കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

ഇനിയെത്ര കാതങ്ങൾ


അലയുന്ന പുഴതന്റെ 
എരിയുന്ന നെഞ്ചിലായു-
ണരുന്നു കുളിരോർമ്മകൾ 

പതറുന്ന ചുണ്ടിലെ 
പിടയുന്ന വാക്കുകൾ
പകരുന്നു നൊമ്പരങ്ങൾ 

അകലത്തെ കടലൊട്ടു-
മറിയാതെ പോകുന്നീ
യാത്മാവിൻ ഗദ്ഗദങ്ങൾ 

പൊരിയുന്ന മരുഭൂവി-
ലഴലിന്റെ നിഴലിയായി 
ഒഴുകുന്നു കണ്ണീരായ് 

ഇനിയെത്ര തീരങ്ങ-
ളിനിയെത്ര കാതങ്ങളെ-
ത്തുവാനാമോക്ഷ ഭൂവിലേക്കായ്

2014, ഏപ്രിൽ 27, ഞായറാഴ്‌ച

മുഖമില്ലാത്തവരുടെ ലോകം

കണ്ണടച്ചാൽ എനിക്കതു കേൾക്കാം:
ഒരു വലിയ തീഗോളം 
വിഴുങ്ങാനായി 
പാഞ്ഞടുക്കുന്നതിന്റെ ആരവം 
അടിച്ചു വീശുന്ന കാറ്റിനെല്ലാം
കരിഞ്ഞ മാംസഗന്ധം 
പെയ്യുന്ന മഴയ്ക്കെല്ലാം ചുവപ്പുനിറം 
എത്ര സൂക്ഷിച്ചു നോക്കിയിട്ടും 
പല മുഖങ്ങളും വ്യക്തമല്ല 
ഇടയ്ക്കെപ്പോയോ 
എന്റെ മുഖം അപ്രത്യക്ഷമായി 
മുഖം കാണാത്തതു കൊണ്ട് 
എത്ര കണ്ണാടിയാണ് 
ഞാൻ എറിഞ്ഞുടച്ചത് 
ഡയോജനിസിന്റെ പ്രേതം 
ഇടയ്ക്കിടെ സ്വപനത്തിൽ വന്നു 
എന്റെ മുഖം 
കളഞ്ഞു പോയിട്ടുണ്ടെന്ന് ഓർമിപ്പിക്കുന്നു
വാഗ്ദത്ത ഭൂമിയിലേക്ക്‌ 
നയിക്കുന്നതു സാത്താനാണ്‌ 
പിന്തുടർന്നേ പറ്റൂ ..

2014, ഏപ്രിൽ 23, ബുധനാഴ്‌ച

നീ ഉണ്ടാക്കിയ ലോകം

നീ 
പടുത്തുയർത്തിയ 
ലോകത്തിൽ 
ചില ദൃശ്യങ്ങൾക്കു വിലക്കുണ്ട് 

സമൃദ്ധിയുടെ ഇരുട്ടറ
വെളിച്ചത്തിന്റെ 
വാതായനങ്ങൾ 
കൊട്ടിയടക്കുന്നു

ദൃശ്യങ്ങളിൽ 
കത്രിക വീഴുന്നതുകൊണ്ടാണ് 
'ഒട്ടിയ വയർ'
ആധുനിക ബിംബമല്ലാതാകുന്നത് 

മഹാസമൃദ്ധിയുടെ സുഖാലസ്യത്തിൽ 
അജീർണം പിടിച്ച 
മനസ്സിന്റെ വ്യാധികളാണ് 
മാരത്തോണ്‍ ചർച്ചകളിൽ 

കുറെ നുണകൾ 
ആറ്റിക്കുറുക്കിയെടുത്ത 
സത്യമാകുന്നു 
നിന്റെ ലോകം 

ഇനിയും 
കുഴിച്ചെടുക്കാത്ത സത്യങ്ങൾ
മറ്റേതോ ലോകത്തു 
രക്ഷകനേയും കാത്ത്...

