കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പാഠം -1 -നിഴലുകൾ ഉണ്ടാകുന്നത്


നിഴലുകൾ-
രേഖകളിലൊന്നുമില്ലാത്ത പ്രസ്ഥാനമാണ് 
ലാർവകൾ വിരിയുന്നതു ഇരുട്ടിലും
നശിക്കുന്നതു  വെളിച്ചത്തിലുമാണ് 
ഇരുട്ടിനെ സ്നേഹിക്കുന്നതു കൊണ്ടും 
അതിജീവനത്തിനത്തിനുമാണ് 
വെളിച്ചത്തോടു പടവെട്ടുന്നത് 

നിഴലുകൾ-
കണ്ഠനാഡിക്കടുത്തു കൂടുകൂട്ടിയിട്ടും 
അദൃശ്യവേരുകളുപയോഗിച്ചു
ഹൃദ്രക്തം ഊറ്റിക്കുടിച്ചിട്ടും
നാം അറിയാതെ പോകുന്നുണ്ടെങ്കിൽ
കാഴ്ചവട്ടങ്ങളിൽ  മാത്രം 
അടയിരിക്കുന്നതു കൊണ്ടാണ് !
നിഴലുകളോട് പടവെട്ടാൻ തീറെഴുതിയ 
ജന്മത്തിന്റെ ബാക്കിപത്രം 
ശൂന്യമാകുന്നതും അതാകാം 

ആറാമിന്ദ്രിയംകൊണ്ടു
നിഴലുകളെ തിരിച്ചറിഞ്ഞവന്റെ വായ്‌ 
ഏഴാമിന്ദ്രിയം കൊണ്ടു മുദ്രവെക്കപ്പെടുന്നു 
ദൃശ്യവളയത്തിനുള്ളിലുള്ളതു മാത്രം 
സത്യമെന്നു നിനക്കുന്നവൻ
തൊണ്ടക്കുഴിയിൽ ജീവൻ
അതിന്റെ അവസാന 
പിടച്ചിൽ പിടയുമ്പോഴും 
ഒന്നുമറിയുന്നില്ല ...

കുഴിച്ചു മൂടപ്പെട്ട 
സത്യത്തിന്റെ മുകളിലിരുന്നാണ്
നിഴലുകൾ അമരത്വം നേടുന്നത് ...

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ദ്വന്ദഭാവങ്ങൾ


വെളിച്ചത്തിലെനിക്കു നീയുറ്റ തോഴൻ
ഇരുളിലോ നീ തേടുന്നതെൻചുടുരക്തം
പ്രിയതരമാം കാഴ്ചകൾകണ്ട പകലുകൾ
പ്രിയങ്കരങ്ങളൊക്കെ പങ്കുവെച്ച നാളുകൾ
ചിറകുവിടർത്തിപ്പറന്ന കൗമാരമോഹങ്ങൾ
ഒരുമിച്ചുണ്ണിയുറങ്ങിയിഴഞ്ഞ ബാല്യം
എന്നിട്ടുമറിഞ്ഞീല നിൻ ദ്വന്ദഭാവം
ഭയമാണെന്നും നിനക്കു പകലിനെ
രാത്രിയിൽ നിനക്കു ദംഷ്ട്രകൾ വളരുന്നു
രക്തദാഹിയായലയുന്നു നീയെങ്ങും
നിന്റെ തലച്ചോറെന്നിനി നിനക്കുമാത്ര-
മാകുന്നുവൊ,അന്നിനി കാണാം വീണ്ടും

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

വെള്ളിനക്ഷത്രത്തേയും കാത്ത്


'ബവേറിയ'യിൽ വേരോടിപ്പടർന്ന
പോടുവൃക്ഷത്തിൽ വിരിഞ്ഞതു
വംശീയതയുടെ ചുടുകാട്ടുമുല്ലകളായിരുന്നു


'വംശശുദ്ധിയും ഐക്യവും'ഉന്മത്തരാക്കിയ
ആത്മബോധശൂന്യരുടെ ഹൃദയങ്ങളിലെ
നീലരക്തമൂറ്റിയായിരുന്നു അതിന്റെ വളർച്ച


സ്വേച്ഛാധിപത്യഭീകരതകൾ മയങ്ങിക്കിടന്നതു
ദേശസ്നേഹ മുദ്രാവാക്യങ്ങളുടെ
പുറന്തോടിനുള്ളിലായിരുന്നു


'ഹോളോകോസ്റ്റ് 'നിർമ്മിച്ച
വേരറുക്കൽപ്രത്യയശാസ്ത്രത്തിന്നു കിട്ടയത്
'ന്യൂറംബർഗ്'വിചാരണകൾ മാത്രം..!


