കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ചിതലരിച്ച ചരിത്രത്താളുകൾ

വിശപ്പേറെയുണ്ടായിരുന്നു...
ചിതലരിച്ചു  പിഞ്ഞിപ്പറിഞ്ഞു
ചാരനിറമാർന്നു ശോഷിച്ച
ചരിത്രത്താളുകൾ ചതുര്‍ത്ഥിയോടെ
ചവച്ചരച്ചിറക്കി ഏമ്പക്കമിടുമ്പോൾ
ചിരിക്കുന്നുണ്ടായിരുന്നു; മുഖമമർത്തിക്കൊണ്ട്
ചണ്ടിപ്പണ്ടാരങ്ങളുടെ ചക്രപതിയായൊരു
ചിതൽ എന്നെ നോക്കി !
ചിറി കോട്ടിയൊരു പുച്ഛച്ചിരി !
ചവച്ചരച്ചതെല്ലാം ഛര്‍ദ്ദിച്ചു
ചെറു പുതുനാമ്പുകൾക്ക് വളമാക്കിയപ്പോൾ
ചതിയമ്പെയ്തവർ എന്നെ വീഴ്ത്തി ..!

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ശവഘോഷയാത്രകൾ


വഴിയരികിൽ 
പടം പൊഴിച്ചൊരു പാമ്പ് 
വന നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ 
പടവും ചുമലിലേന്തി 
പുളിയുറുമ്പുകൾ 
ശവഘോഷയാത്ര നടത്തി ...

ദുർബല ശരീരത്തെ 
ഉപേക്ഷിച്ചൊരാത്മാവ് 
കാല നിഗൂഡതകളിലേക്കു മറഞ്ഞപ്പോൾ 
ഭൗതികശരീരം ചുമലിലേന്തി 
ആളുകൾ
ശവഘോഷയാത്ര നടത്തി ...

തേൻവറ്റിയ പൂവിനെ ഉപേക്ഷിച്ചു 
വണ്ട്‌ പറന്നകന്നപ്പോൾ 
മണ്ണിലടർന്നു വീണ ദലങ്ങളെ
പെറുക്കിയെടുത്തൊരു കാറ്റ് 
ശവഘോഷയാത്ര നടത്തി ...

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ജീവിതക്കുമിളകൾ


നിനവിന്റെ മൂടൽമഞ്ഞലകളാൽ ഞാനെന്റെ
ലിന്റെ അഗ്നികുടീരങ്ങൾ മൂടീടാം
കനവിന്റെ കുങ്കുമ തേജസ്സാൽ ഞാനെന്റെ
മനസ്സിന്റെ ഏകാന്തതീരം നിറച്ചീടാം
അഴലിന്റെ വറചട്ടിയിലെരിയുന്ന ചേതസ്സിൻ
ഗദ്ഗദം ഹൃദ്രക്തമഷിയാലേ വിരചിക്കാം
എങ്ങനെ കൂട്ടിക്കിഴിച്ചു ഗുണിക്കിലും
ശൂന്യമായ് തീർന്നെന്റെ ജീവിത പുസ്തകം
നഷ്ടവസന്തങ്ങൾ,കഷ്ടനഷ്ടങ്ങളും
കാലമാം ഗണിതന്റെ തന്ത്രങ്ങളായീടാം
എല്ലാം തികഞ്ഞെങ്കിൽ ശൂന്യമായ്തീരുമീ
സുന്ദര ജീവിതപുഷ്പവാടി
മോഹത്തിൻ ഇരകൾ കുരുക്കിയ ചൂണ്ടയെൻ
മുന്നിൽ പിടിച്ചു വളർത്തുന്നു വാഞ്ഛകൾ
ഇങ്ങനെ പ്രണയാർദ്രമോഹകുസുമങ്ങൾ
ഹൃദയസ്ഥലികളിൽ നാമ്പെടുത്തീടുന്നു
തുച്ഛമീ അർത്ഥരഹിതമാം ജീവിതം
മായുന്ന വാർമഴവില്ലുകൾ മാത്രമോ ?
എല്ലാം പഠിപ്പിച്ചു നീയെന്നെ കാലമേ..!
ഒരു കൊച്ചുസുപ്തിയിൽ മിന്നിമറയുന്ന
ഹ്രസ്വമാം സ്വപ്നമീ ജീവിതക്കുമിളകൾ..!