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

പ്രാർഥന


ചുടലനൃത്തം ചെയ്യുന്ന 
പിശാചുക്കൾക്കു  നടുവിലെ 
മാനിന്റെ കണ്ണിലെ ദൈന്യതയാണ്
പ്രാർഥന

ഇരുട്ടു വിഴുങ്ങിയ 
പാടവരമ്പിലൂടെ, 
കഞ്ഞിക്കരിയുമായി വരുന്ന 
മാരനെ തേടുന്ന, 
പെണ്ണൊരുത്തിയുടെ
കണ്ണുകളിലെ  പ്രതീക്ഷയാണ് 
പ്രാർഥന

മാനമല്ലാതെ
ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ 
നെടുവീർപ്പുകൾക്കുള്ളിലെ 
നിറമില്ലാത്ത തേങ്ങലാണ് 
പ്രാർഥന 

2014, ഏപ്രിൽ 19, ശനിയാഴ്‌ച

നിർവചനങ്ങൾക്കു വഴങ്ങാത്ത ഞാൻ


ഞാൻ-

മരുഭൂമിയിലെ  കോണ്‍ക്രീറ്റുമരങ്ങളിൽ 
വസന്തത്തിന്റെ ആരവങ്ങൾ 
കാതോർക്കുന്ന പക്ഷി 

ഒരു മുളന്തണ്ടിന്റെ  
നേർത്ത ചുണ്ടുകളിൽ 
സംഗീതക്കാറ്റാവാൻ കൊതിച്ചവൻ

ഇന്നലെകളുടെ ഉത്ഥാനപതനങ്ങൾക്കിടയിൽ 
മണ്ണിനടിയിലകപ്പെട്ടു പോയ 
കുഴിച്ചെടുക്കാനാകാത്ത അമൂല്യനിധി 

പഴുത്ത മാമ്പഴത്തിനുള്ളിലെ 
പഴുക്കാത്ത മനസ്സിൽ
പിറവി തേടുന്നവൻ

കാലത്തിനോടൊപ്പം കുതിക്കുമ്പോൾ 
കാല്പനികപ്രളയത്തിലേയ്ക്കു കാലിടറി വീണു 
മുങ്ങിച്ചത്തവന്റെ ആത്മാവ് 

ഭ്രാന്തന്റെ മാറാപ്പിലെ
അഴുകി ദ്രവിച്ച 
കീറത്തുണി

മരണ ഭാഷയിൽ സംസാരിക്കുന്ന 
മൗനത്തിന്റെ മുകളിൽ അടയിരിക്കുന്ന 
മരിക്കാത്തവന്റെ ആത്മാവ് 

നാളത്തെ രക്തപ്പുഴകളിലൂടെ 
ആത്മാക്കളെ വഹിച്ചു കൊണ്ടുപോകുന്ന 
കറുത്ത തോണികളുടെ ഗതി നിയന്ത്രിക്കുന്നവൻ

ഇങ്ങനെ പോകുന്നു 
എന്നെക്കുറിച്ചുള്ള 
നിർവചങ്ങൾ 

നിർവചനങ്ങൾക്കൊന്നും
പിടി കൊടുക്കാതിരിക്കുന്നതാണ്
എന്റെ വിജയം !
അഥവാ 
പരാജയം !

2014, ഏപ്രിൽ 16, ബുധനാഴ്‌ച

ബാല്യത്തിൻ പൂമരം


അല്ലലിൽ പൂത്തൊരാ ബാല്യത്തിൻ പൂമരം 
ഏകിയ സൗഗന്ധം പിന്നെങ്ങും കിട്ടീല 
*******************************
ഓർമകളുടെ ശവക്കല്ലറയിലെന്നെ അടക്കൂ 
ബാല്യം പൂത്ത ഇന്നലെകളിലേയ്ക്കു ജനിക്കട്ടേ 
*******************************
കാലമേ..കാണിക്ക വെക്കുന്നു ഇന്നിൻ സമൃദ്ധികൾ
തരിക തിരികെയെൻ ബാല്യസാമ്രാജ്യം 
******************************
ചിറകു മുളച്ച ബാല്യമൊരു പൂത്തുമ്പിയായ്
ചിറകൊടിഞ്ഞ തുമ്പിയൊരു സ്മാരകമായ് 
****************************
നടന്നു മറഞ്ഞവരനവധിയിതുവഴി 
കാൽപാടുകൾ പതിഞ്ഞവരോയിത്തിരി
*****************************
പുറമേയ്ക്ക് ശാന്തമായിട്ടഭിനയിക്കും 
ഇടയ്ക്കിടെ കരയിൽവന്നു തല തല്ലിക്കരയും -
പാവം കടൽ
****************************
കരൾ പകുത്തുനൽകിയിട്ടും 
കൂടൊഴിഞ്ഞ സൗഹൃദങ്ങൾ 
അകറ്റിമാറ്റിയിട്ടും വാലാട്ടിക്കൊണ്ടൊരു നന്ദി
*****************************
അഴുക്കെത്രയാകിലും 
കരങ്ങളുണ്ടു വൃത്തിയാക്കാൻ-
ഒരു വസ്ത്രത്തിന്റെ ധാർഷ്ട്യം തുടരുന്നു

