


1


അതിൽപ്പിന്നെ…

കാലം പലവുരു ഉറയഴിച്ചു.

പൂവ്വത്തിക്കാട് ഋതുക്കളെ

പലവട്ടം മാറിയുടുത്തു.

കാട്ടിൽ വിരിഞ്ഞു നിൽക്കുന്ന വീടിൻറെ

ഉമ്മറക്കോലായിൽ കാലെടുത്തുവെച്ചു

മെല്ലിച്ചുണങ്ങിയ രൂപം-പോക്കുട്ടി.

തന്റെ ഹൃദയംപോലെ

തുളകൾ വീണ മഞ്ഞിച്ചബനിയനും

എന്നോ വെള്ളം കണ്ട ഓർമ്മയിൽ

ഇരുണ്ടുപോയ കൈലിയും വേഷം.

തഴമ്പൻക്കൈത്തലോടൽ

ഏൽക്കാൻ കാത്തിരിക്കുകയായിരുന്നു വാതിൽ

പൊട്ടിക്കരഞ്ഞൊന്നു മറിഞ്ഞുവീഴാൻ.

ഓർമ്മകൾക്കുമേൽ പണിത മറവിവലകൾപോലെ

മാറാലകൾമൂടിയ അടുക്കളയിൽ നിന്ന്

വെട്ടുകത്തിയും

വീട്ടുചായ്‌പിൽ തൂങ്ങിക്കിടക്കുന്ന

കൈക്കോട്ടുമെടുത്തു

താണുവരുന്ന സൂര്യനെ നോക്കി

കിഴക്കോട്ടു നടന്നു അയാൾ…


2

പൂത്താങ്കിരികൾ ഒന്നും രണ്ടും പറഞ്ഞു

കലപില കൂട്ടുന്ന പള്ളിക്കാട്ടിലൂടെ

ചെഞ്ചോരവെട്ടത്തിൽ ഇഴഞ്ഞു പോക്കുട്ടി.

നിരർത്ഥകനിഗൂഢതകളുടെ വെളിപാടുപുസ്തകം

മലർക്കെത്തുറന്നു തുറിച്ചുനോക്കുന്നു

മീസാൻകല്ലുകൾ ചുറ്റും.

ഉയർന്നു നിൽക്കുന്ന പൊടുവണ്ണിമരത്തിനു കീഴെ

കാടുകൾ വെട്ടിത്തെളിച്ചപ്പോൾ ഉയർന്നുവന്നു

രണ്ടു മീസാൻകല്ലുകൾ.


ഒന്ന്-ജുമൈല. D/o പോക്കുട്ടി,മരണം-12-12-1980.

രണ്ട്-മൈമൂന. മരണം-12-12-1980.


മാഞ്ഞുപോയ കബർത്തടങ്ങൾ മണ്ണിട്ടുയർത്തി

രണ്ടിന്റെയും നടുവിൽക്കിടന്നു

പൊട്ടിപ്പൊട്ടിക്കരഞ്ഞു അയാൾ.

ചക്രവാളത്തിലെ  ചോരപ്പാടുകൾക്കിടയിൽ

തെളിഞ്ഞുവന്നു ഒറ്റനക്ഷത്രം.

ഇരുട്ടുപുതച്ച മീസാൻകല്ലുകളുടെ മൗനം

പൊട്ടിത്തെറിച്ചു നരഗാഗ്നിരോദനങ്ങളായി

പോക്കുട്ടിയുടെ കാതുകളിൽ.

ഇരുഭാഗങ്ങളിൽ   നിന്നും

അയാളെ വരിഞ്ഞുമുറുക്കി

വളയിട്ട കൈകൾ.

സ്മൃതിപഥങ്ങളിൽ  അഗ്നിപകർന്നു

കബറുകളിൽനിന്നു തിളച്ചുയർന്നു

നിറമില്ലാത്ത തേങ്ങലുകൾ…

പലവുരു ഉള്ളിൽ മരിച്ചൊരാൾക്ക്

ഭയക്കേണ്ടതില്ല ഒന്നിനെയും.

സങ്കടക്കരിങ്കടലിലെ കൈകാലിട്ടടികൾ പോലെ

കബർക്കാട്ടിലൂടെ നീന്തി പുറത്തുകടന്നു.

ഹൃത്രക്തത്തില്‍ കലര്‍ന്നിരുന്നു

പള്ളിക്കാട്ടിലെ തേങ്ങലുകൾ.


3

മൈമൂനയോളം

മറ്റാരേയും സ്നേഹിച്ചിരുന്നില്ല

പോക്കുട്ടിയുടെ ഏകമകൾ-ജുമൈല.