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

സരിതോർജ്ജം


സരിതോർജ്ജം

'സരിതോർജ്ജത്തെക്കുറിച്ച്'
ന്യൂട്ടോണിയൻ ഫിസിക്സ്‌
ഒന്നും പറഞ്ഞില്ല !
അതുക്കൊണ്ട് ഐൻസ്റ്റീൻ മൌനം പാലിച്ചു
പക്ഷേ ,സ്റ്റീഫൻ ഹോക്കിൻസിന്റെ ഈ മൌനം ?
ക്ലിയോപാട്രിയൻ ഊർജ്ജത്തിന്റെ
പുനർനിർമാണമാണെന്നു പറയരുതോ?

വൃത്തിക്കെട്ടവൻ

അയ്യേ.. വൃത്തിക്കെട്ടവൻ
ഒറ്റക്കിരുന്നു ടി.വി ന്യൂസ്‌ കാണുന്നു ...
ഒരു മുണ്ടെങ്കിലും തലയിൽ ഇടരുതോ..?

എനിക്ക് പുറംഭാഗം ഉണ്ടോ ?

ദൈവം
ഉണ്ടോ ?എവിടെ ?
ക്ഷമിക്കണം...
മരിക്കുന്നതിനു മുമ്പ്
എന്റെ പുറംഭാഗം
ഒന്ന് നേരിൽ കാണണമെന്നുണ്ട് !
ഒരിക്കലെങ്കിലും ...
സത്യത്തിൽ എനിക്ക്
പുറംഭാഗം ഉണ്ടോ ?

അയാൾ വരുന്നു

അയാൾ...
വരുമെന്ന് പറഞ്ഞെങ്കിലും
വരില്ലെന്ന് വിചാരിച്ചു ...
ഇന്ന് വിളിച്ചിരിക്കുന്നു;വരുന്നുണ്ടെന്നു ..
നാളെ കൂടെ ചെല്ലണമെന്ന് !

യാത്രക്കിടയിലെ കുഴി

ഹലോ ,സുഹൃത്തേ
നമ്മുടെ യാത്രയ്ക്കിടയിൽ
ഒരു ഇടുങ്ങിയ കുഴി കണ്ടാൽ
കൂടുതൽ  തളർന്നവനെ
അതിലിട്ടു, മണ്ണിട്ടു മൂടുക
എന്നിട്ട് നിങ്ങളുടെ കുഴി തേടി
യാത്ര തുടരുക ...

പുഴുക്കളുടെ ഭക്ഷണം

ഏയ്‌ ..വേണ്ടാട്ടോ ...!
അല്ലേലും
നാളെ പുഴുക്കളുടെ
ഭക്ഷണമായ ഒരു ശരീരം കൊണ്ട്
എന്ത് അഹങ്കരിക്കാൻ ...!

ചിരിയും കരച്ചിലും

ഞാൻ ചിരിക്കുന്നത്
കരയാൻ കഴിയാത്തത് കൊണ്ടാണ്
അയാൾ കരയുന്നത്
ചിരിക്കാൻ കഴിയാത്തത് കൊണ്ടും ...

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ബാപ്പുജിയോടു മാത്രം ചില വാക്കുകൾ


 ബാപ്പുജീ ,
ഓർക്കണമായിരുന്നു ...  
ബോധിവൃക്ഷത്തണലിൽ
വിരിഞ്ഞ തലച്ചോറുകളോ
ഉദ്ഭാവനത്തിന്റെ നറും നിലാവോ 
സഹിഷ്ണുതയുടെ തെളിർ നീരരുവികളോ 
സഹനത്തിന്റെ അമ്മ മനസ്സോ 
ഉരുവം കൊള്ളാതെ,
ഭീതിത ശൂന്യതയുടെ വേതാളനൃത്തം 
അരങ്ങു തകർക്കുന്ന 
ശുഷ്കിച്ച തലച്ചോറുകളെ
കുടുംബഭാരം എൽപ്പിച്ചു
അങ്ങു മടങ്ങരുതായിരുന്നു ..!