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

പുതിയ കാലത്തിന്റെ സമസ്യകൾ


ആസുരകാലം
ബന്ധങ്ങളെ പുനനിവചിക്കുന്നു
പുതിയ ആധിപത്യഭൂമികയി
ആളും ഥവുമുള്ളവ
സുരക്ഷിതനാണ്
ഓച്ഛാനിച്ചുനിക്കുന്ന നപുംസകങ്ങ
രാജപാതയൊരുക്കുമ്പോ
ദുബലരുടെ
നാക്കു തീറെഴുതിയെടുക്കാനും
ബന്ധങ്ങളുടെ ഊഷ്മളപൂഞ്ചോലയി
വിഷം കലത്താനും
അവ പ്രാപ്തനാകുന്നു
കാമം പുരട്ടിയ
നാരാചമുനയ്ക്കു മുന്നി
ഒരു കിളിയുടെ കണ്ണീപെയ്ത്തുക
ലഹരിയാകുന്നു
ഹിംസിക്കുന്നവ തന്നെ
ഇരയെ പോറ്റി വളത്തുന്നത്
പുതിയകാലത്തിന്റെ സമസ്യയാണ്
ഉയത്തെഴുനേപ്പിന്റെ
ഒരു അവ്യക്തകാഹളം മുഴങ്ങുന്നുണ്ട്
വരാനിരിക്കുന്ന
ബൗദ്ധികമലവെള്ളപ്പാച്ചിലി
ചില ചപ്പു ചവറുകളൊക്കെ

കുത്തിയൊലിച്ചു പോയേക്കാം

നുറുങ്ങുകൾ


കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു 'രതിയന്ത്രം'വാങ്ങി-
പൊന്നിൽ തീർത്തത്
***********************
കാഴ്ചയും മാഞ്ഞുപോയ്‌ കേൾവിയും  മാഞ്ഞുപോയ്‌
ഓർമവിളക്കു കരിന്തിരി കത്തുന്നു
*************************
ജീവിതം-പാട്ടറിയുന്നവനു മധുരരാഗം
അല്ലാത്തവനു കഴുതരാഗം
***********************
ചോരതുപ്പി സൂര്യൻ മരിക്കുന്നതു കണ്ടുപേടിച്ച പകൽ
രാത്രിയുടെ ദാവണിയ്ക്കുള്ളിലൊളിച്ചു
**********************
അറവുമാടുകൾ
വീണ്ടും പുറപ്പെടുന്നു
യജമാനന്റെ വാളിനു മൂർച്ച കൂട്ടാൻ
***********************
ചന്ദ്രികപ്പാൽ തുളുമ്പി വീണു
കറപിടിച്ച സാരിയുമായി നിഴൽ
***************************
ഓടിത്തളർന്ന പകലിനെ
കരിമ്പട്ടുകൊണ്ടു പുതച്ചു കിടത്തി-രാത്രി
****************************
പാമ്പ് ,പടമഴിച്ചു വനനിഗൂഢതകളിലേയ്ക്കു മറഞ്ഞപ്പോൾ
പടവും ചുമലിലേന്തി പുളിയുറുമ്പുകൾ
**************************
ആയുധമില്ലാതെ
പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ ...