ഈ  ആഗോളഗ്രാമവീഥിയിൽ
വംശവിച്ഛേദപ്രത്യയശാസ്ത്രങ്ങളുടെ കൊലവിളികൾ
നമ്മുടെ കണ്ഠനാഡിക്കും അടുത്താണ്


ആത്മബോധശൂന്യർ പെറ്റുപെരുകുന്ന ഇക്കാലത്തു
'ന്യൂറംബർഗ്' വിചാരണകൾപോലുമില്ലാത്ത
'ഹോളോകോസ്റ്റുകളും'പെരുകിക്കൊണ്ടിരിക്കും


ശവങ്ങളും പച്ചച്ചോരയും മണക്കുന്ന
അന്യതാബോധത്തിന്റെ ഈ ഇരുൾവഴികളിൽ
ഇനിയെന്നാണൊരു വെള്ളി നക്ഷത്രം ഉദിക്കുന്നത്?

മകനേ നിന്നോട് ...

പണ്ടൊക്കെ മകനേ..
കിണർവറ്റുന്നതപൂർവമിന്നോ ?
വറ്റിവരളുന്നാത്മാവിനാർദ്രനീരൊയുക്കും
സ്നേഹത്തിന്നൂഷ്മളഭാവങ്ങളും .
കുന്നും മരങ്ങളും  നാടുകടന്നിടുമ്പോൾ
ഭൂമിയുടെ കണ്ണീർ പ്ലാസ്റ്റിക് കുപ്പികളിൽ
ഭൂതകാലം സ്വപനംകണ്ടു മയങ്ങുന്നു .
മകനേ ...
ഓരോ കിണർവറ്റുമ്പോഴും
നീ കേൾക്കുന്ന നേർത്തശബ്ദം
തളർന്നു വരുന്ന കാലത്തിന്റെ
ചിറകടികൾ തന്നെയാണ് .....
ആത്മബോധശൂന്യരുടെ മുന്നിൽ
'ഇന്നുകൾ'മാത്രമേയുള്ളൂ
മകനേ
നാളെത്തെ മരുഭൂമിയിൽ നിന്നും
ജീവന്റെ അവസാനത്തെ പിടച്ചിൽ
ഞാൻ കാണുന്നു ...
വറ്റിയ കിണറിന്റെ രോദനങ്ങൾ
ഇനി നിനക്കെന്റെ
നെഞ്ചിലൂടെ കേൾക്കാം...

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ആധാറും,ഗ്യാസ് സബ്സിഡിയും ,പിന്നെ കോരനും


കോരൻ
കുമ്പിളിൽ തന്നെ കഞ്ഞി കുടിച്ചു
കൊണ്ടിരിക്കുകയായിരുന്നു
അതാ വരുന്നു ...സുനാമിയുടെ ആരവങ്ങൾ !
ആധാർ,ഗ്യാസ് ഏജൻസി, ബാങ്ക്, സബ്സിഡി
തുടങ്ങിയ 'കുണ്ടാമണ്ടിക്കുന്ത്രാണ്ടങ്ങൾ '
കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടാലെന്താ ?
കാൽപ്പാദങ്ങൾ തേഞ്ഞാലെന്താ ?
ഈ ഭൂലോകസംഭവങ്ങളെല്ലാം
ഒപ്പിച്ചെടുത്തു കോരൻ !
അപ്പോളതാ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും
ഒരു ചിലമ്പിച്ച  നാദം :
'കുണ്ടാമണ്ടിക്കുന്ത്രാണ്ടങ്ങൾ  വേണ്ടേ, വേണ്ട'  
ഉടനെ വരുന്നു കോർപ്പറേറ്റുരാജകുമാരന്മാരുടെ
ഇടിനാദങ്ങൾ: 'വേണം ,വേണം '
'കോര്‍പ്പറേറ്റോക്രസിയുടെ'
ചൂണ്ടയിൽ കിടന്നു പിടയുന്ന
'ഡെമോക്രസിയെ' കണ്ടു
അന്തം വിട്ടു നിന്ന കോരനോട്
ചാനലുകാരൻ :
സർക്കാർപരസ്യങ്ങളിൽ  കാണുന്നതുപോലെ
ജീവിതം സുന്ദരമല്ലേ?
കോരൻ :
കോരനെ ലാളിക്കാൻ വന്നവരൊക്കെ
വല്ലാതങ്ങു തടിച്ചു കൊഴുത്തു ...!
യെന്റെ വായീന്ന് വരണത്************(ന്യൂ ജനറേഷൻ മ്യൂസിക് )

