കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, ജൂലൈ 31, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെൺകുട്ടി

4 pm ന്യൂസിന്റെ സസ്നേഹം ആഴ്ചപ്പതിപ്പിൽ വന്ന കഥ





പ്രവാസിക്കു മാത്രം മനസ്സിലാകുന്ന ആർദ്രവും,ശോകമൂകവുമായ താളമുണ്ട് രാത്രികൾക്ക് .
ജീവന്റെ പച്ച ഞരമ്പുകളിലൂടെ ഇഴയുന്ന പുഴുക്കു നീറ്റലുകൾ കടന്നു വരാറുള്ള ചില രാത്രികളിൽ വിളിപാടകലെ നിന്ന് കൊഞ്ഞനം കുത്താറുണ്ട് ഉറക്കം.
എത്തും പിടിയുമില്ലാത്ത ചിന്തകളുടെ ഏകാന്ത തുരുത്തുകളിലൂടെ തനിയെ നടന്നപ്പോൾ സമയബോധം തട്ടിയുണർത്തി .
രാത്രി രണ്ടു മണി .
ഇനിയും ഉറങ്ങിയില്ലെങ്കിൽ ....രാവിലെ ആറു മണിയ്ക്ക് എഴുന്നേൽക്കാനുള്ളതാണ്.
പുറത്തു നിഗൂഢവൃത്താന്തവുമായി ഒരു പൊടിക്കാറ്റ് അലഞ്ഞു നടപ്പുണ്ട് ..
ബ്ലാങ്കെറ്റു കൊണ്ട് മൂടി,മെല്ലെ കണ്ണടച്ചു ,ഉറക്കത്തെ മാത്രം ധ്യാനിച്ച്‌ കിടന്നപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്നു ..
കിടന്നു കൊണ്ട് തന്നെ ഞാൻ മൊബൈൽ എടുത്തു .
'ഹലോ ,ആരാണ്' ?
'ഞാനാണ്, മിലാന '
ഈ രാത്രിയിൽ മിലാന എന്തിനു വിളിക്കുന്നു .ഇവൾക്കും ഉറക്കമില്ലേ..!എനിക്കു ജിജ്ഞാസയായി .
'എന്താണ് മിലാന കാര്യം ?'
'നാളെ....നാളെ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകില്ല ! '
പതറിയ ശബ്ദത്തോടെ മൊബൈൽ നിലയ്ക്കുന്നു .
അതിന്റെ ഒരായിരം പ്രതിദ്ധ്വനികൾ എന്റെ കൊച്ചു മുറിയിൽ അലയടിക്കുന്നു.
ഞാൻ തരിച്ചിരുന്നു .ആദ്യമായിട്ടാണ് അവളിൽ നിന്ന് ഇങ്ങനെ .ഇവൾക്കു ഇതെന്തു പറ്റി ?
മരുഭൂമിയിലെ ആദ്യ നാളുകള്‍.
വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് അവളെ കണ്ടു മുട്ടാന്‍ ഇടയാക്കിയതും .പതിയെ വളർന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധനത്തിലായതും ..
പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും അവൾ കൈക്കലാക്കി . അത്ര വിശ്വാസമായിരുന്നല്ലോ അവളെ .
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍-വിലക്കിയിരുന്നു ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍.നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .അവൾക്കു നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോഴൊക്കെ അവൾ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു അവളുടെ വേവലാതി മുഴുവന്‍ .ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ...
ലില്ലി താഴ് വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു അവൾ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന..പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന ... വിശേഷണങ്ങൾ ഏറെ .
ഓർമ്മകളുടെ ശാദ്വല തീരങ്ങളെ നിത്യശ്യാമളമാക്കുന്ന സൌഹൃദപ്പൊൻപ്പൂക്കൾ ആവോളം വിരിയിച്ചെടുത്തു ഞങ്ങൾ .
ദേശഭാഷകൾക്കതീതമായി,ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേയ്ക്ക് പടർന്ന ഈ ദിവ്യവികാരത്തിന്റെ തിരുശേഷിപ്പുകൾ മായ്ക്കുവാൻ കാലമേറെ കഷ്ടപ്പെടാതിരിക്കില്ല !
എല്ലാം പറഞ്ഞിരുന്നു അവൾ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ .അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളർന്നത് . ഉക്രെയിന്‍-ബലാറസ് അതിർത്തിയിലെ ചെർണോബിൽ ആണവ റിയാക്ടര്‍ ചോർന്നപ്പോൾ ,വളരെയേറെ കിലോമീറ്ററുകൾക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു .
ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു .പപ്പയുടെയും മമ്മിയുടെയും കരളുരുകിയുള്ള പ്രാർത്ഥനയാകണം അവൾ തിരിച്ചു വരിക തന്നെ ചെയ്തു .
പപ്പ റഷ്യൻ പട്ടാളത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .
ഒരിക്കല്‍, താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു അവൾ .അതിന്റെ ഭാരം താങ്ങാനാകാതെ പതറി പോയി ഞാൻ . ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു അവൾ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ! വർഷങ്ങളായി ശരീരം കാർന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം .
ദൈവമേ,ഞാനെന്താണ് കേട്ടത് !.ഒരു പൂത്തുമ്പിയായി ലില്ലി താഴ് വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .അസ്തപ്രജ്ഞനായി ഞാന്‍ .ഉറങ്ങാത്ത രാത്രികള്‍ .ഉണർവിൽ അനുഭവിക്കുന്ന തീവ്രവേദനകൾ .വയ്യ ...താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വെളിപ്പെടുത്തൽ .
ഇപ്പോഴിതാ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു ഫോണ്‍ ചെയ്തിരിക്കുന്നു .
ഞാൻ അവളുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .
മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു !
നിശ്ചലം ..സകലതും നിശ്ചലമായതു പോലെ .
ഞാൻ പുറത്തിറങ്ങി .വിജനമായ തെരുവ്.
മിലാനാ..നീയില്ലാത്ത ഭൂമിയാണോ ഈ കറങ്ങി കൊണ്ടിരിക്കുന്നത് ..
നീയില്ലാത്തൊരു പ്രഭാതത്തിലേയ്ക്കാണോ രാത്രി നടന്നു നീങ്ങുന്നത് ...
ഈ രാത്രിയില്‍
ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണ് .
കാറ്റു കൊണ്ടു വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു...
********************************************
കെ ടി എ ഷുക്കൂർ മമ്പാട്

