കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, മേയ് 30, വെള്ളിയാഴ്‌ച

കാലക്കോമാളി

ആർത്തിയാലെല്ലാം 
വെട്ടിപ്പിടിക്കാനാ-
യൂർന്നിറങ്ങുന്നൊരു ജനനം 

വെട്ടിപ്പിടിച്ചതെല്ലാം നോക്കി  
പുച്ഛച്ചിരിയാലെ 
പടിയിറങ്ങുന്നൊരു മരണം 

ഒളികണ്ണിട്ടെല്ലാം നോക്കി 
പൊട്ടിച്ചിരിക്കുന്നൊരു 
കാലക്കോമാളി

2014, മേയ് 28, ബുധനാഴ്‌ച

കാലക്കാറ്റിൽ ചിതറുന്നവ

നിന്റെ വചനങ്ങളുടെ 
അർഥപ്രപഞ്ചത്തിൻ 
പൊരുൾ തേടിയിറങ്ങുമ്പോൾ
കാലക്കാറ്റിൽ ചിതറുന്നു 
അടുക്കിയടുക്കി വെച്ച  
സിദ്ധാന്തങ്ങളുടെ പഞ്ഞിക്കെട്ടുകൾ 

ഞാനറിയുന്നു ...
മഞ്ഞുക്കട്ടയിൽ തേച്ചുപിടിപ്പിച്ച 
വർണ്ണക്കൂട്ടുകളായിരുന്നു
എന്റെ കണ്ടെത്തലുകൾ 

നീയൊരിക്കലും 
എന്റെ ഉണ്മയിൽ നിന്നും 
പടിയിറങ്ങിപ്പോയ 
കണ്ടെത്താക്കണ്ണിയായിരുന്നില്ല 

എന്നെയറിയാത്ത ഞാൻ 
നിന്നെയറിയാൻ ശ്രമിച്ചതായിരുന്നു 
എന്റെ എന്നെത്തേയും വലിയ തെറ്റ് 

2014, മേയ് 26, തിങ്കളാഴ്‌ച

ഗാഢനിദ്ര

ഈ രാത്രിയിൽ,എവിടെയൊക്കെയോ 
കത്താതെ കത്തുന്ന വെളിച്ചത്തെ നോക്കി 
നിർത്താതെ മോങ്ങുന്നു ശ്വാനബിംബങ്ങൾ

സമയം പുറകോട്ടു തിരിക്കാൻ 
വെമ്പുന്നവരുടെ കയ്യിൽ
അതിന്റെ  അളവുപകരണങ്ങൾ ഭദ്രം 

അധികാര ബിബങ്ങൾ 
വർത്തക പ്രമാണികളുടെ 
കൊട്ടാരവേശ്യകളുമായി സഹശയനം 

പാണ്ഡിത്യം പൈതൃകമായി കിട്ടിയവരും 
അതു വെട്ടിപ്പിടിച്ചവരും 
ഒരു കല്പിത ശിശിരനിദ്രയിൽ 

അതു കൊണ്ടാണ് 
ഇരുട്ടിനെ പ്രണയിച്ചവർക്കെല്ലാം
പ്രഭാതമൊരു ശാപമാകുന്നത് 

ഗാഢനിദ്രയിലാണ്ടു കിടക്കുന്നവർക്കിടയിൽ 
ഒരു പ്രഭാതവും സ്വപ്നം കണ്ടു 
ഉണർന്നിരിക്കുന്നവൻ ഞാൻ 

2014, മേയ് 23, വെള്ളിയാഴ്‌ച

മൊണാലിസ












ഹൃദയാന്തരാളത്തിലെ ഗഹനശൂന്യതയിൽ 
 ഏകാന്തതയുടെ തുഷാര വർഷങ്ങൾ 

കണ്‍കളിലെ നരച്ച മാനത്തു  നിന്നും 
വറുതിയുടെ കനൽപെയ്ത്തുകൾ 

മനസ്സിന്റെ ഊഷരനിലങ്ങളിൽ 
ഉറക്കു കുത്തിയ സ്വപ്നജഡങ്ങൾ 

എന്നിട്ടുമവൾ
ഉപ്പുകാറ്റിന്റെ ഗാഢാശ്ലേഷമേറ്റു
വിളറി വരണ്ട   ചുണ്ടുകൾ 
വായിലെ ചുടുനീരിൽ പൊള്ളിക്കുന്നു,
ജനിമൃതിയുടെ രഹസ്യ പേടകത്തിൽ നിന്നും 
ഒരു നിഗൂഢഹാസമെടുത്തണിയുന്നു 
ചിത്രകാരനു വേണ്ടി 