മാവേലിയെപ്പോലെ,
വർഷത്തിലൊരിക്കൽ 
അങ്ങു  വരണമായിരുന്നു ...

സംഭ്രമവിഭ്രാന്തികളുടെ നിലയ്ക്കാത്ത 
ചോരപ്പുഴയിൽ നീന്തിത്തുടിച്ചു 
ഉന്മൂലനസിദ്ധാന്തം 
രചിക്കുന്ന  ഞങ്ങളെ കാണാൻ ...

അങ്ങു  വിഭാവനം ചെയ്ത 
ഭാരതത്തിന്റെ അത്മായ ഗ്രാമങ്ങൾ
പ്രഹേളികയുടെ തമോഗർത്തങ്ങളിൽ 
പ്രാണനു വേണ്ടി പിടയുന്നത് കാണാൻ ...


അറ്റ്ലാന്റിക് തീരത്തിലൂടെ 
നഗ്നനായ് ചൂണ്ടയിട്ടു നടക്കുന്നവന്റെ 
അടുത്തു പണയം വെച്ച 
പിൻഗാമികളുടെ തലച്ചോറ് വീണ്ടെടുക്കാൻ ...


ജഠരാഗ്നിയാളി കത്തി 
ചത്തൊടുങ്ങിയവന്റെ
ചീഞ്ഞളിഞ്ഞ മാംസം കൊത്തി തിന്നുന്ന 
ശവംത്തീനികളെ കാണാൻ ...


ബാക്കിയായ 
അമ്മയുടെ താളഭംഗം വന്ന ഹൃദയം കൂടി 
പിഴുതെടുക്കാൻ ഒരുമ്പെടുന്ന 
അന്ധരായ മക്കളെ കാണാൻ 

അങ്ങു  വന്നാലും 
ഇവരെ ഒരിക്കലും കാണാതെ പോകട്ടെ ...
പെങ്ങളുടെ മടിക്കുത്തഴിച്ചവനെ 
മകളിൽ ജീവന്റെ വിത്ത് പാകിയവനെ 
സഹജന്റെ ജീവൻ 
അവനറിയാതെ അറുത്തു മാറ്റിയവനെ...

ബാപ്പുജീ, 
അങ്ങു വരാതിരിക്കുന്നതാണ് നല്ലത് ...
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ചെറിഞ്ഞു
സ്വാതന്ത്ര്യ പീയൂഷം 
വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ 
അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
വേണ്ട ബാപ്പുജീ, അങ്ങു  വരേണ്ടാ..!
ഒരിക്കലും ...

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

പലതരം മണ്ണുകൾ

ജീവ ബീജത്തിൻറെ
ഉറവിടം കുടിയിരിക്കുന്ന
മണ്ണിന്റെ ഹൃദയം കണ്ടവരുണ്ടോ?
ചില മണ്ണ് !
സ്നേഹമന്ത്രണം ചെയ്ത വിത്തുകളെ
മാറോടു ചേർത്തു പുൽകും
എന്നിട്ട്,ആത്മാവ് പകുത്തു നൽകി മുളപ്പിക്കും
കനിവിന്റെ ഉർവ്വരതയിൽ മുളക്കുന്ന വിത്തുകൾ
തളിരിടും, പൂവിടും, സുരഭിലമാകും
ചില മണ്ണുണ്ട് !
ഊഷരമായവ, ഹൃദയം തൊണ്ടായവ
തളിരിടില്ല, പൂക്കില്ല, കായ്ക്കില്ല
കാരണം
അവയ്ക്ക് വിത്തുകളന്യമാണ്
പകുത്തു നൽകാൻ ആത്മാവില്ല
ഇനിയുമുണ്ട് മണ്ണ് ..!
ഘോര വനാന്തരങ്ങൾ
സിംഹ ഗർജ്ജനങ്ങൾ
അശാന്തി വിതക്കുന്ന നരിച്ചീറുകൾ
വീഴുന്ന ശവം നോക്കി,
വട്ടമിട്ടു പറക്കുന്ന കഴുകന്മാർ
അലയടിക്കുന്ന നിഗൂഢ സംഗീതം
ജീവന്റെ അവസാന കണികയും,
വിട്ടു പോകുമ്പോളുള്ള മാനിന്റെ രോദനം
അപശ്രുതിയാണവിടെ...
അതിന്റെ ജീവന് വേണ്ടിയുള്ള
അവസാനത്തെ പിടച്ചിൽ,
നിഷേധിയുടെതാണെന്നാണ്
പുതിയ മതം ...
ശാന്തിയന്യോഷിച്ച മിന്നാമിനുങ്ങ്
ചെന്നെത്തിയത്,
കത്തുന്ന വിളക്കിന്റെ അടുത്തായിരുന്നു
വിളക്കതിനെ മാറോടണച്ചു ...