അക്ഷരപ്പാറ്റകൾ

വെളിച്ചം തേടി പുറപ്പെട്ട
അക്ഷരപ്പാറ്റകൾ
ഘനാന്ധകാരത്തിനെതിരെ
കൊളുത്തി വെച്ച വിളക്കിൻ
ചൂടിൽ വെന്തു കരിയുന്നു.
വഴി കാട്ടി തന്ന വെളിച്ചം
കരിച്ചു കളഞ്ഞതിന്റെ യുക്തിയറിയാതെ
അക്ഷരപ്പാറ്റകളുടെ ആത്മാവുകൾ
*************************************
കെ ടി എ ഷുക്കൂർ മമ്പാട്

ചോരക്കൊതി


കഞ്ചൻ ചുരുട്ടും ചെറുകയ്യുകളേ
പേറുക വന്നീ കുന്തങ്ങൾ
കുത്തിക്കീറുക കുടൽമാലകളും
ചങ്കും കരളും കാമനയും

ചത്തവൻ തന്നുടെ കൊച്ചുകുടുംബം
തെണ്ടിത്തെണ്ടി നടക്കട്ടേ
കണ്ണീരു പോലും വറ്റിയ കൺകളിൽ
ആധികൾ വന്നു പെരുക്കട്ടേ
************************************
കെ ടി എ ഷുക്കൂർ മമ്പാട്

ജീവിതം

ഏറെക്കരഞ്ഞും ചിരിച്ചും മറിക്കുന്നു
ജീവിതമാകുമിപ്പുസ്തകത്താൾ
സന്തോഷസന്താപങ്ങൾ ദിനരാത്രങ്ങൾ,
ഏറെയും പിന്നിട്ടീ വായന ഞാൻ

ചോദ്യങ്ങൾ .....