അമ്മിഞ്ഞപ്പാൽമണത്തിൽ

കൈകാലിട്ടടിക്കുന്നതിനിടയിൽ

മരണംവന്നു ഒറ്റക്കൊണ്ടുപോക്കായിരുന്നു

പെറ്റുമ്മ ഹഫ്സയെ.

വെറുമൊരു പോറ്റുമയല്ല;

ജുമൈലയില്ലായിരുന്നുവെങ്കിൽ

മൈമൂനയുടെ ജീവിതംതന്നെ  വ്യർത്ഥമായേനെ…

ജുമൈല  ഊതിയൂതിക്കെടുത്തി

ആൺചതിക്കെണിയിൽ കുരുങ്ങി

കെട്ടുതാലിപൊട്ടിപ്പോയ

അവളുടെ വൈധവ്യത്തിന്റെ നീറ്റൽ.

മൈമൂനയെയും മോളെയും

ചങ്കും കരളും പറിച്ചുകൊടുത്ത്

സ്നേഹിച്ചു പോക്കുട്ടി .

ജുമൈലയില്ലെങ്കിൽ സ്വത്വം നഷ്ടപ്പെട്ടുപോകുമായിരുന്ന

രണ്ടു ഉപഗ്രഹങ്ങൾക്ക് സന്ധിക്കാനായില്ല.

പോക്കുട്ടിയുടെ നെഞ്ചകം കണ്ടില്ലെന്നു നടിച്ചു

കൂപ്പിലെ ജോലിക്കുപോകുന്ന അയാളെ തളർത്താതെ

ജുമൈലയെ വളർത്തി  മൈമൂന.


4

സ്കൂൾ വിട്ടുവരും വഴി

വെള്ളക്കെട്ടിൽ അലിഞ്ഞുചേർന്നു

ജുമൈലയുടെ ജീവൻ !

ഒറ്റമുറിയിലെ ഒറ്റബെഞ്ചിൽ

മയ്യിത്ത് മലർന്ന് കിടക്കുമ്പോൾ

പോക്കുട്ടി അകലെ കൂപ്പുപണിയിൽ.

ബഹളവിലാപങ്ങൾക്കിടയിൽ

ഒച്ചവറ്റി, കരച്ചിൽ വറ്റിയ മൈമൂന

പോക്കുട്ടിയെത്തേടി കൂപ്പിലേക്കോടി.


ഗ്രഹം നിശ്ചലം.

ഉപഗ്രഹങ്ങൾ പൊലിഞ്ഞേ തീരൂ.

അയാളുടെ പാതിജീവൻ

പതിരായിപ്പോയെന്നറിഞ്ഞാൽപ്പിന്നെ  മൈമൂനയില്ല;

പോക്കുട്ടിയുടെ മനോവാനനീലിമയിലെ

വിദൂരശൂന്യതയിൽ മാഞ്ഞുപോകുമവൾ!

തിരക്കഥയിൽ ഉള്ളതേ ആഗ്രഹിക്കാവൂ കഥാപാത്രങ്ങൾ.

ദുഃഖഭരിതകയങ്ങളിൽ പതിക്കുംമുമ്പേ,

സംതൃപ്തിയടഞ്ഞ ആത്മാവ്

മരണത്തിന്റെ മാലാഖയെ പുണരുംപോലെ

അയാളറിയണം

അവസാനാനന്ദ- മാന്ത്രികസുരതനിമിഷങ്ങൾ!


അന്നാദ്യമായ് പോക്കുട്ടിയെ കെട്ടിപ്പിടിച്ചു മൈമൂന.

അമ്പരന്നയാൾ നിൽക്കെ

വലിച്ചടുപ്പിച്ചു അടുത്ത പൊന്തക്കാട്ടിലേയ്ക്ക്.

സമയശൂന്യപഥങ്ങളിലൂടെ

രണ്ടരുവികൾ ഒന്നായൊഴുകി,നിലച്ചു.


‘അത്യാവശ്യമുണ്ട് കൂടെവരിക’-

യെന്നും പറഞ്ഞവൾ മുന്നിൽ നടന്നു…

*’ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ-‘

മയ്യിത്തിന്റെ മുഖം കണ്ടമ്പരന്ന

പോക്കുട്ടിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

തലപെരുത്തു, കണ്ണ് ചെമന്നു

കൈകാലുകൾ വിറച്ചു.

‘ഇക്കൊടും ചതിചെയ്തോ നീ,

എന്റെ കരള് വാടിക്കെടക്കുമ്പോ’? !!

പിന്നെ ഞൊടിയിടയിലെല്ലാം കഴിഞ്ഞു.