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ജീവിത പ്രയാണം

ശൈശവം

അന്ധകാരത്തിനിരുൾപ്പരപ്പിൽ നിന്നും
അദ്ഭുതം കൂറി ഞാൻ വന്നു പാരിൽ
പൊൻപ്രഭ കണ്ടങ്ങടുത്തിടും പാറ്റ പോൽ
കൌതുകാൽ ചുറ്റിലും കണ്ണഞ്ചി ഞാൻ
ആദ്യം നുകർന്നോരമ്മിഞ്ഞ തൻ മാധുര്യ-
ബാന്ധവത്താലെന്നെയമ്മ തളച്ചിദം
വർണ്ണങ്ങളെമ്പാടും വാരി വിതറിയീ
വസുന്ധരയും വശീകരിച്ചീവിധം


ബാല്യം

ആർത്തിയാൽ ചുറ്റിലും കൌതുകം പൂണ്ടൊരാ
ശൈശവം ബാല്യത്തിൻ കൈയ്യിലെത്തി
ഇരുൾ വീണ ലോകത്തിൻ നെറുകയിൽ കത്തുന്ന
ദിവ്യവിളക്കായ പൊന്നു ബാല്യം
നിറമെഴും മഞ്ജു മഴവിൽ ചിറകാലെ
പുഷ്പപതംഗമായ് മാറി ബാല്യം
ഒത്തിരിയൊത്തിരിയോമൽക്കിനാക്കളെ
വിട്ടേച്ചു യൗവന വാടിയെത്തി


യൗവനം

മോഹങ്ങളും കുറെ മോഹഭംഗങ്ങളും
താരുണ്യം തന്നുടെ തോളിലേന്തി
അഗ്നി സ്ഫുരിക്കുന്ന വാക്കുകൾ,നോക്കുകൾ
മിഴിവാർന്ന നിനവിന്റെ പരിശോഭകൾ
പ്രണയം കുരുക്കുന്ന യൗവന വാടികൾ
പ്രത്യാശയേകിടും വാർമഴവില്ലുകൾ
പരിരംഭണത്തിൻ അനുഭൂതി വീചികൾ
പരിദേവനത്തിൻ കരിമുഖിൽ മാലകൾ

വാർദ്ധക്യം
ഓർമ്മകൾ പൂക്കുന്ന സായന്തനത്തിൽ ഞാൻ
ചേക്കേറി വീണ്ടുമാ പിന്നിട്ട ശൈശവം
ഇരുൾ മൂടി കാഴ്ചകൾ,അവ്യക്ത കേൾവികൾ
വേച്ചുവേച്ചങ്ങനെ,വീണുമെഴുന്നേറ്റും
ആത്മവിചാരങ്ങൾക്കായുള്ള സമയമായ്
പൊയ്പ്പോയ കാലമതെന്തു നേടി ..?
അങ്ങനെയൊത്തിരി ചിന്തിച്ചിരിക്കവേ
മൃത്യുവിൻ പാദസ്വനങ്ങളടുക്കുന്നു...

2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി


പ്രിയപ്പെട്ട മിലാന ,
ഞാന്‍ പറയാതെ പറയാന്‍ ശ്രമിക്കുന്ന പതറുന്ന വാക്കുകളാണിത് .കാണാതെ കാണാന്‍ ശ്രമിക്കുന്ന അവ്യക്ത ചിത്രങ്ങളാണിത് .ആയുസ്സിന്റെ ശുഷ്ക്കിച്ച വടവൃക്ഷത്തില്‍ നിന്നും, വര്‍ഷങ്ങളാകുന്ന ഇലകള്‍ എത്രയോ കൊഴിഞ്ഞു പോയി .ഇന്നും,മനസ്സിന്റെ കോണില്‍ മായാതെ,മറയാതെ ലില്ലിപ്പൂക്കളുടെ അനന്ത താഴ്വാരം ഇളകിയാടുന്നു .അതില്‍ നിന്നും വരുന്ന നൊമ്പരപ്പൂക്കളുടെ ആര്‍ത്തനാദങ്ങള്‍, മനസ്സിന്റെ താഴ്വാരങ്ങളില്‍ ദുഃഖത്തിന്റെ കല്ലോലിനികള്‍ സൃഷ്ടിക്കുന്നു.