എല്ലാവർക്കുമായി തുല്യം ചാർത്തി തന്നതിൽ
രക്തച്ചാലുകൾ കൊണ്ടു അതിർ വരച്ചു
നിന്റെ മനസ്സുപോലെ ഇടുക്കിക്കളഞ്ഞില്ലേ ?
അതിരുകൾ മായിച്ചു,അഹന്തകൾ വെടിഞ്ഞു
അതിരില്ലാവാനിൽ പറക്കുന്ന പക്ഷികളിൽ
നിനക്കു പഠിക്കാൻ പാഠങ്ങളില്ലന്നോ ?
ഉത്ഥാനപതനങ്ങൾ
ചോര കൊണ്ടു വരച്ചെടുത്തവർ
വെറും അക്ഷരങ്ങളായി ഒടുങ്ങിയില്ലേ ?
നാമത്തിനു പിറകിൽ മഹാൻപട്ടം
ചാർത്തി കൊടുക്കപ്പെട്ടവരെ
(സ്വയം എടുത്തണിഞ്ഞവരെ)
മണ്ണും കാലവും തിന്നുതീർത്തില്ലേ ?
സംസ്കാരങ്ങളുടെ പറുദീസകളിലും
ഭൂമിയിലെ സ്വർഗ്ഗത്തിലും
ദൈവത്തിന്റെ സ്വന്തം നാട്ടിലും
ശവഗന്ധം വമിപ്പിക്കാത്ത കാറ്റുണ്ടോ ?
ബഹുവർണ്ണ പൂക്കളാണ്
ഉദ്യാനത്തിന്റെ ഭംഗിയെന്ന് ഉദ്ഘോഷിച്ചു
അതു തല്ലിക്കൊഴിക്കാനെത്തുന്ന കറുത്ത കരങ്ങളേ
ഉദ്യാനനിലവിളികൾ നിന്റെ ഉറക്കം കെടുത്തുന്നില്ലേ ?
സൃഷ്ടാവിനെ സ്മരിച്ചു
സൃഷ്ടികളെ അറിയുന്നതാണ് പ്രാർത്ഥനയെങ്കിൽ
കപടമന്ത്രങ്ങളുടെ ഇരുളിൽ തിരയുന്നതെന്തു നീ ?
ശൂന്യതയിലൂടെ കുതിക്കുന്ന കൊച്ചു ഗോളത്തിൽ
ജീവൽനദിയുടെ സ്നേഹഭാഷയിൽ
വിദ്വേഷവെറുപ്പുകളുടെ വിഷം കലർത്തിയവരേ
ഇത്തിരി നേരത്തെ സ്വാസ്ഥ്യം കെടുത്തുന്നവരേ
ദൈവപക്ഷമാണോ നിങ്ങൾ ?
മനുഷ്യപക്ഷമാണോ നിങ്ങൾ ?

പുളിങ്കുരു


മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ.
വീടിന്നു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

സ്ക്കൂളിലേയ്ക്കെന്നും
ചുട്ട പുളിങ്കുരുവുമായി വന്നു ആമിന.
അതോണ്ട്,കുട്ട്യേളൊക്കെ ഓളെ
പുളിങ്കുരൂന്നു വിളിച്ചു.
ഇന്ദ്രങ്കുടിയാന്ന് ഓള് തിരിച്ചു വിളിക്കും
ഞാൻ മാത്രം ഓളെ
പുളിയാമിനാന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.
ചെക്കന് മാഞ്ഞാളം കൂടുന്നുണ്ടെന്ന
ഓളെ പരാതിക്കിടയിൽ
വട്ടക്കണ്ണുകളിൽ അസർമുല്ല പൂത്തിരുന്നു
കബഡിക്കളിയ്‌ക്കിടയിൽ
ഓളെ പുള്ളിപ്പാവാട കീറി
വെള്ളത്തുട കണ്ടു
കുട്ട്യേളൊക്കെ ചിരിച്ചപ്പോൾ
എനിക്കു മാത്രം കരച്ചിൽ വന്നു.
ന്റെ എയ്‌ത്തും പഠിപ്പൂം ക്ക്യേ
നിന്നൂന്ന് ഓള് കാതിൽ വന്നു
സങ്കടം പറഞ്ഞപ്പോൾ
ഇല്ലാത്ത കരട് ചാടിയ കണ്ണിൽ
വെറുതെ തിരുമ്മിക്കൊണ്ടിരുന്നു ഞാൻ
രണ്ടു നേരം കഞ്ഞീം മൊളക് ചുട്ടരച്ചതും കൂട്ടി
ജീവിച്ചു പോണ ഓൾടെ
കിനാവിൽ പോലും മറ്റൊരു പാവാടയില്ല.
ബാപ്പ വയനാട്ടിൽ നിന്നൂം പണീം കഴിഞ്ഞു
മാസത്തിൽ ഒരിക്കൽ വരുമ്പോൾ
ഓൾടെ കുടീല് ബല്ല്യപ്പെരുന്നാൾ ആകും
പിന്നെ ആമിന സ്‌കൂളിൽ വന്നില്ല
കുട്ട്യേളൊക്കെ ഓളെ മറന്നു തുടങ്ങി
ഓല് പൊരേം വിറ്റു വായനാട്ടീ പോയീന്നു കേട്ടു
മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ
വീടിനു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

അഴുക്ക്

കെട്ടിക്കിടന്നു അഴുകി നമ്മൾ
മടുപ്പിൽക്കിടന്നു വെന്തു നമ്മൾ
തുറന്നു വിട്ടിരുന്നെങ്കിൽ....
കാണാത്തീരങ്ങളും കണ്ട്
കേൾക്കാസ്വരങ്ങളും കേട്ട്
ഒഴുകിയൊഴുകി ........