വീട്ടുചായ്‌പിൽ തൂങ്ങികിടക്കുന്ന

കൈക്കോട്ടെടുത്തു

മൈമൂനയുടെ തലയ്ക്കൊറ്റയടി !


5

മൈമൂനയെക്കൊന്ന കുറ്റത്തിനു

ജീവപര്യന്തം തടവ് കഴിഞ്ഞിറങ്ങി

അലക്ഷ്യമായി  അലയുകയായിരുന്നു

കൂട്ടിയാൽകൂടാത്ത മുറിവുമായി പോക്കുട്ടി.

അപ്പോഴാണ്,മനസ്സിന്റെ ശാദ്വലങ്ങളിൽ തെളിഞ്ഞത്

കാട് മൂടിക്കിടക്കുന്ന രണ്ടു കബറുകൾ.


6

നക്ഷത്രങ്ങളില്ലാത്ത രാത്രി.

പരിത്യാഗിയുടെ ശൂന്യമനസ്സോടെ

ബാപ്പുട്ടി തീവണ്ടിയിലേക്ക് കേറി.

ഇനിയെന്നെങ്കിലും പൂവ്വത്തിക്കാടിലേക്ക് 

തിരിച്ചുവരുമോ അയാൾ ?

രണ്ടു കബറുകൾ കാടുമൂടുംന്നേരം വരുമായിരിക്കും…

-------------------------------------------------

കെ ടി എ ഷുക്കൂർ മമ്പാട് 



*ഞങ്ങൾ ദൈവത്തിന്റേതാണ്. മടക്കവും അവനിലേയ്ക്ക് തന്നെ.


 


 

2020, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അത്ര നിഷ്കളങ്കമല്ല ഒന്നും



 

Podcast (കവിത കേൾക്കാൻ )

https://pravasirisala.com/archives/1298


പ്രവാസി രിസാല  ആഗസ്ത് ലക്കം 2020



അത്ര നിഷ്കളങ്കമല്ല ഒന്നും





ചില ജീവിവർഗ്ഗങ്ങൾ 

അവരല്ലാത്തവരെ 

കൂട്ടത്തിൽ കൂട്ടാറില്ല 



അവരെപ്പോലെ ആകണമെങ്കിൽ 

അവർ ചൂണ്ടിക്കാണിക്കുന്ന 

ജീവിത ഫ്രെയ്മിൽ അഭിനയിക്കേണ്ടതുണ്ട്

കഴുതയെ  ചായംപൂശി 

സീബ്രയാക്കുന്നതു പോലുള്ള 

സാഹസമാണത്  


സാധാരണമെന്ന് വെച്ചുനീട്ടുന്നതിൽ 

കാണുന്നതൊന്നും 

അത്ര നിഷ്കളങ്കമല്ല 

സംവിധായകന്റ കലാവിരുതുകൾ 

ഒളിച്ചിരിക്കാത്ത മുക്കും മൂലയും 

അതിലുണ്ടാവില്ല 


കേട്ടുകേൾവികളെ 

പ്രകൃത്യായെന്നും സാർവ്വത്രികമെന്നും 

അധികാരത്തിന്റെ ഉന്തുവണ്ടികൾ 

വീട്ടുപടിക്കലെത്തിക്കുമ്പോൾ 

എന്റെ മോക്ഷമേയെന്ന് 

വാരിപുണരുന്നിടം

തുടങ്ങുന്നു അടിമത്തം !


സത്യാസത്യങ്ങളും 

ശുഭാശുഭങ്ങളും 

തിരിച്ചറിയാനാകാത്ത

ഇരുൾസ്ഥലികളിലേയ്ക്ക് 

അത്ര വേഗത്തിൽ 

ആട്ടിത്തെളിക്കാൻ പറ്റിയ 

ആട്ടിൻപ്പറ്റമായിരുന്നില്ല നാം!

കളഞ്ഞുപോയ വിളക്ക് തിരയേണ്ടതുണ്ട്...

***************************************

2020, ജൂലൈ 14, ചൊവ്വാഴ്ച

ഹെയ്നക്കൂട്ടം

മാധ്യമം ചെപ്പ് /04/07/2020

ഹെയ്നക്കൂട്ടം
--------------------

നട്ടുച്ചയ്ക്ക്
വെയിൽപ്പെയ്ത്തിൽ വെന്ത്
വേർപ്പിന്റെയുപ്പിൽ കുളിച്ചു
ജീവിതമുരുട്ടി കൊണ്ടുപോകുമ്പോളായിരിക്കാം
അല്ലെങ്കിൽ
സൂര്യൻ പടിയിറങ്ങിയനേരം,
വാപൊളിച്ചു നിൽക്കുന്ന
കുഞ്ഞുവിഷപ്പുകൾക്ക്
പകരാനുള്ള അന്നവുമായി
മടങ്ങുമ്പോളായിരിക്കാം
പട്ടണം ഒരു കൊടുങ്കാടായി മാറുന്നത്...