മഞ്ഞുറഞ്ഞ, ലിത്വാനിയയിലെ , മലനിരകളെ തഴുകി തലോടി വരുന്ന കാറ്റ് ലില്ലിപ്പൂക്കളെ ഉമ്മ വെക്കുമ്പോള്‍, ആ പൂക്കളില്‍ നിന്നുതിരുന്ന മാദക സൌരഭ്യം, ചുണ്ടില്‍ ചാര്‍ത്തിയുള്ള നിന്റെ മധുമന്ദഹാസം...സമുദ്രനീല നയനങ്ങള്‍...ലില്ലിപ്പൂവിന്റെ ഇതള്‍പ്പോലെയുള്ള മൃദുലമായ മൂക്ക്...കാപ്പി നിറമുള്ള മുടി...പിങ്ക് നിറമുള്ള മുഖം ...സൗന്ദര്യത്തിനു മറ്റൊരു ഉദാഹരണം ഞാന്‍ കണ്ടെത്തണോ ?
എല്ലാമെല്ലാം ഓര്‍മ്മയുടെ നിധികുംഭങ്ങളില്‍ സുഭദ്രമെങ്കിലും, ഇനിയൊരിക്കലും പൊടി തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.നഷ്ടവസന്തങ്ങള്‍ ..!അങ്ങനെ പറയാന്‍ പറ്റുമോ മിലാന? ഊഷരമായ എന്റെ മരുക്കാഴ്ച്കളിലേക്ക് പെയ്തിറങ്ങിയ വസന്തമായിരുന്നോ നീ ? ഒരിക്കലുമല്ല.മുറിവുകളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങുമ്പോഴുള്ള നിലക്കാത്ത നോവായിരുന്നു എനിക്ക് നീ! രാത്രിയുടെ ഏകാന്തതയിലിരുന്നു കരയുന്ന കാതരയായ പക്ഷിയായിരുന്നു നീ.നിന്നില്‍ എരിഞ്ഞിരുന്ന ദുഃഖത്തിന്റെ തീച്ചൂളകള്‍, എന്റെ ഹൃദയത്തില്‍ പുനര്‍ജനി നേടുകയായിരുന്നു.
മരുഭൂമിയിലെ ആദ്യ നാളുകള്‍...വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഡെസ്ക്ടോപ്പ് ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് നമ്മള്‍ കണ്ടു മുട്ടാന്‍ ഇടയായതും .പതിയെ വളര്‍ന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധിതമായതും .പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും നീ കൈക്കലാക്കി .നിന്നെ എനിക്ക് അത്ര വിശ്വാസമായിരുന്നല്ലോ..!
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍ മൊബൈല്‍ സന്ദേശങ്ങള്‍ ....വിലക്കിയിരുന്നു നിന്നെ ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍...നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .....നിനക്ക് നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോളൊക്കെ നീ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു നിന്റെ വേവലാതി മുഴുവന്‍ ....ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ....
ലില്ലിത്താഴ്വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു നീ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന ...പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന .....അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്;നിന്നെക്കുറിച്ച് ഒരു നീണ്ട കവിത എഴുതണമെന്നു പറഞ്ഞിരുന്നല്ലോ ?ക്ഷമിക്കണം .എനിക്കതിനു ഒരിക്കലും കഴിയില്ല...നീ എന്നും ഒരു എഴുതാത്ത കവിതയായി അവശേഷിക്കും .....അവശേഷിക്കും ഓര്‍മ്മകളില്‍ ......ഓര്‍മ്മകളില്‍..ഓര്മ്മകളുടെ ശാദ്വല തീരങ്ങളില്‍ നിത്യശ്യാമളമാകുന്ന സൌഹൃദപ്പൊന്‍പ്പൂക്കള്‍..