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

പ്രവാസിയുടെ കുറിപ്പുകൾ

ഒരു യാത്രയുണ്ട് !
നെഞ്ചിലൊതുങ്ങാത്ത സ്നേഹം 
പെട്ടികളിലൊതുക്കി കെട്ടുമ്പോൾ 
ഖൽബിൽ നുരയുന്നു 
അത്തറിന്റെ മണമുള്ളൊരു ഗാനം .
മരുഭൂമിയുടെ തപ്തനിശ്വാസങ്ങൾ 
ഏറ്റുവാങ്ങിയ നെഞ്ചിൻകൂടിനുള്ളിൽ നിന്നും 
എത്ര പെട്ടന്നാണ് 
ഒരു ഒപ്പനത്താളമുയരുന്നത് !
പ്രിയതമയുടെ 
മൈലാഞ്ചിവിരലുകളുടെ 
ആറ്റങ്ങളിൽ നിയന്ത്രിക്കപ്പെടുന്ന 
ഒരു പട്ടമായി എന്റെ വിമാനം 
അനന്തതയിലൂടെ ഒഴുകിയൊഴുകി
ജന്മഗേഹമണയുന്നു...
ഒരു യാത്രയ്ക്ക് 
ഇത്രയേറെ ആനന്ദമുണ്ടാകുമോയെന്നു 
ഓരോ ആത്മാവും 
ആശ്ചര്യപ്പെടുന്ന നിമിഷം !
ഞാനൊരു നവജാതശിശുവായി മാറുന്നു ...
ഒരു മടക്കമുണ്ട് ...
എല്ലാം ഉപേക്ഷിച്ചു യാത്രയാകുന്ന 
ഒരു മയ്യിത്തിനെ പോലെ !
അപ്പോൾ 
വിമാനത്താവളം 
ഒരു വലിയ ശ്മശാനമാകുന്നു !
വിമാനത്തിനകം 
ഗതി കിട്ടാത്ത 
കുറെ ആത്മാവുകളെ അടക്കംചെയ്ത 
ഒരു വലിയ ഖബറും..!

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

കുരങ്ങമാരും മാമ്പഴക്കാലവും

(ഇതു കാട്ടിലെ കുരങ്ങന്മാരെക്കുറിച്ചുള്ള വെറും ഒരു കല്പിത കഥയാണ്‌ .)

വീണ്ടും വരുന്നു 
ഒരു മാമ്പഴക്കാലം !
കുരങ്ങന്മാർ,
'വിശുദ്ധഏണിയും' കാത്തു 
മാഞ്ചോട്ടിൽ തപസ്സിലാണ് .
മുമ്പ്,
മധുരമാമ്പഴം നുണഞ്ഞവരും
കിട്ടാതെ പോയവരും കൂട്ടത്തിലുണ്ട് .
കിട്ടാമുന്തിരി 
പുളിപ്പിക്കുന്ന കുറുക്കന്മാരുമുണ്ട്‌.
കുരങ്ങന്മാർ,
സദ്ഗുണ സമ്പന്നരും 
സൗമ്യരുമാകുന്ന കാലമാണിത് !
മാവിൽ കേറാൻ,
ഏണി വെച്ചുകൊടുക്കുന്നവർക്ക്,
തോട്ടിപ്പണി വരെ ചെയ്തു കൊടുക്കും !
കേറിക്കഴിഞ്ഞാലോ, 
എന്റമ്മോ,
മധുരമാമ്പഴക്കാലം 
തീറെഴുതിയെടുക്കും !
താഴെ നിന്നുള്ള 
പ്രാക്ക് സഹിക്കാതെയാകുമ്പോൾ,
പല്ലിളിച്ചുകൊണ്ട്,
ഒരു മാങ്ങയെങ്ങാനും
പറിച്ചെറിഞ്ഞാലായി .
കുരങ്ങന്മാരങ്ങനെയാണ്;
അവർക്കു മുഖ്യം,
മാവും അതിന്റെ ഉന്നതശിഖരങ്ങളും .
മാമ്പഴക്കാലം തീരുമ്പോൾ,
വീണ്ടും,
ചുവട്ടിലുള്ളവരെ വന്നു കാണുന്നു 
ഈ മാവേലിക്കുരങ്ങന്മാർ ...
ഇരുകൂട്ടർക്കും സന്തോഷം !