ആശ്വാസം


ബോധോദയങ്ങൾ


മറ്റാരുടേയോ ആയിരിക്കെ
നീയും ഞാനും
നമ്മുക്കു സ്വന്തമല്ല
നീ കണ്ടത് മഴവില്ല്
അത് അവർക്കു വിട്ടുകൊടുക്കുക
വരൂ...
പ്രതിഭാസങ്ങളോട് വിട പറയാം...
ഉൾക്കാഴ്ചയുടെ ചൂട്ടും മിന്നിച്ചു നടക്കുമ്പോൾ
ദൈവത്തിന്റെ കണ്ണുകൾ കണ്ടെത്തിയേക്കാം
അപ്പോൾ
വിഭാത സൂര്യരശ്മികൾ
ഹിമഗിരി ശൃംഗങ്ങളിൽ
ഒരിക്കലും മായാത്ത
സുവർണ്ണ ദീപ്തികൾ പരത്തിയേക്കാം
അങ്ങനെ
ദൈവഹൃദയത്തിലെ മണിയറയിൽ ഇരുന്ന്
നമ്മുക്കു പ്രണയത്തെ വാഴ്ത്താം....

വെളിപാടുപുസ്തകം


കരളിലിത്തിരി തെളിനീരും
നിലാമിനുപ്പും ബാക്കിയാക്കി
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
കലങ്ങി മറിഞ്ഞൊഴുകുന്നു
ഘോരവേദനാ പുളച്ചിലുകൾ

ഫണം വിടർത്തിയ മരുദാഹം
ദംശിക്കുമെന്ന സന്ദേഹമിരിക്കിലും
ജപമന്ത്രണക്കരുത്തേകിയ കുതിപ്പിൽ
അവ്യക്തമാമൊരു സ്വപ്നത്തിലേയ്ക്കൊഴുകുന്നു...
അലക്കൈകൾ നീട്ടി ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടലെന്ന്
പ്രജ്ഞയുടെ വെളിപാടുപുസ്തകം

നീയും ഞാനും

നീയൊരു പുഴയാകും കാലത്ത്
ഞാനൊരു കടലായി കാത്തിരിക്കും
നീയൊരു മരമാകും കാലത്ത്
ഞാനൊരു കിളിയായ് പറന്നു വരും
നീയൊരു പൂവാകും നേരത്ത്
ഞാനൊരു വണ്ടായി തേടിവരും
നീ കുളിർക്കാറ്റാകും നേരത്ത്
ഞാൻ നിലാപെയ്‌ത്തായിറങ്ങി വരും
നീ മണ്ണിൻ മണിയറ തന്നിൽ മയങ്ങുമ്പോൾ
ഒരു നൽച്ചെടിയായരികത്തു നിൽക്കും ഞാൻ
ചെറുകാറ്റൊന്നു കടംകൊള്ളും ഞാൻ പിന്നെ
വിശറിയായ് വീശും നിൻ മേലെയെന്നെന്നും...

അനുധാവനം

ഒരു വൃത്തത്തിലെ
ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്ത
പരസ്പരം പിന്തുടരുന്ന
സഞ്ചാരികളായിരുന്നിരിക്കണം നമ്മൾ

സ്നേഹമാണെന്നു കരുതി
അന്യമായതിനെ പിന്തുടർന്നു
മരണവുമായി ചതുരംഗക്കളിയിൽ
ഏർപ്പെട്ട മൂഢത്വവും
മൃത്യവിന്റെ കളത്തിൽ വെച്ചു പോലും
തിരിച്ചറിയപ്പെടാതെ പോകുന്ന
സ്നേഹഭ്രമണങ്ങളും
ജീവിതദുരന്തങ്ങളുടെ
ചുവന്ന പട്ടികയിൽ ...
മതിയായി
വൃത്തത്തിൽ നിന്ന് പുറത്തു കടക്കൂ
ഇനി നഷ്ടപ്പെടാൻ വയ്യ
കൈകൾ കോർത്തൊരുമിച്ചു നടക്കാം.