എല്ലാം പറഞ്ഞിരുന്നു നീ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ ..അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളര്‍ന്നത് . ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയിലെ ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ചോര്‍ന്നപ്പോള്‍ ,വളരെയേറെ കിലോമീറ്ററുകള്‍ക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു ...ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു ....അങ്ങനെ വീണ്ടും രണ്ടാം ജന്മത്തിലേക്കു ....പപ്പ റഷ്യന്‍പ്പട്ടാളത്തില്‍ നിന്നും പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .....അങ്ങനെയങ്ങനെ .....എല്ലാം പറഞ്ഞിരുന്നു നീ .
വികലമായ എന്റെ ഇംഗ്ലീഷില്‍ ,എത്ര കുഞ്ഞു കവിതകള്‍ നീ എഴുതിച്ചു.ലില്ലിപ്പൂക്കളെപ്പോലെ കവിതയും നിനക്ക് അത്രയേറെ ഇഷ്ടമായിരുന്നു .ഇപ്പോളും നിന്റെ ഇ മെയില്‍ ആശംസാവാചകം എന്റെ കവിത തന്നെയല്ലേ .!
ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും മരണത്തെക്കുറിച്ചും നിരന്തരം ചിന്തിച്ചിരുന്നു നീ!നിന്റെ ഉന്മാദംപ്പിടിച്ച മനസ്സിനെ ഞാന്‍ പലപ്പോഴും ഭയപ്പെട്ടിരുന്നു.മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പ് !അതിന്റെ മഹത്വം പറഞ്ഞറിയിക്കാന്‍ പറ്റില്ല.അതായിരുന്നോ ഞാന്‍?അറിയില്ല.നിനക്ക് ഞാന്‍ ഒരു വലിയ ആശ്വാസമാണെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് നീ . മരണം വരെ ഓര്‍ക്കാന്‍ കൊതിക്കുന്ന മൂന്നു മുഖങ്ങളില്‍ ഒന്ന് എന്റെതാണെന്നു ആണയിട്ടിട്ടുണ്ട്.മറ്റേത് ,പപ്പയും മമ്മിയും .ശരിയായിരിക്കാം .കാരണം ,നിനക്ക് ഒന്നും മറച്ചു വെക്കാന്‍ വയ്യല്ലോ .!അതുക്കൊണ്ടാണല്ലോ നിന്റെ ദുഃഖഹേതു മുഴുവന്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചത് ...എന്നിട്ട് ,ഒരു കുഞ്ഞിനെപ്പോലെ വാവിട്ട്‌ കരഞ്ഞത് ....
ഹൃദയചലനങ്ങള്‍ ദുര്ബലമായി മരണം കാത്തുക്കിടക്കുന്ന പപ്പ.ആസ്തമയുടെ വിമ്മിഷ്ടവും പേറി നടക്കുന്ന മമ്മി.എനിക്കറിയാവുന്ന തത്വശാസ്ത്രങ്ങളും ചിന്തകളുംക്കൊണ്ട് എന്ത് മാത്രം ഞാന്‍ നിന്നെ ആശ്വസിപ്പിച്ചിരുന്നു .അങ്ങനെ നിനക്ക് ഞാനൊരു സാന്ത്വനമായി മാറുകയായിരുന്നോ ?എന്റെ സാമീപ്യം സദാ നീ ഇഷ്ടപ്പെടാന്‍ തുടങ്ങിയോ ?സൌഹൃതത്തിന്റെ അപ്പുറത്തേക്ക് അത് വളരാന്‍ തുടങ്ങിയോ ? അറിയില്ല .നിന്റെ വരികള്‍ക്കിടയില്‍ നിന്നും ഞാന്‍ അങ്ങനെയാണ് വായിച്ചെടുത്തത്....വാക്കുകള്‍ക്കിടയില്‍ കുരുങ്ങിക്കിടന്ന കനത്ത മൌനം അതായിരുന്നോ?കണ്‍ക്കോണുകളില്‍ക്കണ്ട മിന്നലാട്ടങ്ങള്‍ അതായിരുന്നോ ? അതും അറിയില്ല ..
ഓര്‍മ്മപ്പെടുത്തിയിരുന്നു പലപ്പോളും ഞാന്‍ ..എന്നെക്കുറിച്ച് ...കുടുംബത്തെക്കുറിച്ച്‌ ......എല്ലാമെല്ലാം ...
പക്ഷേ,അപ്പോളൊക്കെ നീ പറയുമായിരുന്നു;എനിക്ക് വട്ടാണെന്നും ,നിന്നെക്കുറിച്ചു ഒരിക്കലും പേടിക്കേണ്ടതിലെന്നും,എന്റെ കുടുംബജീവിതത്തില്‍ ഒരിക്കലും ഒരു അപശ്രുതിയായി കടന്നു വരില്ലെന്നും ...ജീവിതത്തില്‍ ഒരിക്കലും മറക്കാനോ പിരിയാനോ ആഗ്രഹിക്കാത്ത സുഹൃത്താണ് ഞാന്‍ എന്നൊക്കെ ...അങ്ങനെയങ്ങനെ ......