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ദാർശനികപ്രതിസന്ധിയുടെ നാളെകൾ

ഓർമ്മയിലെ എന്നെ
ദ്രവിച്ച വർത്തമാനയാനത്തിൽ
പേരറിയാത്ത നാളെയിലേക്ക്
യാത്രയാക്കുകയാണ് നീ .
നാളെ,
അസ്തിത്വമില്ലാത്ത എന്നെ,
എനിക്കു പോലും
തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല .
തീർച്ചയായും,
ഒരു ദാർശനികപ്രതിസന്ധിയുടെ
തമോഗർത്തത്തിലേക്കാണ്,
എന്നോടൊപ്പം
നീയും വരുന്നത് .
ഒരു വലിയ പ്രളയത്തിൽ നിന്നും,
നിനക്കു മാത്രം രക്ഷപ്പെടാൻ
കഴിയുമെന്ന വ്യാമോഹത്തിലാണ് നീ !
ഓർക്കുക...
തോണ്ടിയിട്ട  ശവക്കുഴികളിൽ
ഒന്നു നിന്റെതാണ് ..!

മരുഭൂമിയുടെ ചിറകടികൾ

മേഘത്തിന്റെ കണ്ണീർപെയ്ത്തുകൾ
ഭൗമഗർഭത്തിലൊരു ശിശുവാകുമ്പോൾ
വേനൽകണ്ണുകൾ അതു കണ്ടെത്തുന്നു

പ്രേമത്തിന്റെ പൂഞ്ചോലക്കുളിരുനുള്ളിൽ
ദഹിക്കാതെ കിടക്കുന്ന വേനൽമനസ്സാണ്
വേർപാടിന്റെ വിത്തു മുളപ്പിക്കുന്നത്

വേനലിനെ സ്നേഹിച്ച കുറ്റത്തിന്നു
ഒരുപ്പുകാറ്റിന്റെ പരുക്കൻതലോടലിനാൽ
വന്ധീകരിക്കപ്പെട്ടവരാണ് മരുഭൂമികൾ

ഭൗമമനസ്സിന്റെ ചിതയിൽ നിന്നും
ദുശ്ശാശനക്കൂട്ടങ്ങളുടെ അകമ്പടിയോടെയാണ്
ഓരോ വേനലിന്റെയും പുറപ്പാട്

നിരയായി നിൽക്കുന്ന ബോധിവൃക്ഷത്തണലുകളിൽ
മുളച്ചു പൊന്തുന്ന ബൗദ്ധികനാമ്പുകൾ
വേനലിന്റെ മണ്ണിൽ കാണാൻ കഴിയില്ല

മുകളിലൊരു വന്ധ്യ മേഘം,താഴെ കറുത്തുണങ്ങിയ മരം
തൊണ്ട പൊട്ടിക്കരയുന്ന പക്ഷി.....
ഒരു മരുഭൂമിയുടെ ചിറകടികൾ കേൾക്കുന്നു

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

കാത്തിരിപ്പ്

കാത്തിരിപ്പുണ്ടു ശ്മശാനത്തിൽ
ശവത്തെ കുഴിയിലേക്കെടുക്കുന്നതും കാത്തു പുഴുക്കൾ !
മണ്ണിലൂർന്നു വീണ മനുഷ്യമോഹങ്ങൾ
പൂക്കളായ് വീണ്ടും തല പൊക്കുന്നു !
***************
വറ്റിവരണ്ട വേനൽപാടങ്ങളിലേക്കു നീയൊരു
ഇടവപ്പാതിയായ് പെയ്തിറങ്ങുന്നതും
കാത്തു മോഹങ്ങൾ
***************
ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറയ്ക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി
************
കടലാണെന്റെ ലക്‌ഷ്യം
മരുഭൂവഴികളിലൂടൊഴുകുന്നതെൻ നിയോഗം
അകലെ കാണുന്ന വെളിച്ചത്തിലെത്താൻ
ഇനിറെത്ര ഇരുൽക്കടലുകൾ നീന്തി