അവളുടെ മുൾവഴികളെ 
കടുപ്പിച്ച നിറങ്ങൾ കൊണ്ടു മാച്ചു 
നിർവൃതിയുടെ കൃത്രിമമുഖം                                      
അയാൾ വരച്ചെടുക്കുന്നു 


ഒരു നിമിഷത്തിന്റെ ഗഹനനിശ്ചലതയെ 
ലോകം അനശ്വരമാക്കുന്നു 

നിശ്ചലഭാവത്തിൽ നിന്നും ലോകം 
ശുഭാശുഭങ്ങളുടെ ജന്മപത്രിക നെയ്യുന്നു 

ഉറഞ്ഞു  പോയ ഭാവത്തിന്റെ 
കിനാവും കണ്ണീരും തേടി  തേടി
കവി മാത്രം



ചിത്രം :കടപ്പാട് ഗൂഗിൾ





2014, മേയ് 14, ബുധനാഴ്‌ച

പലായനം

കനൽപാടങ്ങളിൽ നിന്നും 
മഞ്ഞുറങ്ങുന്ന ശാന്തിഭൂവിലേയ്ക്ക്
ഒരു മരണത്തിന്റെ പുറപ്പാട് .
ഒരാളുടെ ഉള്ളിൽ കനൽപെയ്യിച്ചു 
പലരേയും ഉള്ളിൽ ചിരിപ്പിച്ചു 
സർവാഘോഷങ്ങളോടെ 
പല്ലക്കിലേറിയാണു 
അതിന്റെ പലായനം .
മൂകമായി ആഘോഷങ്ങൾ നടക്കുന്ന 
പല്ലക്കു ചുമട്ടുകാരുടെ മനസ്സുകളിൽ 
തൃപ്തി വരാത്ത 
പ്രമാണത്തിന്റെ വെട്ടിത്തിരുത്തലുകൾ .
അവസരങ്ങളെത്രയോ ഉണ്ടായിരുന്നിട്ടും 
ഒരു സ്വയംഹത്യക്ക് 
പിടികൊടുക്കാതെ 
ഭാരമില്ലാത്ത സ്വപ്നങ്ങളും കണ്ടു 
മരണം ശാന്തി ഭൂവിലേയ്ക്ക് ...

വാലുമുറിയൻസത്യം


വാലുമുറിയൻസത്യം 



ഘടികാരത്തിന്റെ പിന്നിലിരുന്നൊരു വാലുമുറിയൻസത്യം 
മരണത്തിന്റെ നെഞ്ചിലേയ്ക്കൊരു 
പുഷ്പചക്രം പണിയുന്നു




കടൽ

മണ്ണിനെ പുണരാൻ 
മഴനൂലിലേറിയിറങ്ങുന്നു
കടൽ




വാടാക്കിനാവ്


കറുത്ത തോണിക്കാരനേയും കാത്തു 
ഇരുണ്ട നദീമുഖത്തൊരു 
വാടാക്കിനാവ്

2014, മേയ് 13, ചൊവ്വാഴ്ച

മീട്ടാത്ത തംബുരു

ഇല്ലാത്ത വാനിൽ പറക്കുവാൻ ചൊല്ലല്ലേ 
ചിറകറ്റു പോയൊരീ പക്ഷിയോട് 

ചുടു തണ്ണീരണ്ണാക്കിൽ കോരിയൊഴിച്ചി-
ളം തൊണ്ട നീ നിർദ്ദയം വാട്ടീടല്ലേ 

സ്വപ്നത്തിലെങ്കിലുമിത്തിരി നേരമീ 
വ്യോമപഥങ്ങളെ പുൽകട്ടേ ഞാൻ 

ആർത്തിരമ്പുന്നൊരു കാറ്റായി വന്നന്റെ 
സ്വപ്നത്തിൽ വന്നു നീ വീശിടല്ലേ

മോഹങ്ങൾ തൻ മഴവില്ലുകളാമിന്ദ്ര-
ജാലങ്ങൾ കാട്ടി മയക്കീടല്ലേ 

മീട്ടാതെ പോയൊരു തംബുരുവായി ഞാൻ 
ശിഷ്ടമിക്കാലം കഴിച്ചിടട്ടേ 

2014, മേയ് 10, ശനിയാഴ്‌ച

ചുമക്കാനാകാത്ത ഘടികാരം

ഞാൻ പറഞ്ഞതും 
നീ പറയാതെ പോയതും 
ഒന്നാണെന്നൊരു 
വാലുമുറിയൻ സത്യം 
ഘടികാരത്തിനു പിന്നിലിരുന്നു 
സമർഥിക്കുന്നുണ്ടായിരുന്നു 

സമാന്തരങ്ങളെന്നു
ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന 
ചില  രേഖകളുടെ സങ്കലനം 
ഒരു സ്ഫോടനം ഉണ്ടാക്കുന്നതിനു പിന്നിൽ 
കാഴ്ചയുടെ നിസ്സഹായാവസ്ഥയുണ്ട് 

സമാന്തരങ്ങളിലെ വക്രത കണ്ടെത്താൻ 
ഒരു ഘടികാരം മതിയാകും 
പക്ഷേ,ഭിത്തിയിലും മനസ്സിലും 
ഒതുങ്ങാത്ത ഒരു ഘടികാരത്തെ 
ആർക്കു ചുമക്കാനാവും ?