ഗൂഗിള്‍ എര്ത്തിലൂടെ കേരളം കണ്ട നീ ,മരണത്തിനു മുമ്പ് ഒരിക്കലെങ്കിലും കേരളം കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .....ഞാന്‍ ലിത്വാനിയ കാണണമെന്ന് നിര്ബന്ധം പിടിച്ചിരുന്നു ...അടങ്ങാത്ത ആഗ്രഹങ്ങളുടെ പ്രവാഹങ്ങള്‍ .....ഒരു കൊച്ചു കുട്ടിയുടെ അടങ്ങാത്ത കുറെ മോഹങ്ങള്‍...
പപ്പ മരിച്ച രാത്രി വന്ന സന്ദേശം ഞാന്‍ ഇപ്പോളും ഓര്ക്കുന്നു ... ‘ മിലാന സ്നേഹിക്കുന്ന മൂന്നു ആളുകളില്‍ ഒരാള്‍ മറഞ്ഞു പോയിരിക്കുന്നു ‘ .നിന്നെ നന്നായി അറിയുന്ന എനിക്ക് ആ ദുഃഖം താങ്ങാന്‍ കഴിയുമായിരുന്നില്ല .അല്ലെങ്കിലും എന്നില്‍ നീ ഒരു ദുഃഖത്തിന്റെ പര്‍വ്വതമായി എന്നേ വളര്ന്നതാണ് .പലപ്പോളും ഒരു കൊച്ചു കുട്ടിയായി കരയുന്ന നിന്നെ സാന്ത്വനിപ്പിക്കാനുള്ള വാക്കുകള്‍ തേടി ഞാന്‍ അലഞ്ഞിട്ടുണ്ട് .
മറ്റൊരിക്കല്‍ താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു .അതിന്റെ ഭാരം താങ്ങാനാകാതെ ഇപ്പോളും എന്റെ കാലുകള്‍ പതറുന്നു ...എന്നോട് പറയാന്‍ ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു നീ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ..! വര്ഷങ്ങളായി ശരീരം കാര്ന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം ......
ദൈവമേ ....ഞാനെന്താണ് കേട്ടത് ......ഒരു പൂത്തുമ്പിയായി ലില്ലിത്താഴ്വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .........ഇതൊന്നും കേള്ക്കാനുള്ള കരുത്തു എനിക്കില്ലെന്ന് അറിയില്ലേ നിനക്ക് ?..അസ്തപ്രജ്ഞനായി ഞാന്‍ ...ഉറങ്ങാത്ത രാത്രികള്‍ ....ഉണര്‍വില്‍ അനുഭവിക്കുന്ന തീവ്രവേദനകല്‍ ...വയ്യ ...താങ്ങാന്‍ വയ്യ ....
എന്റെ നല്ല ഉപദേശങ്ങളിലൂടെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിച്ചവളല്ലേ നീ ...ലില്ലിപ്പൂക്കളെ സ്നേഹിക്കുന്ന ....പൂമ്പാറ്റകളെ സ്നേഹിക്കുന്ന ......വയ്യെനിക്ക്‌ ....വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു ....
മിലാന , യൂറോപ്പിലെ സ്ത്രീകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന അബദ്ധധാരണകല്‍ തിരുത്തിയവളാണ് നീ .ഞാന്‍ കണ്ട നല്ല സ്ത്രീകളുടെ കൂട്ടത്തിലാണ് നിന്റെ സ്ഥാനം .മറക്കാന്‍ കഴിയാത്ത മുഖം .