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

എന്റെ കുഞ്ഞനുജത്തിക്കായ് ...


ചാറ്റൽമഴയുളളൊരു കുളിർസന്ധ്യയിൽ
ശാന്തിനിറഞ്ഞൊരു പള്ളിപ്പറമ്പിലെ
തപ്തഹൃദയരാം മീസാൻകല്ലുകൾ
പ്രാർത്ഥനയാൽ കൈകൾനീട്ടീടുന്നു

കുറ്റിച്ചെടികൾ വകഞ്ഞുമാറ്റിക്കൊണ്ടൊ-
രുകൊച്ചു മണ്‍കൂനക്കരികെ ഞാൻ ചെന്നെത്തി
വിപ്രവാസം വിട്ടെൻ ജന്മഗേഹംത്തേടി
അണയുമ്പോളൊക്കെയും തേടുമിക്കല്ലറ


പള്ളിക്കൂടംവിട്ടിട്ടന്നു തിരിക്കുമ്പോൾ
തോട്ടിൻകരയിലെ ഞാവൽമരംക്കേറി
ഞാൻശേഖരിച്ചോരാ ഞാവൽപ്പഴങ്ങളെ
വാങ്ങാതെ വന്നു കിടക്കുന്നിക്കബറിൽ നീ


വെള്ളത്തുണിയിൽ പൊതിഞ്ഞനിൻദേഹത്തിന-
ര്‍ത്ഥമറിഞ്ഞീല ബാലാനാം ഞാനന്ന്
ഇന്നറിയുന്നു, നീ വിട്ടേച്ചുപോയതു
അന്തമില്ലാത്തൊരു ശൂന്യതമാത്രമാം !

തൊട്ടടുത്തുളളൊരു കള്ളിച്ചെടിയുടെ
കൊമ്പിലൊരു  കുഞ്ഞുകാറ്റിൻചെറുചിരി
അറിയാമതു നിന്റെയോമൽചിരിയെന്നു
സംവദിക്കാൻ മറ്റുമാർഗ്ഗമില്ലല്ലോ,ഹാ !


വർഷങ്ങൾതന്നുടെ മലവെള്ളപ്പാച്ചിലിൽ
കുഞ്ഞനുയത്തീ  നീയെന്നെ മറന്നുവോ?
ഇല്ല,കഴിയില്ലൊരിക്കലുമീസ്നേഹ -
പാശം മുറിക്കുവാനാർക്കുമൊരുനാളും


അല്ലലാണെങ്കിലുമുള്ളതിൽമോദത്താൽ
ജീവിതംപൂത്തൊരാ ബാല്യംമറക്കുമോ?
പൊടുവണ്ണിക്കൊമ്പിൽ ഞാൻകെട്ടിയ ഊഞ്ഞാലിൽ
ആടിക്കൊതിയൊട്ടും തീരാതെപോയി നീ


ഓർമ്മയിൽവാടാതെ നിൽക്കുന്ന പൂവു നീ
കാലത്തിന്നാകില്ലൊരിക്കലും മായ്ക്കുവാൻ
ഓർമ്മയിൽനിന്നും നീയെന്നുമായുന്നുവോ
നിശ്ചയം,അന്നുനീയെന്നിൽ മരിച്ചീടും


ഇത്തിരിക്കണ്ണീരിന്നുപ്പുനിറക്കട്ടേ
ഇപ്പുണ്യഗ്ഗേഹത്തിൻ മേല്‍ക്കൂരയില്‍
കത്തുന്ന ശിരസ്സിലലയുന്ന ചിന്തയിൽ
മൗനമായ്ത്തേങ്ങുമെന്‍  പ്രാര്‍ത്ഥനകള്‍