2014, മേയ് 7, ബുധനാഴ്‌ച

പ്രപഞ്ചത്തിന്റെ മനസ്സു വായിക്കുമ്പോൾ


കണ്ടതും കേട്ടതും അറിഞ്ഞതും 
അദൃശ്യ അണുക്കളാക്കി
സ്മൃതികോശങ്ങളിൽ 
അടുക്കി വെച്ചപ്പോൾ 
ഞാൻ പ്രപഞ്ചത്തേക്കാളും
വളരുകയായിരുന്നു  
പ്രപഞ്ചമൊരു ചെറുഗോളമായി 
ഈ വലിയ എന്റെ 
കൈക്കുള്ളിലിരുന്നു ശ്വാസം മുട്ടുകയായിരുന്നു 
എന്റെ അമ്പിളി 
കുന്നിൻ മുകളിൽ നിന്നും 
അരക്കോലോളം ദൂരത്തിലും 
സൂര്യൻ നാട്ടുമാവിൽ നിന്നും 
ഒരു കോലോളം ദൂരത്തിലുമായിരുന്നു 
അമ്പിളി പപ്പടമായിരുന്നു
സൂര്യൻ വെള്ളപ്പമായിരുന്നു 
നക്ഷത്രങ്ങൾ പനിനീർപൂവുകൾ 
ഇന്ന്,
എന്റെ കയ്യിൽ നിന്നും 
പ്രപഞ്ചം വഴുതിപ്പോയിരിക്കുന്നു 
പ്രപഞ്ചത്തിന്റെ 
മനസ്സു വായിക്കുന്നതിലും 
എത്രയോ എളുപ്പമാണ് 
ഇരുട്ടിൽ നിറങ്ങളെ തിരിച്ചറിയുന്നത്‌ 

2014, മേയ് 6, ചൊവ്വാഴ്ച

പേടിപ്പിക്കുന്നവൻ

ഞാൻ 
ചിന്തകളുടെ തെളിനീരരുവിയിൽ 
മുഖം നോക്കാനും 
അതിരുകൾ കാണാത്ത 
അനന്തനീലിമയിലൂടെ 
ചിറകുകൾ വീശി പറക്കാനും 
തളരുമ്പോൾ 
മരശിഖരത്തിലെ കൂട്ടിൽ മയങ്ങാനും 
ഒരു കൊടുങ്കാറ്റിന്റെ ആരവത്തിൽ 
പേടിച്ചരണ്ട കുഞ്ഞുങ്ങളെ 
ചിറകിനുള്ളിലൊളിപ്പിച്ചു
തെളിമാനം സ്വപ്നം കാണാനും 
കൊതിക്കുന്ന പക്ഷി 
നീ 
എന്റെ ചിന്തകളിൽ വിഷവിത്തു നട്ടു
ചിറകു വെട്ടി 
ആകാശത്തിനു അതിരിട്ടു 
ഒരു കൊടുങ്കാറ്റിന്റെ 
അട്ടഹാസമായി 
വീണ്ടും വീണ്ടും പേടിപ്പിക്കുന്നവ

2014, മേയ് 4, ഞായറാഴ്‌ച

കവിത പൂക്കാത്ത മരങ്ങൾ

കവിത പൂത്ത മരങ്ങൾ
അന്നു വീശിയ സുഗന്ധം 
ഘ്രാണേന്ദ്രിയങ്ങളിൽ 
ചിലതു മാത്രം ആസ്വദിച്ചു.
കടം കൊണ്ട 
 വരേണ്യ പദങ്ങൾക്കു മുന്നിൽ
അന്യവൽകരിക്കപ്പെട്ടവൻ
മിഴിച്ചു നിന്നു.
ഇന്നു കവിതകൾ പൂക്കാറില്ല
സുഗന്ധം പരത്താറില്ല 
കാരണം അതിന്റെ വാസം 
തെരുവിലാണ് .
തെരുവിലെ പൂക്കാത്ത കവിതകൾ 
ഹൃദയം കൊണ്ടു തിരിച്ചറിയാം