ഒരിക്കല്‍ നീ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചതല്ലേ ,എന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു .അതെ .തുടരുന്നു ...ഞാന്‍ പുണ്യവാളനല്ല .പക്ഷേ,നല്ലവനാണ് .പുരോഹിതനല്ല .പക്ഷേ ,ദൈവവിശ്വാസിയാണ് ....എന്നെ വിശ്വസിക്കാം നിനക്ക് ....പ്രാര്ത്ഥന തുടരുന്നു .....
മിലാന ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് ദുഃഖമേ തരുന്നുള്ളൂ ....നിന്നെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ തീര്ന്നു പോയി .ഹൃദയം ശൂന്യം ...അന്ധകാരമയം ....എനിക്ക് എന്നെത്തന്നെ തിരയേണ്ടിയിരിക്കുന്നു ...നിന്റെ ദുഃഖം എന്നിലൂടെ ആളിക്കത്തുമ്പോള്‍ ....വയ്യ ....വയ്യ ....താങ്ങാന്‍ വയ്യ .....
നിന്നെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും ഉണ്ടാകും .ആ നീല നയനങ്ങളിലെ വറ്റാത്ത പ്രാകാശം ..ഒളിഞ്ഞിരിക്കുന്ന ദയനീയത ....മരണമെന്ന വേട്ടക്കാരന്റെ മുന്നിലെ വെള്ളരിപ്രാവ്‌ .....
മിലാന ,എന്നോട് ക്ഷമിക്കൂ ...പലപ്പോളും ഞാന്‍ സൂചിപ്പിച്ചിരുന്നു ....ഇപ്പോള്‍ ...ഇതാ ..ഈ ബന്ധം ഓര്മ്മകളിലേക്ക് .....മൊബൈല്‍ നമ്പര്‍ ഞാനിതാ ക്യാന്‍സല്‍ ചെയ്യുന്നു ...ഇനി എന്റെ ഇ മെയില്‍ പ്രതീക്ഷിക്കരുത് ....നിന്റെ ഫോട്ടോകളും ,നീ അയച്ച ക്രിസ്തുമസ് കാര്ഡുകളും, ഒന്നുമൊന്നും എനിക്ക് വേണ്ട .....ക്രൂരനല്ല ഞാന്‍ ...അറിയാലോ എന്നെ ..വയ്യ ...
എന്റെ ഫോട്ടോ നീ ഡിലീറ്റ് ചെയില്ല എന്നറിയാം ..വേണ്ട .നിന്നെ എനിക്ക് അത്ര വിശ്വാസമാണ് ...
ഇന്ന് ....മിലാന , നീ ജീവിച്ചിരിക്കുന്നുണ്ടോ ...?!
നീയില്ലാത്ത ലോകമാണോ ഈ കറങ്ങിക്കൊണ്ടിരിക്കുന്നത് ...?
അറിയില്ല ...അറിയണമെങ്കില്‍ ഒരു മിസ്ഡ് കോള്‍ ,അല്ലെങ്കില്‍ ഒരു സന്ദേശം .അത്രേ വേണ്ടൂ ...നിന്റെ രണ്ടു മൊബൈല്‍ നമ്പരുകളും ഇപ്പോളും മുന്നിലിരിക്കുന്നു ..പക്ഷേ, വേണ്ട ...വേണ്ട ..വയ്യ ...ഇനിയും താങ്ങാന്‍ വയ്യ ...

ഇപ്പോള്‍ ...രാത്രിയില്‍, ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്ത്തുന്നു ...കാറ്റ് കൊണ്ട് വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു ....
ഓര്‍മ്മകളേ ....ഇനിയെങ്കിലും വിശ്രമിക്കൂ .....
സസ്നേഹം ,
നിന്റെ കൂട്ടുകാരന്‍

 ormmakkurippukal