അത്രമേൽ
സ്വാതന്ത്ര്യം ശ്വസിച്ചേടത്ത്
അന്യഥാബോധത്തിന്റെ വരണ്ടകാറ്റിൽ
പകച്ചുനിൽക്കുന്ന ഒരു കുഞ്ഞുമൃഗമായി
നിങ്ങൾ മാറുന്നു

ഒറ്റയായ മൃഗങ്ങളെ
ഉത്സവാരവങ്ങളോടെ
പച്ചയ്ക്കു തിന്നുന്ന ഹെയ്‌നക്കൂട്ടം
നിങ്ങൾക്കു ചുറ്റും
ചുടലനൃത്തം ചവിട്ടുന്നു

തിരിച്ചറിയാനുള്ള
ഏതെങ്കിലുമൊരു ചിഹ്നം
എപ്പോഴും നിങ്ങളിലുണ്ടാകും

ഇന്നോളമുണ്ടായിട്ടുള്ള
എല്ലാ മനുഷ്യരുടേയും നിസ്സഹായതകൾ
നിങ്ങളുടെ മുഖത്ത് പച്ചകുത്തിയിട്ടുണ്ടാകും

എന്തിനാണിവ
പ്രാണനെ കടിച്ചുവലിക്കുന്നതെന്ന്
പ്രാണൻ വെടിയുന്നവൻ  അറിയുന്നില്ല
എന്തിനാണ് പ്രാണനെടുക്കുന്നതെന്ന്
പ്രത്യയശാസ്ത്രവിഷം കുടിപ്പിക്കപ്പെട്ട
ഹെയ്‌നക്കൂട്ടം അറിയുന്നില്ല

പറന്നുപോയ പ്രാണൻ
കത്തുന്ന ഓർമ്മകളിൽ
ഒരു കണ്ണീർത്തുള്ളിയായി അവശേഷിക്കും
----------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ









 പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള
വെളിച്ചപ്പെയ്ത്തുകൾ
*************************************************

കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്.
ഉയരങ്ങളിലേക്ക് കുതിക്കവേ
നിശ്ചലമായ പറവകള്‍പോലെ
കിനാചിതറുകളുടെ
വന്ധ്യമേഘത്തുണ്ടുകൾ

തീമഴയപ്പെയ്ത്തിനുള്ള  
ഒരുക്കത്തിനിടയിൽ ആയിരുന്നിരിക്കണം
കൺകോണുകളിൽ അടിഞ്ഞുകൂടിയ
ശോണമേഘങ്ങൾ ചലനമറ്റു പോയത്  

കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
കൊടുങ്കാറ്റിനോടു  പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ

കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത
നൃത്തമുദ്രകൾ

ഏതോ അജ്ഞാതരാഗത്തിൻ
തുടക്കത്തിലായിരുന്നിരിക്കണം
ചുണ്ടുകൾ കോടി വിറങ്ങലിച്ചത്

പൂക്കൾ വിതറിയ മെത്തയിൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ

വേർപ്പെട്ടു കിടക്കുന്ന 
പൂമ്പാറ്റച്ചിറകുകൾ പോലെ 
കീറി പറിഞ്ഞ ഉടയാടകൾ 

അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകളിൽ വർഷപാതങ്ങൾ
നിലവിളികളുടെ ഇടിമുഴക്കങ്ങൾ
നിസ്സഹായതയുടെ കടപുഴകിവീഴ്ചകൾ

ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
വരണ്ട കാറ്റിന്റെ എത്തിനോട്ടം
മണിയൻ ഈച്ചകളുടെ
വായ്ക്കുരവകൾ

വരച്ചു പൂർത്തിയാക്കാത്ത
ഒരു രാജ്യത്തിന്റെ
ഭൂപടം പോലെ
ചിതറികിടക്കുന്ന
ചെന്നിണപ്പാടുകളിൽ നിന്ന്,
കൊടുങ്കാറ്റുകൾ ഉള്ളിലൊളൊപ്പിച്ച
പുതുമുളകള്‍ കിളിര്‍ക്കുന്നു...
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ നിന്ന്
വെളിച്ചപ്പെയ്ത്താരവങ്ങൾ...
ചില  കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു...
----------------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്